
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ ശ്രീലങ്കൻ തീരം കടക്കും. ശ്രീലങ്കൻ തീരത്ത് കാറ്റിന്റെ പരമാവധി വേഗം 75 മുതൽ 85 കിലോമീറ്റർ വരെയായിരിക്കും. ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലർച്ചെയോടെ കന്യാകുമാരി വഴി തെക്കൻ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കും.
ചുഴലിക്കാറ്റിന്റെ ഗതി ഇതുവരെ പൂർണമായി നിർണയിക്കാനായിട്ടില്ലെങ്കിലും കേരളത്തിൽ കനത്തമഴയും ശക്തമായ കാറ്റുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്ത് കാറ്റ് ആഞ്ഞടിച്ചില്ലെങ്കിൽ തെക്കൻ കേരളത്തിലും കന്യാകുമാരി ജില്ലയിലും ചുഴലിക്കാറ്റുണ്ടാകാനും സാദ്ധ്യതയുണ്ട്. അതേസമയം ശ്രീലങ്കയിൽ കാറ്റ് ശക്തമായാൽ ഇന്ത്യൻ തീരത്ത് എത്തുമ്പോഴേക്കും ശക്തി കുറയും.
ചുഴലിക്കാറ്റിന്റെ ഫലമായി കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ മൂന്നര മീറ്ററോളം ഉയരാൻ സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ചും, നാളെ റെഡ് അലർട്ടും പ്രഖ്യാപിച്ചു. പാലക്കാട് വരെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോയും നാളെ ഓറഞ്ച് അലർട്ടുമുണ്ട്.