
മൂന്നാം ഏകദിനത്തിൽ ഇന്ത്യ 13 റൺസിന് ആസ്ട്രേലിയയെ തോൽപ്പിച്ചു
ഇന്ത്യ 302/5 , ആസ്ട്രേലിയ 289, ഹാർദിക് പാണ്ഡ്യ (92*) മാൻ ഒഫ് ദ മാച്ച്
പരമ്പര 2-1ന് ആസ്ട്രേലിയ സ്വന്തമാക്കി,ട്വന്റി-20 നാളെ മുതൽ
കാൻബെറ : മൂന്നാം ഏകദിനത്തിൽ 13 റൺസിന് ജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയയുടെ വൈറ്റ്‌വാഷ് മോഹത്തിന് തടയിട്ടു.
സിഡ്നിയിൽ നടന്ന ആദ്യ രണ്ട് ഏകദിനങ്ങളിലും ചേസ് ചെയ്ത് തോറ്റുപോയ ഇന്ത്യ ഇന്നലെ കാൻബെറയിൽ ഓസീസിനെ ചേസിംഗിനിറക്കിയാണ് വീഴ്ത്തിയത്.ടോസ് നേടി ആദ്യബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 302 റൺസ് എന്ന സ്കോർ ഉയർത്തിയപ്പോൾ ആതിഥേയർ 49.3 ഓവറിൽ 289 റൺസിന് ആൾഔട്ടാവുകയായിരുന്നു.
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 12000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ എന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കാഡ് മറികടന്ന് പരമ്പരയിലെ തുടർച്ചയായ രണ്ടാം അർദ്ധസെഞ്ച്വറി നേടിയ നായകൻ വിരാട് കൊഹ്‌ലിയും (63) അവസാന 18 ഒാവറുകളിൽ ആറാം വിക്കറ്റിൽ പുറത്താകാതെ 150 റൺസ് അടിച്ചുകൂട്ടിയ ഹാർദിക്ക് പാണ്ഡ്യയുടെയും (76 പന്തുകളിൽ 92 റൺസ്),രവീന്ദ്ര ജഡേജയുടെയും (50പന്തുകളിൽ 66 റൺസ്) ബാറ്റിംഗ് മികവാണ് ഇന്ത്യയെ പരമ്പരയിൽ മൂന്നാമതും മുന്നൂറു കടത്തിയത്. മറുപടിക്കിറങ്ങിയ ആസ്ട്രേലിയയ്ക്ക് വേണ്ടി നായകൻ ആരോൺ ഫിഞ്ചും (75) ഗ്ളെൻ മാക്സ്‌വെല്ലും (59) അലക്സ് കാരേയും (38) ആഷ്ടൺ ആഗറും (28) പൊരുതിനോക്കിയെങ്കിലും ഇന്ത്യൻ ബൗളർമാരുടെ പ്രയത്നത്തിന് മുന്നിൽ വീണുപോയി.
ഏഴുഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 76 പന്തുകളിൽ 92 റൺസ് നേടിയ ഹാർദിക്ക് പാണ്ഡ്യയാണ് മാൻ ഒഫ് ദ മാച്ച്. അവസാന മത്സരത്തിൽ ഏഴു റൺസിന് പുറത്തായെങ്കിലും രണ്ട് സെഞ്ച്വറികൾ ഉൾപ്പടെ 216 റൺസ് നേടിയ സ്റ്റീവൻ സ്മിത്താണ് പരമ്പരയിലെ താരം.
മാറ്റങ്ങളോടെ ഇന്ത്യ
ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ഓപ്പണർ മായാങ്ക് അഗർവാളിന് പകരം ശുഭ്മാൻ ഗില്ലിനെയാണ് ഇന്ത്യ ഇന്നലെ ഇറക്കിയത്. ഗിൽ 33 റൺസ് നേടുകയും കൊഹ്‌ലിക്കൊപ്പം അർദ്ധസെഞ്ച്വറി കൂട്ടുകെട്ടിൽ പങ്കാളിയാവുകയും ചെയ്തു.
