jarad

റിയാദ്​: അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം സ്ഥാനമൊഴിയാനിരിക്കെ ഗൾഫിൽ അവസാനവട്ട ഇടപെടലിനായി ട്രംപിൻെറ ഉപദേശകനും മകൾ ഇവാൻകയുടെ ഭർത്താവുമായ ജറാഡ് കുഷ്​നർ സൗദി അറേബ്യയിലെത്തി. ഖത്തറടക്കമുള്ള ഭരണനേതൃത്വങ്ങളുമായി കുഷ്​നറും സംഘവും സംഭാഷണം നടത്തും. ഭീകരതയെ ഖത്തർ പിന്തുണക്കുന്നു എന്നാരോപിച്ച് 2017 ൽ സൗദി അറേബ്യ, ബഹ്​റൈൻ, ഈജിപ്​ത്​, യു.എ.ഇ എന്നീ രാജ്യങ്ങൾ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധം നീങ്ങാനുള്ള സാദ്ധ്യത തെളിയുന്നതായി സൂചനയുണ്ട്​.

ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങൾ ഉപേക്ഷിക്കാനും തുർക്കി സൈനിക താവളത്തിൻെറ പ്രവർത്തനം അവസാനിപ്പിക്കാനും ഖത്തറിനോട്​ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച ഖത്തർ ആവശ്യങ്ങൾ അംഗീകരിച്ചില്ല. പുതിയ സാഹചര്യത്തിൽ, മേഖലയിൽ ഇറാനെതിരായ സഖ്യം

ശക്​തിപ്പെടുത്താൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ട്​. മേഖലയിൽ ഇസ്രയേലിന്​ പിന്തുണ ഉറപ്പുവരുത്താനും അമേരിക്ക ശ്രമിക്കുന്നുണ്ട്​.

ഇത് കൂടാതെ, ഗൾഫ്​ രാജ്യങ്ങളും ഇസ്രയേലും തമ്മിൽ ധാരണയുണ്ടാക്കാൻ അമേരിക്ക ശ്രമം ശക്തിപ്പെടുത്തിയിട്ടുണ്ട്​. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്​ ശേഷം, യു.എസ്​. സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക് പോംപിയോയുടെ ഗൾഫ്​ സന്ദർശനത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാനും സൗദിയിൽ ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാനടക്കമുള്ള ഗൾഫ്​ നേതാക്കളോട്​ കുഷ്​നർ, അടുത്ത ബന്ധം വളർത്തിയെടുത്തിട്ടുണ്ട്​. റിയൽ എസ്​റ്റേറ്റ്​ വ്യവസായിയായ കുഷ്​നറിൻെറ വാണിജ്യതാൽപര്യങ്ങളും സന്ദർശനത്തിന്​ പിറകിലുണ്ടെന്നാണ്​ നിരീക്ഷകർ കരുതുന്നത്​.