
മറഡോണയെ കാണാൻ ചെന്ന ആ രാത്രി. അന്ന് ഞാനും ജോ പോളുമെല്ലാമടങ്ങുന്ന സംഘം രാത്രി വൈകിയും മറഡോണ താമസിക്കുന്ന ഹോട്ടലിൽ ബോബിക്കൊപ്പം കാത്തിരുന്നു. എന്നാൽ മറഡോണ മുറിക്ക് പുറത്തേക്ക് വന്നില്ല. രാത്രി പത്തു പതിനൊന്നു മണിവരെ ഡീഗോ ഇപ്പൊ വരും. ഇപ്പോ വരും എന്നു കരുതി കാത്തുകാത്തിരുന്നു. ഒടുവിൽ ബോബി വന്നു പറഞ്ഞു, നാളെ കാണാം. ഡീഗോ നല്ല ഉറക്കത്തിലാണെന്ന്. വലിയ നിരാശ സമ്മാനിച്ചാണ് അവിടെ നിന്ന് മടങ്ങിയത്. അന്ന് രാത്രി ഉറങ്ങാൻ പറ്രിയില്ല, പിറ്റേന്നും കാണാൻ സാധിക്കില്ലേയെന്ന ടെൻഷനായിരുന്നു കൂടുതലും.
പറ്റേന്ന് ഡീഗോയെ കണ്ടു, രണ്ടു മിനുറ്റു നേരം മറഡോണക്കൊപ്പം പന്തു തട്ടി. എല്ലാം സ്വപ്നം പോലെ തോന്നി. ഒരിക്കലും നടക്കില്ലെന്ന് കണ്ട സ്വപ്നം യാഥാർത്ഥ്യമായതിന്റെ അനുഭൂതിയായിരുന്നു അപ്പോൾ. മറഡോണ എന്നെ ചേർത്തുപിടിച്ചപ്പോൾ പൂരം വെടിക്കെട്ടിന്റെ കൂട്ടപൊരിച്ചിലിൽ ഉണ്ടാകുന്ന പൊലെ ഒരു കോരിത്തരിപ്പ്. ഫുട്ബോളിന്റെ ദൈവം എന്നെ ചേർത്ത് പിടിച്ച നിമിഷം . എന്റെ കണ്ണു നിറഞ്ഞു, സന്തോഷവും അഭിമാനവും കൊണ്ട്.
ഞാൻ പണ്ട് കളിക്കുമ്പോൾ മറഡോണയുടെ കളിനീക്കങ്ങൾ കളിക്കളത്തിൽ പ്രയോഗിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതിന്റെ അയൽപ്പക്കത്ത് പോലും എത്താൻ സാധിച്ചിരുന്നില്ല. ടിവിയിൽ ഡീഗോയുടെ പല നീക്കങ്ങളും പാസുകളും കണ്ട് അതുപോലെ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടവനാണ് ഞാൻ.
മറഡോണയിലൂടെയാണ് ഞാൻ അർജന്റീനയുടെ കട്ടഫാൻ ആയത്. അന്ന് മറഡോണ കാലിൽ പന്തുമായി ഗോൾപോസ്റ്റ് ലക്ഷ്യമാക്കി പായുമ്പോൾ ചായക്കടയിൽ ഇരുന്നിരുന്നവരെല്ലാം ഗാലറികളിലെന്ന പോലെ ആരവം മുഴക്കാറുണ്ട്. സത്യത്തിൽ എന്റെ ആത്മാർത്ഥ സുഹൃത്ത് കലാഭവൻ മണിയുടെ വിയോഗത്തിൽ എനിക്കുണ്ടായ ദു:ഖം പറഞ്ഞറിയിക്കാൻ സാധിക്കില്ല. അതു തന്നെയാണ് ഡിഗോയുടെ മരണത്തിലും എനിക്കുണ്ടായത്.