
ലണ്ടൻ: അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറും ജർമ്മൻ കമ്പനിയായ ബയോഎൻടെക്കും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിന് അംഗീകാരം നൽകി ബ്രിട്ടൻ. ഇതോടെ, ഫൈസർ വാക്സിൻ പൊതുജന ഉപയോഗത്തിനായി അനുവദിക്കുന്ന ആദ്യ രാജ്യമായി ബ്രിട്ടൻ മാറി.
“ഫൈസർ - ബയോഎൻടെക്കിന്റെ കൊവിഡ് വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകുന്നതിനുള്ള മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ (എം.എച്ച്.ആർ.എ) ശുപാർശ സർക്കാർ അംഗീകരിച്ചെന്ന് വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അടുത്തയാഴ്ച മുതൽ വാക്സിൻ രാജ്യത്ത് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അവസാനഘട്ട പരീക്ഷണങ്ങൾ പൂർത്തിയായപ്പോൾ വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഫൈസർ അറിയിച്ചിരുന്നു. പത്ത് മാസം കൊണ്ടാണ് വാക്സിൻ വികസിപ്പിച്ചത്. വിവിധ പ്രായപരിധിയിലുള്ള, വിവിധ ഭൂപ്രദേശങ്ങളിലുള്ളവരിൽ ഈ വാക്സിൻ പരീക്ഷിച്ച് വിജയിച്ചുവെന്നും, ആരിലും വലിയ പാർശ്വഫലങ്ങൾ കണ്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു. അതേസമയം, രണ്ടാം ഘട്ട വ്യാപനം മൂലം വലയുന്ന ബ്രിട്ടീഷ് ജനതയ്ക്ക് വലിയ ആശ്വാസമാണ് ഈ വാർത്ത. 1,643,086 കേസുകളാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തത്. 59,051 പേർ മരിച്ചു. ലോകത്താകെ 64,270,911 കേസുകളാണുള്ളത്. 1,488,732 പേർ മരിച്ചു. 44,527,576 പേർ രോഗവിമുക്തരായി. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് വ്യാപനവും മരണവും ഏറ്റവും രൂക്ഷം.