ramayan-cruise-service

ലഖ്‌നൗ: അയോദ്ധ്യ സന്ദർശിക്കുന്നവർക്ക് സരയു നദിയിലൂടെ ആഡംബര നൗക സർവീസ് സൗകര്യം ഒരുക്കാൻ കേന്ദ്രസർക്കാർ പദ്ധതി. 'രാമായൺ ക്രൂയിസ് സർവീസ്' എന്നു പേരിട്ടിരിക്കുന്ന ഈ സൗകര്യത്തിലൂടെ നഗരത്തിലെ വിവിധ ഘട്ടുകൾ കാണാൻ സന്ദർ‌ശക‌ർക്ക് സാധിക്കും.

സരയു നദിയിലൂടെ 'രാമായൺ ക്രൂയിസ് ടൂർ' ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്‌തു. സരയു നദിയിലെ ആദ്യ ആഡംബര നൗക സർവീസ് ആയിരിക്കും ഇതെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ വിധ ആഡംബര സൗകര്യങ്ങളും രാജ്യാന്തര നിലവാരത്തിലുളള സുരക്ഷാ സംവിധാനങ്ങളും ആഡംബര നൗകയിലുണ്ടാകും.

ഘട്ടുകളുടെ സൗന്ദര്യം ആസ്വദിക്കാനുളള സൗകര്യത്തിന് ചില്ല് ജനാലകളാകും നൗകയിലുണ്ടാവുക. യാത്രക്കാർക്ക് ഭക്ഷണം നൽകാനുളള പാൻട്രി സൗകര്യവും നൗകയ്‌ക്ക് ഉളളിലുണ്ടാകും. കൂടാതെ ബയോ ടോയ്‌ലെറ്റ് സൗകര്യവുമുണ്ടാകുമെന്ന് തുറമുഖ മന്ത്രാലയം വ്യക്തമാക്കി.

Jai Shri Ram🙏

‘Ramayan Cruise Service’ to start soon on Saryu River, Ayodhya

India's 1st luxury cruise service on Saryu river will give a mesmerizing glimpse of our culture, religion & history to national & international audiencehttps://t.co/cOwtheqez6 pic.twitter.com/uA8dxuRM54

— Mansukh Mandaviya (@mansukhmandviya) December 1, 2020

നൗകയ്‌ക്കുളളിൽ യാത്രക്കാർക്കായി രാമായണ കഥയെ അടിസ്ഥാനമാക്കിയ സിനിമകളും അനിമേഷനുകളും പ്രദർശിപ്പിക്കും. 15-16 കിലോമീറ്റർ ദൂരമാണ് നൗകയിൽ സഞ്ചരിക്കാനാവുക. രാമായണത്തിലെ സന്ദർഭങ്ങളെ അടിസ്ഥാനപ്പെടുത്തിയ സെൽഫി പോയിന്റുകളും ഒരുക്കും.

'രാമചരിതമാനസി'നെ അടിസ്ഥാനമാക്കിയാകും നൗകയുടെ ഉൾഭാഗവും ബോർഡിംഗ് പോയിന്റും സജ്ജീകരിക്കുക. ഒന്നു മുതൽ ഒന്നര മണിക്കൂർ വരെയായിരിക്കും സർവീസിന്റെ ദൈർഘ്യം.പൂർണമായും എയർ കണ്ടീഷൻ ചെയ്‌ത നൗകയിൽ 80 സീറ്റുകളാകും ഉണ്ടാവുക.