pic

ബീജിംഗ്‌: ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും മണ്ണും പാറ കഷ്ണങ്ങളും ശേഖരിക്കുന്നതിനായി ചെെന വിക്ഷേപിച്ച ചാങ്ങ്-ഇ 5 ആളില്ലാ ബഹിരാകാശ വാഹനം വിജയകരമായി ലാന്റ് ചെയ്‌തു. ഇതോടെ ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമെന്ന പദവി നേടുകയാണ് ചെെന.


അടുത്ത ദിവസം തന്നെ ചന്ദ്രനിൽ നിന്നും ചാങ്-ഇ 5 സാംപിളുകൾ ശേഖരിക്കാൻ തുടങ്ങും. രണ്ട് കിലോയോളം പാറ കഷ്ണങ്ങളും മണ്ണും ശേഖരിക്കാനാണ് ചെെനയുടെ ശ്രമം. ചന്ദ്രനിൽ നിന്നും ശേഖരിക്കുന്ന പാറ കഷ്ണങ്ങളുമായി ഈ മാസം അവസാനത്തോടെ ഭൂമിയിലേക്ക് അയയ്ക്കും. ഓഷ്യനസ് പ്രോസെല്ലറം എന്നറിയപ്പെടുന്ന ചന്ദ്രന്റെ അഗ്നിപർവ്വത സമുച്ചയമായ മോൺസ് റോംക്കറെ ലക്ഷ്യം വച്ചാണ് ചെെന ചാങ്ങ്-ഇ5 വിക്ഷേപിച്ചത്.

അതേസമയം ചെെനയുടെ ഉദ്യമത്തിന് യു.എസ് ബഹിരാകാശ ഏജൻസി നാസ ആശംസകളറിയിച്ചു. ചന്ദ്രനിൽ നിന്നും ശേഖരിച്ച സാംപിളുകൾ ഭൂമിയിലേക്ക് മടങ്ങിയെത്തുമ്പോൾ, അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന് ചന്ദ്രനെ കുറിച്ച് പഠിക്കാൻ ഇത് പ്രയോജനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാസയുടെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. തോമസ് സുർ‌ബുചെൻ പറഞ്ഞു.