
തിരുവനന്തപുരം: ഈസി വാക്കോവർ ഒട്ടും സാധിക്കാത്ത ഒരു വാർഡിൽ വിജയിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് വട്ടിയൂർക്കാവ് വാർഡിലെ യു ഡി എഫ് സ്ഥാനാർത്ഥി ഹരിപ്രിയ. വട്ടിയൂർക്കാവ് പിടിച്ചെടുക്കാൻ സംസ്ഥാന നേതാക്കൾ ഉൾപ്പടെയുളളവർ വാർഡിൽ പല ദിവസങ്ങളിലായി സജീവമാണ്. ഭരണവിരുദ്ധ തരംഗം അനുകൂലമായി മാറുമെന്ന പ്രതീക്ഷയിലാണ് ഹരിപ്രിയ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വട്ടിയൂർക്കാവ് വാർഡിലെ യു ഡി എഫ് സ്ഥാനാർത്ഥി ഹരിപ്രിയ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.
പ്രചാരണത്തിന്റെ അവസാന ലാപ്പിൽ എന്തൊക്കെയാണ് വിശേഷങ്ങൾ?
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിടത്ത് നിന്നെല്ലാം നല്ല സഹകരണവും പിന്തുണയുമാണ് കിട്ടിയിരിക്കുന്നത്. ജനം ഞങ്ങളോടൊപ്പം ഉണ്ടെന്നാണ് അവരുടെ പെരുമാറ്റത്തിൽ നിന്നെല്ലാം മനസിലാകുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യ പ്രചാരണ വിഷയം എന്തായിരുന്നു?
വട്ടിയൂർക്കാവ് വാർഡിന്റെ വികസനമാണ് പ്രധാന വിഷയം. പോകുന്നിടത്തെല്ലാം റോഡ് വികസനം ചർച്ചയാകുന്നുണ്ട്. ഇപ്പോഴത്തെ കൗൺസിലർ ആ ഭാഗത്തോട്ടൊന്നും തിരിഞ്ഞുനോക്കിയിട്ടില്ല.
ജയിച്ചാൽ നടപ്പാക്കണമെന്ന് കരുതുന്ന ആശയം എന്തൊക്കെയാണ്?
ഇപ്പോഴത്തെ കൗൺസിലർ ചെയ്യാതിരുന്ന കാര്യങ്ങളെല്ലാം ചെയ്ത് വാർഡിനെ റെഡിയാക്കി എടുക്കണമെന്നാണ് എന്റെ ആഗ്രഹം.
സംസ്ഥാന രാഷ്ട്രീയം തിരഞ്ഞെടുപ്പിൽ ചർച്ചയായോ?
അത്യാവശ്യം ചർച്ചയായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ആയതിനാൽ തന്നെ കൂടുതലും പ്രാദേശിക വിഷയങ്ങളാണ് ചർച്ചയായത്. മുപ്പത് വർഷമായി സി പി എമ്മും അഞ്ച് വർഷമായി ബി ജെ പിയുമാണ് വാർഡ് ഭരിക്കുന്നത്. വീടുകളിൽ പോകുമ്പോൾ ബി ജെ പിയുടെ പഴയ കൗൺസിലറുടെ ഫോട്ടൊ പോലും വയ്ക്കാതെയാണ് അവർ പ്രചാരണം നടത്തുന്നത്. ജയിച്ച് വന്നിട്ട് ഒന്നും ചെയ്യാത്ത പുളളിയോട് ജനങ്ങൾക്ക് അത്ര വെറുപ്പുണ്ട്. സഞ്ചാര യോഗ്യമല്ലാത്ത റോഡുകൾ ഒത്തിരിയുണ്ട്. കുഴിച്ചിട്ട റോഡുകളൊന്നും ശരിയാക്കിയിട്ടില്ല. വാർഡിന് വേണ്ടി പ്രത്യേകം പ്രകടന പത്രിക പുറത്തിറക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഹാൾ, ഗ്രന്ഥശാല തുടങ്ങി ജനങ്ങൾക്ക് അത്യാവശ്യം വേണ്ടതെല്ലാം പ്രകടന പത്രിക വാഗ്ദ്ധാനം ചെയ്യുന്നുണ്ട്.
