
പാടവരമ്പത്തൂടെ നടന്നപ്പുറം ചെന്നാൽ പിന്നെയൊരു പുഴയാണ്. പുഴയ്ക്ക് പച്ച പ്ലാവില നിറമാണ്. മുകളിൽ ഒന്നോ രണ്ടോ വീടുകൾ. അവിടന്ന് ഇച്ചിരിക്കൂട്ടി നടന്നാലൊരു കുന്ന്. കുന്നിന് മുകളിലെ റോസമ്മയുടെ വീട്ടിലാണ് കൊടിച്ചിയുടെ കിടത്തം. 
റോസമ്മ പണിയ്ക്ക് പോയാൽ കൊടിച്ചിയ്ക്ക് കുന്നുംപുറം ഭൂഗോളത്തിലെ ഉയർന്ന പ്രദേശം മാത്രമാണ്. മേച്ചിൽപ്പുറങ്ങളിലെ കിടമത്സരങ്ങളിൽ തളരാതെ ഇര തേടാനും സഹജീവികളോടിഴപഴകാനും അവകാശമുള്ള സാമൂഹിക ജീവിയാണല്ലോ അവളും. കുന്നിറങ്ങി ഇര തേടാനിറങ്ങിയതാണ്. കല്ല്യാണ വീട്ടിലെ അപ്രതീക്ഷിത കല്ലേറാക്രമണം പുതിയൊരനുഭവമല്ലെങ്കിൽക്കൂടി, അവളെ തളർത്തി. എല്ല് തുളയുന്ന വേദനയാണ് കാലിന്. ചെമ്പൻ പൂട നക്കി തുടയ്ക്കുന്നേരം കല്ലെടുത്തെറിഞ്ഞ അർക്കീസ് കണാരനെ അവൾ മോങ്ങികൊണ്ട് ശപിച്ചു.
പൊരിവെയിലത്ത് തൊണ്ട വരണ്ടു. റോസമ്മേട അടുക്കളപ്പൊറത്തെ മീൻ ചട്ടീൽ വെള്ളമുണ്ടാവും. മുടന്തൻ കാലും വച്ച് കുന്നുംപുറം കേറാൻ വിശപ്പനുവദിക്കുന്നില്ല. കൊടിച്ചിയെ നിത്യവും ഊട്ടുന്നത് പോലും റോസമ്മയ്ക്കിപ്പോൾ ചീത്തപ്പേരാണ്.
വെയിലത്ത് കിടപ്പോൾ ചെമ്പൻ രോമങ്ങൾക്കിടയിൽ നിന്നും ചെള്ളുകൾ തുള്ളി. ഒരെണ്ണത്തിനെ നാവ് നീട്ടി എത്തിപ്പിടിച്ച് തിന്നു. സദ്യയ്ക്കപ്പോഴും മനുഷ്യന്മാർ ഉടുത്തോരുങ്ങി പോരുന്നുണ്ട് .ഉണ്ട് നിറഞ്ഞ് മുണ്ട് മടക്കി കുത്തി പോകുന്ന പുരുഷന്മാർ. 
ഗർഭം ചുമക്കുന്ന മട്ടിൽ കുട്ട്യോളെ ഒക്കത്തെടുക്കാതെ പെണ്ണുങ്ങളും. ഇവിടൊരുത്തി മുഴു പട്ടിണി. അകത്തോട്ട് ഒന്നും ചെല്ലാത്തതുകൊണ്ട് കൊടിച്ചിയ്ക്ക് പള്ള കുത്തി. കൊടിച്ചിക്കിഷ്ടം നേർത്ത ഇരുട്ടാണ്. കറുമ്പിക്കോതയെന്ന് വിളിച്ചിരുന്ന കൊടിച്ചീടെ ഇളയവളോടുള്ള സ്നേഹമാണ് കൊച്ചിരുട്ടിനോടവൾക്ക്. കറുമ്പിക്കോത വലുതായി നാട് വിട്ട ശേഷം ഓമനിക്കാനും സ്നേഹിക്കാനും ആകെയുള്ളവൾ. 
ഇര തേടാനും, സങ്കടപ്പെട്ട് മോങ്ങാനും കൂട്ടിന് ആരേലും വേണം. രാവ് വീണ് അടുക്കളപ്പുറം ഒഴിയുന്നേരം കൊച്ചിരുട്ടത്ത് എച്ചിൽ തിന്നാൻ കൊടിച്ചി പമ്മും. തിന്ന് മടങ്ങുമ്പോൾ വാത്സല്യത്തോടെ അവൾ കൊച്ചിരുട്ടിനെ തലോടും, മണത്ത് നോക്കും.
