
മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് ജോഡികളാണ് മോഹൻലാലും ശോഭനയും. മാമ്പഴക്കാലം എന്ന ചിത്രത്തിലാണ് ഇരുവരും ഏറ്റവും ഒടുവിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത്. സിനിമയ്ക്കകത്തെ സുഹൃത്തുക്കൾ മോഹൻലാലിനെ ലാൽ, ലാലേട്ടൻ എന്നൊക്കെ വിളിക്കുമ്പോൾ ലാൽ സർ എന്നാണ് ശോഭന അദ്ദേഹത്തെ വിളിക്കുന്നത്. മോഹൻലാലിന്റെ ഏറ്റവും പുതിയ പോസ്റ്റിൽ ശോഭനയുടെ കമന്റാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. സുന്ദരനായി കുറച്ചുകൂടി ചെറുപ്പമായ ലുക്കിലാണ് മോഹൻലാൽ ഫോട്ടോയിൽ കാണപ്പെടുന്നത്. ‘കൂൾ ലാൽ സർ’ എന്നാണ് ചിത്രത്തിന് ശോഭനയുടെ കമന്റ്. ശോഭനയുടെ കമന്റിന് ആരാധകർ ലൈക്ക് നൽകി തുടങ്ങിയിട്ടുണ്ട്. 
സാധാരണയായി തന്റെ സിനിമകളോ നൃത്തമോ ആയി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പങ്കുവയ്ക്കാനായി മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ശോഭന, ഇതുവരെ സുഹൃത്തുക്കളോ സഹപ്രവർത്തകരോ ആയി ഇതുവഴി സംവദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലാത്തതുകൊണ്ടു തന്നെ എല്ലാവർക്കും താരത്തിന്റെ ഈ കമന്റ് ഒരു അത്ഭുതമാണ്. പ്രമുഖ ഫൊട്ടോഗ്രാഫർ അനീഷ് ഉപാസനയാണ്  ഫോട്ടോയെടുത്തിരിക്കുന്നത്.‘പക്ഷെ’, ‘മിന്നാരം’, ‘പവിത്രം’, ‘തേന്മാവിൻ കൊമ്പത്ത്’, ‘ടി.പി ബാലഗോപാലൻ എം.എ’, ‘വെള്ളാനകളുടെ നാട്’, ‘ഉള്ളടക്കം’, ‘മായാമയൂരം’, ‘മണിച്ചിത്രത്താഴ്’, ‘നാടോടിക്കാറ്റ് ’ തുടങ്ങി ഇരുവരുടെയും ഒന്നിച്ചഭിനയിച്ച എത്രയോ ചിത്രങ്ങൾ ഇന്നും മലയാളികളുടെ പ്രിയ സിനിമകളുടെ ലിസ്റ്റിൽ മുൻപന്തിയിലാണ്. മലയാള സിനിമാ പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ ഹൃദയത്തോട് ചേർത്ത് നിർത്തിയ ഈ താരജോഡി ഇനിയെന്ന് ഒന്നിക്കുമെന്നായിരുന്നു പലർക്കും അറിയേണ്ടത്.ശോഭനയും മോഹൻലാലും തമ്മിൽ 37 വർഷത്തെ സുഹൃദ്ബന്ധമാണുള്ളത്. 55 സിനികളിൽ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിട്ടുമുണ്ട്.