ഒരുപാട് സംസ്ഥാന നേതാക്കളൊക്കെ വാർഡിൽ പ്രചാരണത്തിന് ഇറങ്ങിയിരുന്നല്ലോ?
ചാണ്ടി ഉമ്മൻ വന്നത് ജനങ്ങൾക്കിടയിൽ വലിയ ആവേശമുണ്ടാക്കി. തൊട്ടുപിന്നാലെ ഉമ്മൻചാണ്ടിയും കെ മുരളീധരനുമെല്ലാം പ്രചാരണത്തിന് എത്തി. നന്നായി ഗ്രൗണ്ട് വർക്ക് നടന്നിട്ടുണ്ട്. കോൺഗ്രസ് മാത്രമാണ് വാർഡിൽ നന്നായി ഗ്രൗണ്ട് വർക്ക് നടത്തിയിട്ടുളളത്. മൂന്നാംഘട്ട പര്യാടനം അവസാന ഘട്ടത്തിലാണ്.
അവസാന നിമിഷം ജയിച്ചുകയറുമെന്ന പ്രതീക്ഷയുണ്ടോ?
പ്രതീക്ഷയല്ല, ജയിക്കും. ഭൂരിപക്ഷം എത്രയാണെന്ന് മാത്രമാണ് ഞങ്ങൾ ഇനി നോക്കുന്നത്. ജനങ്ങളിൽ നിന്ന് അത്രമാത്രം ഫീഡ് ബാക്കാണ് ലഭിക്കുന്നത്. എന്നെ ജയിപ്പിക്കാൻ കോൺഗ്രസ് ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. ആദ്യമായിട്ടാണ് കോൺഗ്രസ് ഇത്രയും ഒറ്റക്കെട്ടായി വാർഡിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഗ്രൂപ്പ് വഴക്കോ യാതൊന്നും പാർട്ടിയിലില്ല.
എങ്ങനെയാണ് ഹരിപ്രിയ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്?
എന്റെ കുടുംബം പൂർണമായിട്ടും ഒരു കോൺഗ്രസ് കുടുംബമാണ്. കല്യാണം കഴിഞ്ഞുവന്ന കുടുംബവും അടിയുറച്ച് കോൺഗ്രസ് ഫാമിലിയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകയും സജീവ കുടുംബശ്രീ പ്രവർത്തകയുമാണ്. ലാബ് ടെക്നീഷ്യയായിട്ടാണ് ജോലി ചെയ്തിരുന്നത്. ഇപ്പോൾ കോപ്പറേറ്റീവ് ബാങ്കിലാണ് ജോലി.

വട്ടിയൂർക്കാവെന്ന് പറയുമ്പോൾ വേഗം ഓർമ്മ വരുന്നത് വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പാണ്. വി കെ പ്രശാന്തിന്റെ ഇഫക്ട് മണ്ഡലത്തിൽ ഉടനീളമുണ്ട്. അത് വട്ടിയൂർക്കാവ് വാർഡിലും ഉണ്ടാകില്ലേ?
അതിൽ ആശങ്കയൊന്നുമില്ല. സി പി എമ്മിന്റെ കോട്ട കൊത്തളങ്ങളിലെ വോട്ടുകളിൽ വിളളലുണ്ടാക്കുകയാണ് ഞങ്ങൾ ലക്ഷ്യം. പാർട്ടികൾക്ക് അപ്പുറമായി വ്യക്തിപരമായ വോട്ടുകൾ കിട്ടും. ജനങ്ങൾ നല്ലൊരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റം ഇവിടെയുണ്ടാകും.
കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ വലിയ തോതിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടല്ലോ?
പാർട്ടിയ്ക്ക് പണത്തിന്റെ ക്ഷാമമുണ്ട്. മറ്റുളളവരുടെ അത്രയും പണക്കൊഴുപ്പ് ഞങ്ങൾക്കില്ല. എന്നാൾ ഉളള മെഷിനറി നല്ല പോലെ വർക്ക് ചെയ്യുന്നുണ്ട്. ഗ്രൗണ്ട് വർക്കാണ് കൂടുതലും നടക്കുന്നത്.