യൗവ്വനം തുടിക്കുന്ന എണ്ണക്കറുമ്പിയായി അവൾ രൂപം മാറുന്നേരം കൊടിച്ചി കുന്നും പുറം കയറിയിരിക്കും. ഒമ്പതെണ്ണത്തിൽ കൊടിച്ചിയ്ക്ക് ഒരാൺതരിയുണ്ടായിരുന്നു.
 ഒരു നോക്ക് കാണാൻ കൂടി അനുവദിക്കാതെ ആരോ അതിനെ അപ്പഴേ കട്ടോണ്ട് പോയി. കൊടിച്ചി ഒരിക്കലും കണ്ടിട്ടില്ലാത്ത മകനെപ്പറ്റി സങ്കൽപ്പിക്കും. അതേപോലെ ചെമ്പണിഞ്ഞ ഒറ്റ നിറമായിരിക്കുമെന്നും, പ്രാപിച്ചവരിൽ ഏറ്റവും കരുത്തന്റെ തലയെടുപ്പും ഗർജനവുമാകും. കൊടിച്ചിയ്ക്ക് ജീവിതത്തിലിനി ഒരേയൊരു ആഗ്രഹമേ ബാക്കിയുള്ളൂ. ഒമ്പതെണ്ണത്തിൽ ആകെയുണ്ടായിരുന്ന ആൺതരിയെ ഒരിക്കലൊന്ന് കാണണം. ഓർമ്മകൾ അയവിറക്കി മുഴുതാണ്ടി നീട്ടിവച്ച് അവൾ ആ പറമ്പിന്റെ ഒരു മൂലയിൽ കിടന്ന് വെയിൽ കൊണ്ടു.
ഉണ്ണാൻ കേറുന്നോരെ പല്ലിളിച്ച് കാണിച്ച് അർക്കീസ് കുഞ്ഞനന്തന്റെ ഏറ്റവും അടുത്ത ബന്ധുവിനെപ്പോലെ അഭിനയിച്ച് തകർക്കുന്നുണ്ട്. ആർക്കീസിനെ വീണ്ടും കണ്ട അരിശം മൂത്തപ്പോൾ പിശകി പറഞ്ഞ വാക്ക് പോലെ അവൾ ചെറിയൊരു കുരയുതിർത്തു. കൊടിച്ചിയുടെ അറിവിൽ ബ്ലേഡ് കുഞ്ഞനന്തനും അർക്കീസ് കണാരനും തമ്മിൽ പുലബന്ധം പോലുമില്ല. കീഴ്വരമ്പത്തെ പുത്തൻ പണക്കാരനാണ് അർക്കീസ് കണാരൻ. ഗൾഫിൽ വച്ച് ലോട്ടറിയടിച്ച പണം നയാപൈസ ചെലവാക്കാതെ ബാങ്കിൽ സൂക്ഷിച്ചിട്ടുള്ളതിന്റെ നെഗളിപ്പാണ് അർക്കീസിനെന്ന് പലരും പറയാറുണ്ട്.
കൊടിച്ചി മുടന്തി വന്ന് മതിൽക്കെട്ടിനകത്തെ ചാമ്പമര തണലിലിരുന്നു. 
ചാമ്പയുടെ മൂട്ടിൽ കിടന്ന കുറെ പച്ചപുല്ല് വിശന്നിട്ട് കൊടിച്ചി കടിച്ച് പറിച്ചു. കുടൽ കാഞ്ഞിരിക്കുമ്പോൾ കോഴിക്കാൽ കടിച്ച് വലിച്ച് പറിക്കണമെന്ന് വാശിപിടിക്കാനാവില്ലല്ലോ. മീഞ്ചാറിട്ട് മെരടിയ റോസമ്മേട വീട്ടിലെ ചട്ടി ചോറാണെന്ന് കരുതി കൊടിച്ചി ഒരു കവിൾ ചവച്ചിറക്കി. കുറച്ച് ചവച്ചരച്ചപ്പോൾ പുല്ലിന് രുചി തോന്നി.