പേസർമാരായ നവ്ദീപ് സെയ്നിയെയും ഷമിയെയും മാറ്റിനിറുത്തി ശാർദൂൽ താക്കൂറിനും നടരാജനും അവസരം നൽകി. ശാർദൂൽ 10 ഓവറുകളിൽ ഒരു മെയ്ഡനടക്കം 51 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
അരങ്ങേറ്റത്തിനിറങ്ങിയ നടരാജൻ 10 ഓവറുകളിൽ ഒരു മെയ്ഡനടക്കം70 റൺസ് വഴങ്ങിയെങ്കിലും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.മത്സരത്തിൽ ആസ്ട്രേലിയയ്ക്ക് ആദ്യം നഷ്ടമായ മാർനസ് ലബുഷാനെയുടെ (7) വിക്കറ്റായിരുന്നു നടരാജന്റെ അരങ്ങേറ്റ വിക്കറ്റ്.
യുസ്‌വേന്ദ്ര ചഹലിന് പകരമിറങ്ങിയ കുൽദീപിനും ഒരു വിക്കറ്റ് ലഭിച്ചു.
മലയാളി താരം സഞ്ജു സാംസണിന് അവസരം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
കളിത്തിരിവുകൾ
1. ടോസ് ഇന്ത്യയ്ക്ക് ലഭിച്ചത് നിർണായകമായി. ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ധവാൻ (16),ഗിൽ (33),ശ്രേയസ് (19),രാഹുൽ (5) എന്നിവരുടെ വിക്കറ്റുകൾ ഇന്നിംഗ്സിന്റെ പകുതിയോടെ നഷ്ടമായെങ്കിലും കൊഹ്‌ലി,പാണ്ഡ്യ,ജഡേജ എന്നിവരുടെ പോരാട്ടം തുണയായി.
2. കൊഹ്‌ലി നങ്കൂരമിട്ട ശേഷം കഴിഞ്ഞ മത്സരങ്ങളിൽ ഗ്ളെൻ മാക്സ്‌വെൽ ഒാസീസിനായി കാഴ്ചവച്ച പ്രകടനം പോലെ ഇന്നലെ പാണ്ഡ്യയും ജഡേജയും അവസാന ഓവറുകളിൽ മിന്നി.
3. അപകടകാരികളായ ലബുഷാനെയെയും (7) സ്മിത്തിനെയും (7) ആദ്യ 15 ഓവറിനുള്ളിൽ കൂടാരം കയറ്റാൻ നടരാജനും ശാർദ്ദൂലിനും കഴിഞ്ഞത് വലിയ മുൻതൂക്കം നൽകി.
4.കൃത്യമായ ഇടവളകളിലെ വിക്കറ്റ് വീഴ്ത്തലാണ് വിജയത്തിൽ നിർണായകമായത്.82 പന്തുകളിൽ 75 റൺസടിച്ച ഫിഞ്ചിനെ ബൗണ്ടറിക്കരികിൽ ധവാന്റെ കയ്യിലെത്തിച്ച ജഡേജയും മാക്സവെല്ലിനെ ക്ളീൻ ബൗൾഡാക്കിയ ബുറംയും പ്രത്യേക അഭിനന്ദനമർഹിക്കുന്നു.
5. അവസാന ഘട്ടത്തിൽ മികച്ച ഫീൽഡിംഗും റൺ നിയന്ത്രിച്ചുള്ള ബൗളിംഗും വഴി ആതിഥേയർക്ക് മേൽ സമ്മർദ്ദമേറ്റാനും കഴിഞ്ഞു.
ഇനി ട്വന്റി-20
ഇന്ത്യയും ആസ്ട്രേലിയയുമായി മൂന്ന് ട്വന്റി-20കളുടെ പരമ്പരയാണ് ഇനി. ഇതിൽ ആദ്യത്തേത് നാളെ കാൻബെറയിൽ നടക്കും. രണ്ടാം ട്വന്റി-20 ആറിനും മൂന്നാം ട്വന്റി-20 എട്ടിനും സിഡ്നിയിൽ നടക്കും.