protest

ന്യൂഡൽഹി: കഴിഞ്ഞ ഒരാഴ്‌ചയായി രാജ്യത്തെ കർഷകർ ഡൽഹിയിൽ ശക്തമായ സമരം തുടരുകയാണ്. സെപ്‌തംബർ 27ന് പ്രസിഡന്റ് റാം നാഥ് കോവിന്ദ് ഒപ്പുവച്ചതോടെ അംഗീകാരം നേടിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ രാജ്യം കണ്ടിട്ടില്ലാത്ത വിധം കടുത്ത പ്രതിരോധമാണ് നടക്കുന്നത്. ചൊവ്വാഴ്‌ച കേന്ദ്ര സർക്കാരുമായി കർഷകർ നടത്തിയ ചർച്ചകൾ വിജയം കണ്ടില്ല. നിയമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നത് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരാണ്. കാലങ്ങളായി കർഷകരെ ചൂഷണം ചെയ്‌ത് ജീവിക്കുന്ന ഇടനിലക്കാർ ഈ നിയമങ്ങളോടെ ഇല്ലാതാകുമെന്നും കൃഷി ചെയ്യുന്നതിന്റെ ഗുണം കർഷകർക്ക് നേരിട്ട് ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ കർഷകരോട് പറഞ്ഞത്. എന്നാൽ ഇതുകൊണ്ടൊന്നും കർഷകർ പിന്മാറുന്നില്ല. ഇന്ത്യയിലെ കാർഷിക മേഖലയിൽ നിന്ന് സർക്കാർ പിന്തുണ പിൻവലിക്കുന്നതിന്റെ സൂചനയായാണ് അവർ ഇതിനെ കാണുന്നത്. നിലവിലെ ചെറിയ ഇടനിലക്കാരെ വിട്ട് വലിയ കോർപറേ‌റ്റുകളെ ആ സ്ഥാനത്ത് കൊണ്ടുവരികയാണെന്ന് അവർ സംശയിക്കുന്നു.

പരസ്‌പരം സന്ധിയിലൂടെ കൃഷിചെയ്യലും, കൃഷി ഉൽപന്നങ്ങളുടെ സംഭരണവും ചരക്ക് നീക്കവും സർക്കാർ നിയന്ത്രണത്തിന് പുറത്ത് വൻകിട കുത്തകകൾക്ക് അനുകൂലമായി നടക്കാനുമുള‌ള സാഹചര്യമുണ്ടാകുമെന്ന് കർഷകർ ഭയക്കുന്നു. കാർഷിക നിയമത്തെ അനുകൂലിച്ചും കൃഷിക്കാരുടെ സമരത്തിനെ അനുകൂലിച്ചുമുള‌ള ചർച്ചകൾ രാജ്യത്ത് ചൂട് പിടിക്കുകയാണ്. കാർഷികവൃത്തി കൊണ്ട് രാജ്യത്ത് ഭക്ഷ്യ ഭദ്രതയുള‌ളതായി കണക്കാക്കാനാകുമോ? ആഹാരത്തിന് മുട്ടില്ലാത്തപ്പോഴും ഇന്ത്യയിൽ എല്ലാവർക്കും ആഹാരം ലഭിക്കാത്തതെന്തുകൊണ്ട്? സമരം ചെയ്യുന്ന കർഷകർ സാമ്പത്തികമായി ബുദ്ധമുട്ടുള‌ളവരാണോ? കൃഷി രാജ്യത്ത് പരിസ്ഥിതി നാശത്തിനും കാരണമാകുന്നുണ്ടോ ഇത്തരത്തിൽ പല ചോദ്യങ്ങളും സംവാദങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്.

ഇന്ത്യയിലെ ആഹാര ലഭ്യത

സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുൻപ് ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ ഇന്ത്യയിൽ വൻതോതിൽ ആഹാര ദൗർലഭ്യമുണ്ടായിരുന്നു. നാം കൃഷിചെയ്യുന്ന വിളകളുടെ അവകാശം നമ്മുടെ നാട്ടിലെ ജനങ്ങൾക്കായിരുന്നില്ല അന്ന്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ മോശമായിരുന്ന സ്ഥിതിയിലായിരുന്നു രാജ്യത്തെ കാർഷികരംഗം. ആ അവസ്ഥ മാ‌റ്റിയത് സർക്കാരുകൾ നടപ്പാക്കിയ ഹരിത വിപ്ളവം, ധവള വിപ്ളവം പോലെയുള‌ള കൃഷി സഹായമായ പദ്ധതികളായിരുന്നു. നല്ല വിള നൽകുന്ന വിത്തുകൾ കർഷകർക്ക് സർക്കാർ നൽകി. രണ്ട് തരം പ്രതിഫലം അതിന് സർക്കാർ കർഷകർക്ക് നൽകി. കൃഷിയിറക്കാൻ സബ്‌സിഡിയും വിളകൾ വിൽക്കാൻ ന്യായ വിലയും.

