
തിരുവനന്തപുരം: വിവാദമായതിനെ തുടർന്ന് പിൻവലിച്ച സിംസ് പദ്ധതിയുമായി വീണ്ടും ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. സി എ ജി റിപ്പോർട്ടിനെ തുടർന്ന് നിലച്ച പദ്ധതിയാണ് ഡി ജി പി പൊടിതട്ടിയെടുക്കുന്നത്. ബാങ്കുകളിലും സഹകരണ സ്ഥാപനങ്ങളിലും സിംസ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡി ജി പി സർക്കുലർ അയച്ചു. ഡി ജി പി സഹകരണ രജിസ്ട്രാർക്ക് അയച്ച കത്തിന്റെ പകർപ്പ് ഇതിനോടകം പുറത്തായിട്ടുണ്ട്.
പൊലീസിലെ ക്രമക്കേടുകൾ തുറന്നു കാട്ടിയ സി എ ജി റിപ്പോർട്ടിനെ തുടർന്ന് നിലച്ച പദ്ധതിയാണ് സിംസ്. സ്വകാര്യ സ്ഥാപനങ്ങളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തിരുന്ന് നിരീക്ഷിക്കുന്ന പദ്ധതിയായിരുന്നു ഇത്. പൊലീസിന്റെ പേരിൽ ആരംഭിച്ച പദ്ധതിയുടെ ലാഭം കൊയ്യുന്നത് സ്വകാര്യ കമ്പനിയായ ഗ്യാലക്സോൺ ആണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
അനുമതി കൂടാതെ പ്രവേശനമില്ലാത്ത പൊലീസ് ആസ്ഥാനത്ത് സ്വകാര്യ കമ്പനി കൺട്രോൾ റൂം തുറന്നതും വിവാദമായിരുന്നു. ഇതോടെ കമ്പനിയുടെ തിരഞ്ഞെടുപ്പ് അടക്കമുളള കാര്യങ്ങൾ അന്വേഷിക്കുന്നതിനായി പദ്ധതി മരവിപ്പിച്ചിരുന്നു.
സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുളള ബാങ്കുകളും മറ്റ് സ്ഥാപനങ്ങളും പദ്ധതിയിൽ അംഗമാകണമെന്നാണ് ഡി ജി പിയുടെ ആവശ്യം. സഹകരണ വകുപ്പ് എല്ലാ സ്ഥാപനങ്ങളിലേക്കും ഇതു സംബന്ധിച്ച നിർദേശവും നൽകി. പദ്ധതി നടപ്പിലായാൽ സ്വകാര്യ കമ്പനിയായ ഗ്യാലക്സോണിന് ലക്ഷങ്ങളുടെ വരുമാനമുണ്ടാകും.
വ്യാപകമായ അഴിമതിയുടെ ഉദാഹരണമാണ് ഡി ജി പിയുടെ നീക്കമെന്നും സിംസ് പദ്ധതിയെ ശക്തമായി എതിർക്കുമെന്നും കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ പ്രതികരിച്ചു. സ്വകാര്യ കമ്പനിക്ക് ലാഭം കൊയ്യാൻ ഡി ജി പി ഇടനിലക്കാരനായി പ്രവർത്തിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.