galwan-incident

വാഷിംഗ്ടണ്‍:ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ സംഘര്‍ഷം ചൈന ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് അമേരിക്കയിലെ ഉന്നതതല സമിതി. യുണൈറ്റഡ് സ്റ്റേറ്റ്സ് - ചൈന എക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2020 ജൂണിലാണ് ഗാല്‍വന്‍ സംഘര്‍ഷമുണ്ടായത്.

ജപ്പാന്‍ മുതല്‍ ഇന്ത്യവരെയുള്ള രാജ്യങ്ങള്‍ക്കെതിരെ ചൈന സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ഗാല്‍വാന്‍ സംഭവം ചൈന ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആളപായം ഉണ്ടാകാനുള്ള സാദ്ധ്യതപോലും ചൈന മുന്നില്‍ക്കണ്ടിരുന്നുവെന്നാണ് യു.എസ് സമിതി പറയുന്നത്. ഇരുരാജ്യങ്ങളെയും വേര്‍തിരിക്കുന്ന യഥാര്‍ഥ നിയന്ത്രണ രേഖയില്‍ കിഴക്കന്‍ ലഡാക്കിന് സമീപമാണ് ഗാല്‍വന്‍ താഴ്‌വര.

2020 മെയ് മാസം മുതലുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവിലാണ് 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയും ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്ത ഗാല്‍വന്‍ സംഘര്‍ഷമുണ്ടായത്. എത്ര ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടത് എന്നകാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. 1975 നുശേഷം ഇരുഭാഗത്തും ആള്‍നാശമുണ്ടാകുന്ന ആദ്യ സംഭവമായിരുന്നു ഇത്. അതിര്‍ത്തി ഭദ്രമാക്കുന്നതിനായി സൈനിക ശക്തി ഉപയോഗിക്കാന്‍ ചൈനീസ് പ്രതിരോധമന്ത്രി നിര്‍ദ്ദേശിച്ചതിന് പിന്നാലെ ആയിരുന്നു സംഭവം.


സംഘര്‍ഷമുണ്ടാകുന്നതിന് ഒരാഴ്ചമുമ്പ് പകര്‍ത്തിയ ഉപഗ്രഹ ചിത്രങ്ങളില്‍ ആയിരത്തോളം പി.എല്‍.എ സൈനികരുടെ സാന്നിധ്യം ഗാല്‍വന്‍ താഴ്‌വരയിലുണ്ടെന്ന കാര്യം വ്യക്തമായിരുന്നു. ഷി ജിന്‍പിംഗ് 2012 ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി അവരോധിക്കപ്പെട്ടതിനുശേഷം അഞ്ച് തവണയാണ് വന്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായതെന്നും യു.എസ് സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.