kanthi

സൂററ്റ്: ഗുജറാത്തിൽ കൊവിഡ് നിയന്ത്രണ വിധേയമാക്കാൻ സർക്കാർ കിണഞ്ഞുപരിശ്രമിക്കുമ്പോൾ നിയലംഘനവുമായി ബി.ജെ.പി നേതാവു തന്നെ രംഗത്ത്. മുൻ മന്ത്രി കൂടിയായ കാന്തി ഗാമിതാണ് ഒരു നിയന്ത്രണങ്ങളും പാലിക്കാതെ കൊച്ചുമകളുടെ വിവാഹ നിശ്ചയ ചടങ്ങ് നടത്തി വിവാദത്തിലായിരിക്കുന്നത്. ഗുജറാത്തിലെ തപിയിലുള്ള സോൻഗഡിലാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. ഇതിൽ അയ്യായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങി ഒരു നിയന്ത്രണങ്ങളും പാലിച്ചിട്ടില്ല. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവം വിവാദമായതോടെ ബി.ജെ.പി നേതാവ് ക്ഷമ ചോദിച്ച് രംഗത്തെത്തി. പ്രതിവർഷം നടത്തുന്ന തുളസി വിവാഹെന്ന ചടങ്ങ് തന്റെ പേരക്കുട്ടിയുടെ വിവാഹനിശ്ചയ ചടങ്ങിനൊപ്പം നടത്തിയതാണ് ഇത്രയും ആളുകൾ കൂടാൻ കാരണമായതെന്നാണ് കാന്തി ഗാമിത് പറയുന്നത്. തങ്ങൾ ആരെയും ക്ഷണിച്ചിരുന്നില്ലെന്നും ഒരു സന്ദേശം മാത്രമാണ് അയച്ചതെന്നും ഇത്രയധികം ആളുകളെ പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് കാന്തി ഗാമിതിന്റെ വിശദീകരണം.