
ബെയ്ജിംഗ്: ചന്ദ്രനിൽ നിന്നുളള പദാർത്ഥങ്ങൾ ശേഖരിക്കാൻ ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകമായ ചംഗ്അ 5 ചന്ദ്രനിൽ ലാൻഡ് ചെയ്തു. നവംബർ 24നാണ് ചൈന ചംഗ്അ 5 വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുളള പഠനത്തിന്റെ ഭാഗമായാണ് അവിടെ നിന്നുളള പദാർത്ഥങ്ങൾ ശേഖരിക്കുന്നത്.
ഓഷ്യാനസ് പ്രോസെല്ലറം അഥവാ ഓഷ്യൻ ഓഫ് സ്റ്റോംസ് എന്നറിയപ്പെടുന്ന ചന്ദ്രനിലെ ലാവാ സമതലത്തിൽ മനുഷ്യ സ്പർശം ഏൽക്കാത്ത ഇടത്തുനിന്നാണ് പദാർത്ഥങ്ങൾ ശേഖരിക്കുന്നത്. രണ്ട് കിലോയോളം പദാർത്ഥങ്ങൾ ശേഖരിക്കാനാണ് ദൗത്യം ലക്ഷ്യമിടുന്നത്.
ദൗത്യം വിജയകരമായി പൂർത്തീകരിക്കാനാവുകയാണെങ്കിൽ സോവിയറ്റ് യൂണിയനും അമേരിക്കക്കും ശേഷം ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. ലാൻഡിംഗിന് ശേഷം പാറ തുരന്ന് പദാർത്ഥങ്ങൾ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരിച്ച് ഭൂമിയിലേക്ക് മടങ്ങുന്ന ക്യാപ്സൂളിലായിരിക്കും ശേഖരിക്കുന്ന പദാർത്ഥങ്ങൾ സൂക്ഷിക്കുന്നത്. ചൈനയിലെ മംഗോളിയ മേഖലയിലായിരിക്കും ഇത് ലാൻഡ് ചെയ്യുക.
2013ലാണ് ചൈന ആദ്യ ചാന്ദ്രപര്യവേക്ഷണം നടത്തിയത്. പുരാതന ചൈനക്കാർക്ക് ചന്ദ്രൻ ചംഗ്അ എന്ന ദേവതയാണ്. പലരും ചംഗ്അയെ ആരാധിക്കുന്നുണ്ട്. അതിനാലാണ് ചന്ദ്രനിൽ നിന്നുളള കല്ലുകളും മറ്റു പദാർത്ഥങ്ങളും ശേഖരിക്കാൻ ചൈന അയച്ച ദൗത്യത്തിന് ചംഗ്അ എന്നു പേരിട്ടത്.