മുരിങ്ങാകോലുപോലുള്ള അർക്കീസിന്റെ നീളൻ കാലെന്ന് കരുതി ഉണക്ക പനയുടെ തണ്ട് പൊളിച്ചെടുത്ത് കാർന്ന് തിന്നു.'ആഹാ,നല്ല സ്വാദ്!" അർക്കീസിനെപ്പോലെ ഒരു കാര്യവുമില്ലാതെ ഉപദ്രവിക്കുന്നവരോട് കൊടിച്ചിക്കെന്നും ദേഷ്യമാണ്. ഉപദ്രവിച്ചിട്ടും ദേഷ്യം തോന്നാഞ്ഞത് അക്കരെ വരമ്പത്ത് കച്ചോടം ചെയ്യണ മരങ്ങോടൻ മാപ്പിളയോട് മാത്രം. പനം പട്ട ചീള് ചവച്ചരക്കുമ്പോൾ കൊടിച്ചി അക്കഥ ഓർത്തെടുത്തു. 
ഏതാണ്ട് രണ്ട് കൊല്ലം മുൻപ് ഒമ്പതെണ്ണത്തിനെ വയറ്റിൽ ചുമക്കുന്ന സമയത്താണത്. മീശയില്ലാത്ത മരങ്ങോടൻ മാപ്പളയെന്നാണ് അയാളെ നാട്ടാര് വിളിക്കാറ്. ഇല്ലാത്ത മീശത്തടം മാപ്പള ചുരണ്ടി നടക്കും. റോസമ്മ ചട്ടീലിട്ട് വച്ചിരുന്ന മെഴുക്കും വറ്റ വറ്റിച്ചതും ആക്രാന്തത്തോടെ അണ്ണാക്കിലേക്ക് തള്ളിയപ്പോൾ അങ്ങനൊരു ചതി ചട്ടിക്കുള്ളിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് കൊടിച്ചി കരുതിയില്ല.
 കുന്താലി പരുവത്തിലൊരു മുള്ള് തൊണ്ടേന്ന് മേൽപ്പോട്ടുമില്ല കീഴ്പ്പോട്ടുമില്ലെന്ന മട്ടിൽ തറച്ചിരുന്നു. റോസമ്മയുടെ വീട്ടിലന്ന് അവൾക്ക് കിടത്തമില്ല. റോസമ്മ അറിഞ്ഞുകൊണ്ട് ചതിക്കില്ലെന്ന് കൊടിച്ചിക്കറിയാം.
റോസമ്മേട വീട്ടിന്നിറങ്ങി കണ്ടം വഴി ഗമിക്കുമ്പോൾ കൊടിച്ചി കാറി നോക്കി, ചുമച്ചു നോക്കി. രക്ഷയില്ല.വരമ്പത്ത് നിന്ന പൂച്ചാമ്പുല്ലേൽ തലയിട്ടുരച്ച് നോക്കി. മുള്ള് പോയില്ല, വയറ്റിനകത്തൊരു തിരയിളക്കം. പിള്ളാര് പള്ളേല് കാലിട്ടടിക്കയാണ്. 
വരമ്പത്തിരിക്കുന്ന കട പൂട്ടി ബീഡി കുറ്റീലെ കനലിറ്റിച്ച് അക്കരെയുള്ള വീട്ടിലേക്ക് മടങ്ങാൻ ഇരുട്ടത്തൂടെ മരങ്ങോടൻ മാപ്പിള മൂളിപാട്ടും പാടി വരികയായിരുന്നു. ഒറ്റവരമ്പൂത്തൂടെ അങ്ങോട്ടായാലും ഇങ്ങോട്ടായാലും വഴി മാറി നിൽക്കാതെ ഒരാൾക്ക് നടന്നുപോകാം.മാപ്പിളേട വഴി മുടക്കണ്ടന്ന് കരുതി പാതി വരമ്പത്തെത്തിയ കൊടിച്ചി പൂന്തൽ പൂഴിയിലിറങ്ങി മാറിനിന്നു. 
മാപ്പിള അടുക്കലെത്തി കനലിറ്റിച്ച നേരത്ത് കൊടിച്ചി പമ്മുന്നത് കണ്ടു.മാപ്പിളയുടെ വഴിമുടക്കാതിരിക്കാനാണ് കൊടിച്ചി പമ്മിയതെന്ന് മാപ്പിളയ്ക്കൊട്ടും തോന്നിയതുമില്ല.പൂന്തൂന്ന മണ്ണീന്ന് കാൽ
പറിച്ചോടാനാകാതെ കുഴഞ്ഞ് നിന്ന കൊടിച്ചിയെ സ്വയരക്ഷയോർത്തോണം മാപ്പിള വലതു കാലുയർത്തി അടിനാഭിക്കിട്ട് തൊഴിച്ചു. കണ്ണും പൂട്ടി ഉറങ്ങുകയായിരുന്ന കൊടിച്ചീടെ കറുമ്പിക്കോത ഞെട്ടിയെണീറ്റ് കരഞ്ഞത് ഇപ്പഴും ഇടിമുഴക്കം പോലെ അവൾക്ക് വയറ്റത്തറിയാം. തൊഴിച്ചശേഷം പേടിച്ചരണ്ട് വരമ്പത്തൂടെ പോയ മാപ്പിളയെ പൂന്തലിലേക്ക് വീഴ്ത്താൻ കൊടിച്ചിയ്ക്ക് വെറുമൊരു കുര മാത്രം മതിയായിരുന്നു. പക്ഷേ അവളത് ചെയ്തില്ല. മാപ്പിളയോട് ഒട്ടും ദേഷ്യവും തോന്നിയില്ല.അതിന് കാരണമുണ്ട്. 
