
സ്റ്റോക്ഹോം: 70 കാരിയായ അമ്മ 41 കാരൻ മകനെ പൂട്ടിയിട്ടത് 28 വർഷം. സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ ഒരു അപ്പാർട്ട്മെന്റിലാണ് സംഭവം. 13ാം വയസ് മുതലാണ് മകനെ ഇവർ പൂട്ടിയിട്ടത്. ഒരു ബന്ധുവാണ് ഇത്തരത്തിൽ ഇവർ മകനെ തടങ്കലിലാക്കിയത് കണ്ടെത്തി അധികൃതരെ വിവരം അറിയിച്ചതെന്നാണ് റിപ്പോർട്ട്.
മകനെ ഇവർ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. അസുഖം ബാധിച്ച് യുവാവിന്റെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്താണ് ബന്ധുവായ സ്ത്രീ ഇവരുടെ വീട്ടിലെത്തിയത്. ' വാതിൽ തുറന്നിട്ട നിലയിലായിരുന്നു. അകത്ത് കയറിയപ്പോൾ മൂത്രവും അഴുക്കും പൊടിയും നിറഞ്ഞിട്ടുണ്ടായിരുന്നു. അടുക്കളയുടെ ഭാഗത്തേക്ക് പോയി നോക്കിയപ്പോൾ ഒരാൾ പുതപ്പിനും തലയിണക്ക് ഇടയിലുമായി ചുരുണ്ടുകൂടി കിടക്കുന്നു. വായിൽ പല്ലുകളൊന്നുമില്ല. അവ്യക്തമായിട്ടാണ് സംസാരിച്ചത്' ബന്ധുവായ സ്ത്രീ വിവരിച്ചു. യുവാവിനെ ആശുപത്രിൽ പ്രവേശിപ്പിച്ചെന്നും അമ്മയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.