cyclone-

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. നിലവിൽ ശ്രീലങ്കയ്ക്ക് അടുത്തു സ്ഥിതി ചെയ്യുന്ന ‘ബുറെവി’ ചുഴലിക്കാറ്റ് വെള്ളിയാഴ്‌ച പുലര്‍ച്ചയോടെ കന്യാകുമാരി തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിന്റെ തെക്കൻ ജില്ലകളില്‍ അതി തീവ്രമഴക്ക് സാദ്ധ്യതയുണ്ടെന്നും കനത്ത ജാഗ്രത പാലക്കണമെന്നും കാലാവസ്ഥ വിദ‌ഗ്‌ദ്ധർ മുന്നറിയിപ്പ് നൽകി.

കന്യാകുമാരിക്ക് 860 കിലോമീറ്റര്‍ അകലെയായാണ് അതിതീവ്ര ന്യൂനമര്‍ദം ഇപ്പോൾ നിലകൊള്ളുന്നത്. ഇത് ചുഴലിക്കാറ്റായി രൂപപ്പെട്ട് നാളെ വൈകിട്ടോടെ ശ്രീലങ്കന്‍ തീരം തൊടും. വെള്ളിയാഴ്ച പുലര്‍ച്ചയോടെ കന്യാകുമാരി തീരം തൊടുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.95 കിലോമീറ്റര്‍ വരെ വേഗതയിൽ കാറ്റുവീശാനും കടല്‍ക്ഷോഭത്തിനും സാദ്ധ്യതയുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് ‌വരും ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്രമായ സാദ്ധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചുഴലിക്കാറ്റിന്റെ സാദ്ധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ മത്സബന്ധനം പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലിൽ പോകരുതെന്നും അധികൃതർ അറിയിച്ചു. നിലവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തിച്ചേരണമെന്നും നിർദ്ദേശമുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.