മാപ്പിളേട ഒറ്റചവിട്ടിൽ കൊടിച്ചീടെ തൊണ്ടേല വറ്റമുള്ള് ഇളകി പുറത്തേക്ക് തെറിച്ചു പോയിരുന്നു. ആളൊഴിഞ്ഞ നേരം നോക്കി അർക്കീസ് ഊട്ടുപുരയിലേക്ക് വരുന്നത് കണ്ടു. അടുക്കളപ്പുറത്തേക്ക് തലയെറിഞ്ഞ് അവിടെ നിൽക്കുന്ന പെണ്ണുങ്ങളെ നോക്കി അർക്കീസ് വെളുക്കെ ചിരിച്ചു. 
കൊടിച്ചി അയാളെ പ്രാകിക്കൊണ്ട് മോങ്ങി.അന്നേരമാണ് തെങ്ങോല അടർന്ന് വീണ് ഊട്ടുപുരയ്ക്ക് മുകളിലെ ഓടിളകിത്തെറിച്ച കഷ്ണം ചെന്ന് അർക്കീസിന്റെ കാലിൽ കൊണ്ടത് . അർക്കീസിന്റെ വേദന കണ്ട് അടുക്കളക്കാരി രമണി ഓടിചെന്ന് ആരോടോ വിവരം പറഞ്ഞു.
അവൾ അകത്തുപോയി തൈലക്കുപ്പി തപ്പിക്കൊണ്ട് വന്ന് അയാളുടെ കാലിൽ പുരട്ടി. ആർക്കീസ് വേദന കൊണ്ട് പുളയുന്നത് കണ്ട സന്തോഷത്താൽ ചാമ്പ മരച്ചോട്ടിൽ കൊടിച്ചി ഒറ്റക്കാലിൽ നൃത്തം ചെയ്തു. നേരംത്രിസന്ധ്യയായി. കല്യാണ വീട്ടിൽ തിരക്കൊഴിഞ്ഞു. 
ബാക്കി വന്ന ഭക്ഷണം രമണി വാരി മാറ്റി വച്ചു. കൊച്ചിരുട്ടത്ത് കൊടിച്ചി അടുക്കളപ്പുറത്തെത്തി. അകത്ത് അന്നേരം ചിലരുടെയൊക്കെ തിരയനക്കം.
ജനലഴികൾക്കുള്ളിൽ നവ വധുവിന്റെ മൂടിക്കെട്ടിയ മുഖം. കൊടിച്ചി ചോദിക്കാനൊന്നും പോയില്ല. പാത്തും പതുങ്ങിയും രമണി എടുത്ത് വച്ച ഭക്ഷണം തിരയുകയാണ് കൊടിച്ചി. 
ചുറ്റും മറ്റാരുമില്ലെന്നവൾ ഉറപ്പുവരുത്തി. ഇച്ചിരി വയർ നിറയ്ക്കാൻ പെടുന്ന പെടാപ്പാട്! കൊച്ചിരുട്ട് 'നിശബ്ദം" മുന്നോട്ട് എന്നുരുവിട്ട് കൂടെയുണ്ട്. കൊടിച്ചി രണ്ട് ചുവട് വച്ചു. അടുക്കുംതോറും കപ്പലോടിക്കാൻ പാകത്തിൽ നാവേലൊരു കുത്തൊഴുക്ക്. കൊതിപ്പിക്കുന്ന മണം മൂക്കിനകത്തേക്ക് പായുമ്പോഴാണ് അകത്തൊരു ശബ്ദം കേട്ടത്.
കൊടിച്ചി പെട്ടന്ന് ചായ്പ്പിന് പിറകിലൊളിച്ചു. മൂടിക്കെട്ടിയ മുഖവുമായി നിന്ന നവവധു
മൊബൈലിൽ എന്തോ വായിച്ച് പൊട്ടിച്ചിരിക്കുന്നു.
