death


കൊല്‍ക്കത്ത: പഴകിയ ബിരിയാണി വിളമ്പിയതിന് നാത്തൂന്റെ മര്‍ദനമേറ്റ നാൽപ്പത്തിയെട്ടുകാരി മരിച്ചു. കൊല്‍ക്കത്തയിലെ ഗാംഗുലി ബഗാനിലാണ് സംഭവം. ഫല്‍ഗുനി ബസുവാണ് മരിച്ചത്. ഡല്‍ഹൗസി ഏരിയയില്‍ ആര്‍ക്കിടെക്ച്വര്‍ സ്ഥാപനം നടത്തുന്ന ശര്‍മിഷ്ട ബസുവാണ് പ്രതി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. ശര്‍മിഷ്ഠ ബസുവിന്റെ മകന്‍ ഛര്‍ദിച്ചതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. ഫല്‍ഗുനി ബസു നല്‍കിയ പഴകിയ ബിരിയാണി കഴിച്ചതു കൊണ്ടാണ് മകന്‍ ഛര്‍ദിച്ചതെന്നാരോപിച്ചാണ് ശര്‍മിഷ്ഠ ഫല്‍ഗുനിയെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു.


ഡൈനിംഗ് റൂമില്‍ നിന്ന് ഫല്‍ഗുനിയെ മുടിയില്‍ പിടിച്ചിഴച്ച് കിടക്കയിലേക്ക് തള്ളിയിട്ട ശേഷമാണ് ശര്‍മിഷ്ഠ മര്‍ദിച്ചത്. ഫല്‍ഗുനിക്ക് ബോധം നഷ്ടപ്പെടുന്നതുവരെ ഇവര്‍ മര്‍ദിച്ചു. ഫല്‍ഗുനിയുടെ കരച്ചില്‍ കേട്ട് ഇവരുടെ ഭര്‍ത്താവ് എത്തിയപ്പോഴാണ് ശഷര്‍മിഷ്ഠ മര്‍ദനം അവസാനിപ്പിച്ചത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.


അതേസമയം പ്രതിയായ ശര്‍മിഷ്ഠ സ്‌കീസോഫ്രെനിക് ആണെന്നും നിസാരകാര്യങ്ങള്‍ക്കു പോലും ദേഷ്യം വരുന്ന ആളാണെന്നും കുടുംബം പറഞ്ഞു. എന്നാല്‍ ഇത് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പൊലീസ് പറഞ്ഞു. മര്‍ദനത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഫല്‍ഗുനി മരിച്ചതെന്നും പൊലീസ് പറഞ്ഞു. ശര്‍മിഷ്ഠയും ഫല്‍ഗുനിയും തമ്മില്‍ നേരത്തെയും വഴക്ക് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായിട്ടാണാണ് ശാരീരികമായി ആക്രമിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ഫല്‍ഗുനിയുടെ ഭര്‍ത്താവ് അരിന്‍ദാം ബസുവിന്റെ പരാതിയില്‍ കേസെടുത്തു.