
കൈ കാലുകളിലെ സൗന്ദര്യം സംരക്ഷിക്കാനുള്ള ആദ്യ പടി അഴുക്കും മാലിന്യവും നീക്കം ചെയ്യുക എന്നതാണ്. റിമൂവർ ഉപയോഗിച്ച് നഖങ്ങളിലെ നെയിൽ പോളിഷ് നന്നായി തുടച്ച് മാറ്റുക. ശേഷം ചെറുചൂടുവെള്ളത്തിൽ വീര്യം കുറഞ്ഞ ഷാംമ്പു ചേർത്ത് പതപ്പിച്ചശേഷം കൈകാലുകൾ ഇതിൽ മുക്കിവയ്‌ക്കണം. പത്തുമിനിറ്റിന് ശേഷം ബ്രഷ് ഉപയോഗിച്ച് (പഴയ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നതിൽ തെറ്റില്ല ) നന്നായി തേച്ച് കഴുകുക. വിരലുകൾക്കിടയിലും നഖവുമൊക്കെ നന്നായി തേച്ച് കഴുകുക. ശേഷം തണുത്ത വെള്ളത്തിൽ കൈ കാലുകൾ വൃത്തിയായി കഴുകി കോട്ടൺ തുണി കൊണ്ട് തുടയ്‌ക്കുക.
സ്ക്രബ് ചെയ്യാം ഇങ്ങനെ
ഇനി സ്ക്രബറാണ്. ഇതിനായി ചെറുനാരങ്ങ രണ്ടായി മുറിക്കുക. ഒരു പകുതി പഞ്ചസാരയിൽ മുക്കി കാലിൽ ഉരയ്‌ക്കുക. കാലിലെ മൃതകോശങ്ങൾ നീക്കാനാണ് സ്ക്രബ് ചെയ്യുന്നത്. നാരങ്ങാനീര് അരിപ്പൊടിയും പഞ്ചസാരയും ചേർത്ത് കൈകാലുകളിൽ വൃത്താകൃതിൽ മസാജ് ചെയ്‌താലും മതി. പതിനഞ്ച് മിനിറ്റ് സ്ക്രബ് ചെയ്‌തശേഷം തണുത്ത വെള്ളത്തിൽ കൈകളും കാലുകളും വൃത്തിയായി കഴുകി തുടയ്‌ക്കുക. ശേഷം കടലമാവിൽ കാരറ്റ് ഗ്രേറ്റ് ചെയ്ത് തൈരിൽ യോജിപ്പിച്ച് കാലിൽ തേച്ചുപിടിപ്പിക്കുക. ഉണങ്ങുമ്പോൾ കഴുകി കളയാം. വിണ്ട് കീറിയ കാൽ പാദങ്ങൾക്കും വരണ്ട ചർമത്തിനും പഴുത്ത ഏത്തപ്പഴവും കറ്റാർവാഴ നീരും ഒലീവ് എണ്ണയിൽ യോജിപ്പിച്ച് തേയ്‌ക്കണം. ചർമം ലോലമാകും. ശേഷം മോയ്ചറൈസിംഗ് ക്രീം തേയ‌്‌ച്ച് കാല് സുന്ദരമാക്കാം. ഇത് ആഴ്‌ചയിൽ ഒരിക്കൽ നിർബന്ധമായും ചെയ്‌തിരിക്കുക.
പാലും തേനും
ആരോഗ്യവും സൗന്ദര്യവും ഒരുപോലെ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് പാലും തേനും. ഇവ സമാസമം ചേർത്ത് കൈകളിൽ പുരട്ടി പതിനഞ്ച് മിനിട്ടിന് ശേഷം കഴുകി കളയുക. ഇത് കൈകളിലെ കരുവാളിപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. തേനിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും. പാലിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് കൈകളെ മൃദുവാക്കുകയും ചെയ്യുന്നു.വെറുതേ പാൽ കൈകളിലും കാലുകളിലും തേയ്‌ച്ചു പിടിപ്പിക്കുന്നത് നല്ലതാണ്.