'Marriage is like a walk to the hills with your dogs.Tell your dog, don’t bark."
ആക്ഷേപമായിരുന്നിട്ടും ഇളിച്ച് നിൽക്കയല്ലാതെ നവ വരനപ്പോൾ വേറെ നിവൃത്തിയില്ലായിരുന്നു. പക്ഷേ തന്റെ വർഗത്തെ അപമാനിച്ചതിന് കൊടിച്ചിയ്ക്കപ്പോൾ കുരയ്ക്കാതിരിക്കാൻ കഴിഞ്ഞില്ല. അവൾ വിശപ്പ് മറന്ന് ആഞ്ഞൊന്ന് കുരച്ചു. അപ്പോൾ തൊട്ട് പുറകിൽ കരുത്തുള്ള ഒരൊറ്റ ചെമ്പന്റെ മുരൾച്ച! കൊടിച്ചി വിറച്ചു. കൂർത്ത നഖവും പല്ലും വിറപ്പിച്ച് കണ്ഠത്തിൽ തുടലാഭരണമണിഞ്ഞ് ചെമ്പൻ ആക്രമിക്കാനായി നിൽക്കയാണ്. അതിനകം ചെമ്പൻ അവളുടെ ദേഹത്തേക്ക് ചാടി വീണിരുന്നു.
അമറിക്കൊണ്ട് തലങ്ങും വിലങ്ങും ആക്രമിച്ച് ചെമ്പൻ കത്തിക്കയറി. ഇടിമുഴക്കം പോലുള്ള ചെമ്പന്റ ഗർജനത്തിനപ്പുറം അവിടെ ഒന്നും കേൾക്കാനായില്ല. കൊടിച്ചിയുടെ വായിൽ നിന്നും നുരയും പതയും വന്നു. മുഖത്തും തുടകളിലും ചെമ്പന്റെ പല്ലുകൾ പതിഞ്ഞ ക്ഷതപ്പാടുകൾ. ഇതൊക്കെ കണ്ടിട്ടും കൊച്ചിരുട്ട് ചിരിക്കാത്തതെന്തെന്ന് കൊടിച്ചിയപ്പോൾ ചിന്തിച്ചു. അവളെ പെറ്റതാര്? ആവോ, അറിയില്ല. തന്നെ വേണ്ടുവോളം ക്ഷതപ്പെടുത്തിയ ഈ ചെമ്പനെ പെറ്റതാര്?
അതാലോചിച്ചപ്പോൾ അവൾക്ക് ഒച്ചയടഞ്ഞു.
''മുലപ്പാൽ കിനിയണ മണം മാറാത്ത പിള്ളേര് അഥവാ, തല്ലിയാലും പെറ്റവയറിന് നോവില്ലെടീ കറുമ്പി പെണ്ണേ...""
അവൾ മോങ്ങിപ്പറഞ്ഞ വാക്കുകൾ കേട്ട് കൊച്ചിരുട്ട് കരിനീരൊഴുക്കി. കൂട്ടക്കുര കേട്ട് വാതിൽ തുറന്ന രമണി എന്ന് നീട്ടി വിളിച്ചപ്പം ചെമ്പൻ കുര നിർത്തി കൂട്ടിനകത്തേക്കോടി. അടച്ച് വച്ചിരുന്ന ഭക്ഷണപ്പാത്രം രമണി ചെമ്പന് കൊണ്ട് വച്ചു കൊടുത്തു. ഒട്ടും ആർത്തി കാണിക്കാതെ അവനത് നക്കി തിന്നുമ്പോൾ കൊടിച്ചി പാടവരമ്പ് പിന്നിട്ടിരുന്നു. പുഴ നീന്താൻ ഇന്നിനി കൊടിച്ചിയെക്കൊണ്ടാവില്ല. 
പൂനിലാവ് പെയ്തുവീണ പുഴക്കന്നേരം പാലപ്പൂവിന്റെ നിറമായിരുന്നു. പുഴയരുകിൽ റോസമ്മ കാത്ത് നിൽപ്പുണ്ട്. ആരീ ചതി ചെയ്തുവെന്ന വിലപിച്ചു കൊണ്ട് ആകെയുള്ള കൂട്ടിരിപ്പിനെ അവർ വാരിയെടുത്തു. മുറിവുകളിൽ പരതിയ റോസമ്മയുടെ കയ്യിലെ വറ്റ കറിയുടെ മണം തട്ടി കൊടിച്ചിയപ്പോൾ നാവ് നുണയുന്നുണ്ടായിരുന്നു.