
ഗായികമാരായ നടിമാർ അധികമൊന്നുമില്ല.എന്നാൽ ഉള്ളവരാകട്ടെ മിടുമിടുക്കികളും.സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിൽ മഞ്ജു വാര്യർ പാടിയ 'കിം കിം കിം' എന്ന ഗാനം തരംഗമാവുകയാണ്
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ 'കിം കിം കിം' എന്ന ഗാനമാണ് ഇപ്പോൾ തരംഗം.വലിയവർ മുതൽ കുഞ്ഞുക്കുട്ടികൾ വരെയുള്ളവരുടെ ചുണ്ടുകളിൽ ഇപ്പോൾ കിം കിം കിം ഗാനമാണ്. ഏറെ വർഷങ്ങൾക്ക് ശേഷം മഞ്ജു പാടിയപ്പോൾ പ്രേക്ഷകർ അത് ഹൃദയത്തിൽ ഏറ്റുവാങ്ങി. സന്തോഷ് ശിവൻ സംവിധാനം നിർവഹിച്ച ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലെയാണ് കിം കിം കിം എന്നു തുടങ്ങുന്ന ഗാനം. . ഗാനം ഇപ്പോൾ യൂട്യൂബിൽ ഹിറ്റാണ്. ബി .കെ ഹരിനാരായണന്റെ വരികൾക്ക് റാം സുരേന്ദ്രൻ സംഗീതം നൽകിയത്. തനിക്ക് അഭിനയിക്കാൻ മാത്രമല്ല അസ്സലായി പാടാനും കഴിയുമെന്ന് വർഷങ്ങൾക്ക് മുൻപ് കണ്ണെഴുതി പൊട്ടുതൊട്ടിലെ ''ചെമ്പഴുക്കാ ...ചെമ്പഴുക്കാ ... ..'' എന്ന ഗാനത്തിലൂടെ മഞ്ജു തെളിയിച്ചിട്ടുണ്ട്. സാക്ഷാൽ ഗാനഗന്ധർവ്വനൊപ്പം മഞ്ജു അന്ന് പാടിയ ഗാനം ഇന്നും പ്രേക്ഷകർ മൂളുന്നു. മഞ്ജുവിന്റെ ചിരിയും കൊഞ്ചലുമല്ലാം ഗാനത്തിൽ ചേർക്കുമ്പോൾ ഗാനങ്ങൾ കൂടുതൽ മനോഹരമാകുന്നു.ജോ ആൻഡ് ദി ബോയ് എന്ന ചിത്രത്തിൽ 'ഡോ ..ഡോ ...ഡോ..'' എന്ന ഗാനവും മഞ്ജു ആലപിച്ചിട്ടുണ്ട്.
ഡാഡി മമ്മി വീട്ടിൽ ഇല്ല .... മംമ്ത
വില്ല് എന്ന തമിഴ് ചിത്രത്തിലെ ഡാഡി മമ്മി വീട്ടിൽ ഇല്ല എന്ന ഗാനം ഹിറ്റായതോടെയാണ് ആ ബോൾഡ് ശബ്ദത്തിന്റ ഉടമ ഇങ്ങ് മലയാള സിനിമയിലാണെന്ന് സിനിമാലോകം അറിഞ്ഞത്. മംമ്ത മോഹൻദാസ് തന്റെ പിന്നണി ഗാനരംഗം തുടങ്ങിയത് തെലുങ്കിലാണ്. തെന്നിന്ത്യയിൽ പാടി തഴക്കം വന്ന മംമ്ത മലയാളത്തിൽ ആൻവറിലെ ഗാനം പാടി അഭിനയിച്ചു. ''നിന്നെ കാണാൻ നിന്നെ കേൾക്കാൻ കാതോർക്കും ഞാൻ..'' ഗാനം മലയാളി പ്രേക്ഷകർ ഏറ്റെടുത്തു. പിന്നിടും മലയാളത്തിൽ നിരവധി ഗാനങ്ങൾക്ക് മംമ്ത ശബ്ദം നൽകി. ഇരവിൽ വിരിയും ...(അകലെ ),കറുപ്പാനാ കണ്ണെഴുകി (സോളോ )തുടങ്ങിയ ഗാനങ്ങൾ മംമ്ത മലയാളത്തിലും പാടി.
രമ്യ നമ്പീശന്റെ ബോൾഡ് പാട്ടുകൾ 
മലയാളത്തിൽ നാടൻ ലുക്കിലെത്തിയ രമ്യ നമ്പീശൻ തെന്നിന്ത്യ വരെ ഉയർന്നത് നിമിഷ നേരം കൊണ്ടായിരുന്നു.ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലെ ''ആണ്ടലോടെ...' എന്ന ഹിറ്റ്ഗാനം പാടിയാണ് രമ്യ നമ്പീശൻ ഗാനരംഗത്തേക്ക് ചുവടെടുത്തു വയ്ക്കുന്നത്. ബാച്ചിലർ പാർട്ടിയിലെ ''വിജനസുരഭി ..''എന്ന ഗാനം പാടി അഭിനയിച്ചു. പിന്നീട് മലയാളത്തിലെ ഹിറ്റ് ഗാനങ്ങൾക്ക് രമ്യയുടെ ശബ്ദമായി . അതിനു പുറമെ തമിഴിലും തെലുങ്കിലും രമ്യ പാടി. നടി പാടിയതിൽ തട്ടത്തിൻ മറയത്തിലെ ''മുത്തുച്ചിപ്പി പോലൊരു ..'' എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളികളുടെ ചുണ്ടുകളിൽ വിരിഞ്ഞു നിൽക്കുന്നുണ്ട്.
ഉമ്മച്ചി റാപ്പിൽ തുടങ്ങി നസ്രിയ
ബാലതാരമായി തിളങ്ങി മലയാള സിനിമയിൽ മുഖ്യധാരാ നായികമാർക്കൊപ്പം വളർന്ന നടിയാണ് നസ്രിയ. അഭിനയ മികവിൽ കൈയടി വാങ്ങുന്നതിനൊപ്പം തനിക്ക് പാടാനും അറിയാമെന്ന് താരം തെളിയിച്ചിട്ടുണ്ട്. വെറും നാലു പാട്ടാണ് പാടിയതെങ്കിലും ആ പാട്ടുകൾ ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതാണ്. സലാല മൊബൈൽസിലെ ''ലാ ..ലാ ...ലാസാ..'' എന്ന അടിപൊളി ഉമ്മച്ചി റാപ്പ് പാടിയാണ് നസ്രിയ പിന്നണി ഗാന രംഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് ബാംഗ്ലൂർ ഡെയ്‌സിൽ ''നിന്റെ കണ്ണിൽ നിനക്കായ്'' എന്ന മനോഹര ഗാനം ആലപിച്ചു. രണ്ടു പാട്ടുകളിലും താരം തന്നെയാണ് പാടി അഭിനയിച്ചത്. 2018 ൽ താരം നിർമാതാവായ വരത്തനിലെ രണ്ടു ഗാനങ്ങൾ ആലപിച്ചു.അതിൽ 'പുതിയൊരു പാതയിൽ' എന്ന ഗാനം ആലാപന ശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.