രാജ്യം ഭക്ഷ്യ ഭദ്രമാണെന്നാണ് മിക്ക ജനങ്ങളും കരുതി പോരുന്നത്. എന്നാൽ വികസിത രാജ്യങ്ങളെക്കാളും ചൈനയെയും വിയ‌റ്റ്നാമിനെക്കാളും താഴെ മാത്രമാണ് ഇന്ത്യയിലെ ആഹാര ലഭ്യത. ചിലരിൽ മാത്രം ധാരാളം ആഹാരം ലഭിക്കുന്നതിനാലാകാം ഭക്ഷ്യഭദ്രമാണ് രാജ്യമെന്ന് തോന്നലുണ്ടാകുന്നത്.

അവശ്യഭക്ഷണത്തിന്റെ ഉയ‌ർന്ന വില

മിക്ക ഇന്ത്യക്കാർക്കും നല്ല ആഹാരം വാങ്ങാനുള‌ള സാമ്പത്തിക ഭദ്രത ഇന്ത്യയിലില്ല എന്ന് പഠനങ്ങളിൽ തെളിയുന്നു. അന്താരാഷ്‌ട്ര ഫുഡ് പോളിസി ഗവേഷണ സ്ഥാപനത്തിലെ കല്യാണി രഘുനാഥൻ നടത്തിയ ഗവേഷണത്തിൽ ഗ്രാമീണ മേഖലയിൽ 63.3 ശതമാനം പേർക്കും നല്ല ആഹാരം വാങ്ങാനുള‌ള സാമ്പത്തികമില്ല. ഭക്ഷ്യതേര കാര്യങ്ങൾക്ക് തങ്ങളുടെ വരുമാനം മാ‌റ്റിവച്ചാൽ ഇതി 76 ശതമാനത്തിന് മുകളിലെത്തും.

സമരം ചെയ്യുന്ന കർഷകർ ഇന്ത്യയിലെ ധനികർ

ഡൽഹിയിലും പരിസരത്തുമായി സമരം ചെയ്യുന്ന കർഷകർ യഥാർത്ഥത്തിൽ രാജ്യത്തെ ധനികരായ കർഷകരാണ്. ദേശീയ സ്‌റ്റാറ്റിസ്‌റ്റിക്കൽ വിഭാഗം 2013ൽ നടത്തിയ പഠനത്തിൽ പഞ്ചാബിലും ഹരിയാനയിലും കാർഷിക വിഭവങ്ങൾക്ക് നൽകുന്ന താങ്ങുവില ഇതിൽ വലിയൊരു ഘടകമാണ്. 2019-20ൽ രാജ്യത്തെ 65 ശതമാനം ഗോതമ്പും 30 ശതമാനം അരിയും പഞ്ചാബിൽ നിന്നാണ് ലഭിച്ചത്. ഇതിലൂടെ വലിയ വരുമാനമാണ് രാജ്യത്തെ മ‌റ്റ് ഭാഗങ്ങളിലെ കർഷകരെക്കാൾ ഇവർ നേടുന്നത്.

പരിസ്ഥിതിയ്‌ക്ക് നാശമുണ്ടാക്കുന്ന കൃഷി

അരിയും ഗോതമ്പും കൃഷി ചെയ്യുന്ന പഞ്ചാബിലെ കർഷകർ വലിയ ധനികരാണ്. ഇവിടെ നെൽകൃഷിയ്‌ക്ക് യോജിച്ച ജല ലഭ്യതയുള‌ള മണ്ണല്ല. അതിനാൽ ബോർവെൽ പോലെയുള‌ള സംവിധാനത്തിലൂടെയാണ് ഇവിടെ കൃഷിക്ക് ജലസേചനം നടത്തുന്നത്. ഇത് ഭൂമിക്കടിയിലെ ജല ലഭ്യത ഇല്ലാതാക്കുന്നു എന്ന വലിയ പാരിസ്ഥിതിക പ്രശ്‌നവുമുണ്ട്. 2011ൽ അനിന്ദിത സർക്കാർ ഇക്കണോമിക് ആന്റ് പൊളി‌റ്റിക്കൽ വീക്കിലിയിൽ എഴുതിയ ലേഖനത്തിൽ ഇക്കാര്യം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. നിലവിലെ സർക്കാരുമായുള‌ള സമരത്തിലൂടെ കർഷകരും സർക്കാരും തമ്മിലെ അന്തരം വർദ്ധിക്കുകയല്ലാതെ പരിഹരിക്കപ്പെടില്ല.