eee

നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുമ്പോൾ ബാധിക്കുന്ന ഒരിനം വൈറസ് ഉണ്ടാക്കുന്ന രോഗമാണ് അരിമ്പാറ. പ്രത്യേകിച്ച് കുട്ടികളിൽ ത്വക്കിലോ, ത്വക്കിനോടു ചേർന്ന ശ്ളേഷ്‌മസ്‌തരത്തിലോ ഉണ്ടാകുന്ന നിരുപദ്രവകാരിയായതും ചെറിയ മുഴപോലെ തോന്നിക്കുന്നതുമായ പരുപരുത്ത വളർച്ചയാണ് അരിമ്പാറ. ഹ്യൂമൻ പാപ്പിലോമ വൈറസു കളാണ് ഇതിന് ഹേതു. രോഗമുള്ള മനുഷ്യരുമായുള്ള സമ്പർക്കത്താൽ (സ്‌പർശനത്താൽ) ഇതു പകരാനിടയുണ്ട്. സാധാരണ കൈകാലുകളിലും കാൽമുട്ടകളിലുമാണ് അരിമ്പാറ ഉണ്ടാകുന്നത്. അരിമ്പാറ ഉണ്ടാകുന്ന ഭാഗം, ആകൃതി, രോഗഹേതുവാകുന്ന വൈറസിന്റെ ഇനം എന്നിവയനുസരിച്ച് ആറു വിധത്തിലുള്ള അരിമ്പാറകളുണ്ട്.

  1. സാധാരണ അരിമ്പാറ - വെരുക്ക വൾഗാരിസ് എന്ന ഇനം വൈറസുകളാണ് സാധാരണ അരിമ്പാറയ്‌ക്കു കാരണമാകുന്നത്. കൈകളിലും കാൽമുട്ടുകളിലും മാത്രമല്ല ശരീരത്തിന്റെ ഏതു ഭാഗത്തും ഇത്തരത്തിലുള്ള അരിമ്പാറ ഉണ്ടാകുന്നു. ത്വക്കിൽ നിന്നുയർന്നു കാണുന്ന ചെറിയ മുഴകളുടെ ഉപരിതലം പരുപരുത്തതായിരിക്കും.
  2. പരന്ന അരിമ്പാറ - മുഖം, കഴുത്ത്, കൈകൾ, കണങ്കൈ, കാൽമുട്ട് തുടങ്ങിയ ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന ചെറുതും മൃദുലവും ചർമത്തെക്കാൾ നിറം കൂടിയതുമായ പരന്ന അരിമ്പാറ വെരുക്ക പ്ലാനാ എന്ന വൈറസ് മൂലമാണുണ്ടാകുന്നത്.
  3. അംഗുലിത അരിമ്പാറ - മുഖത്തും, കൺപോളകൾക്കടുത്തും, ചുണ്ടുകളിലും നൂലുപോലെയോ വിരലുകൾ പോലെയോ ഉണ്ടാകുന്ന അരിമ്പാറയാണിത്.
  4. ആണി അഥവാ പാദതല അരിമ്പാറ - വെരുക്കാ പെഡിസ് എന്ന ഇനം വൈറസുമൂലമുണ്ടാകുന്ന ഈ രോഗം വേദന ഉളവാക്കുന്നതാണ്. ഉള്ളങ്കാലിൽ ഉണ്ടാകുന്ന ഈ അരിമ്പാറയുടെ മദ്ധ്യഭാഗത്ത് നിരവധി കറുത്ത പുള്ളിക്കുത്തുകളുണ്ടായിരിക്കും. ഇത് ത്വക്കിന്റെ പ്രതലത്തിൽ നിന്നും ഉയർന്നു കാണുന്നില്ല. ചെരിപ്പുകൾ ഉപയോഗിച്ചു നടക്കുന്നതുമൂലം ഈ രോഗം പകരാതെ സൂക്ഷിക്കാം.
  5. മൊസേയ്‌ക് അരിമ്പാറ - കൈകളിലും ഉള്ളങ്കാലിലും കൂട്ടമായി വളരുന്ന ആണി(പാദതല അരിമ്പാറ)യോടു സാദൃശ്യമുള്ളതാണ് മൊസേയ്‌ക് അരിമ്പാറ.
  6. ഗുഹ്യ അരിമ്പാറ - വെരുക്ക അക്യുമിനേറ്റ അഥവാ കോൺഡൈലോമ അക്യുമിനേറ്റം വൈറസ് മനുഷ്യന്റെ ഗുഹ്യഭാഗങ്ങളിൽ അരിമ്പാറ ഉണ്ടാകുന്നതിന് കാരണമാകുന്നു.