sreerama-krishnan

തിരുവനന്തപുരം: സി എ ജി റിപ്പോർട്ടിൽ ധനമന്ത്രി തോമസ് ഐസ‌ക്കിന് എതിരായ പരാതി നിയമസഭ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയെന്ന് സ്‌പീക്കർ ശ്രീരാമകൃഷ്‌ണൻ. രണ്ട് പക്ഷത്തിന്റേയും വാദങ്ങൾ കമ്മിറ്റി കേൾക്കും. ഇതിനുമുമ്പ് മന്ത്രിമാർക്ക് എതിരായ പരാതി എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ടെന്ന് തോന്നുന്നില്ല. ഐക്യ കേരള രൂപീകരണത്തിന് ശേഷം ചില അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും സ്‌പീക്കർ ചൂണ്ടിക്കാട്ടി.

ജനാധിപത്യപരമായ സംവിധാനത്തെയാണ് പരാതി ഏൽപ്പിച്ചിരിക്കുന്നത്. ഭരണഘടനപരമായ സംവിധാനത്തിന്റെ ബാദ്ധ്യത നിറവേറ്റാനുളള ഒരു തീരുമാനമാണ് എടുത്തതെന്നും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. സ്‌പീക്കറെ സംബന്ധിച്ച് എപ്പോഴും ആക്ഷേപമുണ്ടാകും. മഴ പെയ്‌താലും പെയ്‌തില്ലെങ്കിലും കുറ്റമാണ്. ഇതൊരു മുൾക്കിരീടമാണ്. എല്ലാ കാലത്തും എല്ലാ സ്‌പീക്കർമാരും അനുഭവിക്കുന്ന പ്രശ്‌നമാണിതെന്നും അദ്ദേഹം പറഞ്ഞു.

അവകാശലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ന്യായമാണെങ്കിൽ അവയെല്ലാം പരിശോധിക്കേണ്ടി വരും. നിയമസഭ സാമാജികരുടെ അവകാശങ്ങൾ പരിപാവനമാണ്. അതിൽ തെറ്റായ സമീപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ സാമാജികർക്ക് പരാതിപ്പെടാനുളള അവകാശമുണ്ട്. പ്രാഥമിക പരിശോധന തൃപ്‌തികരമല്ലെങ്കിൽ പരാതി സമിതിയ്‌ക്ക് കൈമാറുന്നത് സ്വാഭാവികമാണെന്നും സ്‌പീക്കർ ചൂണ്ടിക്കാട്ടി.

ധനമന്ത്രി നൽകിയ വിശദീകരണം തൃപ്‌തികരമാണോ അല്ലയോ എന്നു പറയുന്നില്ല. പ്രതിപക്ഷത്തിന്റെ പരാതിയിലും ധനമന്ത്രി നൽകിയ വിശദീകരണത്തിലും കഴമ്പുണ്ട്. മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടല്ല സഭാ നാഥൻ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. ഇത് നിയമസഭ സെക്രട്ടറിയേറ്റിന്റെ സ്വതന്ത്ര തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.