
ഭോപ്പാൽ: മറ്റൊരാളുടെ കവിത ഭാര്യയുടെ പേരിൽ ട്വീറ്റ് ചെയ്ത് വിവാദത്തിലായിരിക്കുകയാണ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പിതാവിന്റെ മരണത്തെ തുടർന്ന് ഭാര്യ സാധനാ സിംഗ് രചിച്ച കവിതയെന്ന കുറിപ്പിൽ ചൗഹാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കവിത തന്റേതാണെന്ന അവകാശവുമായി എഴുത്തുകാരി ഭൂമിക ബിർതാരെ എത്തിയതോടെയാണ് സംഗതി വിവാദത്തിലായത്. ഇക്കഴിഞ്ഞ നവംബർ 18നാണ് ചൗഹാന്റെ ഭാര്യ പിതാവ് ഘനശ്യാം ദാസ് മസാനി അന്തരിച്ചത്. അച്ഛന്റെ ഓർമ്മകൾക്കു മുന്നിൽ മകൾ അർപ്പിച്ച കാവ്യാഞ്ജലിയെന്ന് പറഞ്ഞാണ് 'ബാവുജി' എന്ന കവിത നവംബർ 22ന് ചൗഹാനിട്ടത്. എന്നാൽ, ഇത് തന്റെ ഡാഡി എന്ന കവിതയാണെന്നും എനിക്ക് ക്രെഡിറ്റ് തരണേ ചൗഹാൻ സർ എന്നും പറഞ്ഞ് ഭൂമിക രംഗത്തെത്തിയത്. മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും ഭൂമിക ട്വിറ്ററിൽ ടാഗ് ചെയ്തിട്ടുമുണ്ട്. അച്ഛനോടുള്ള തന്റെ വികാരത്തോട് അനീതി കാണിക്കരുതെന്ന് ആവശ്യപ്പെടുന്നതിനൊപ്പം തന്റെ കവിത മോഷ്ടിക്കുന്നതു കൊണ്ട് എന്ത് നേട്ടമാണ് ലഭിക്കുന്നതെന്നും ഭൂമിക ചോദിക്കുന്നു. നവംബർ 21ന് താൻ ട്വിറ്ററിലിട്ട കവിത മോഷ്ടിച്ചുവെന്നും അതിനു തെളിവുണ്ടെന്നും പറഞ്ഞ ഭൂമിക സംഭവം രാഷ്ട്രീയവത്കരിക്കാൻ താത്പര്യമില്ലെന്നും വ്യക്തമാക്കി.
കോൺഗ്രസ് നടപ്പിലാക്കിയ പല പദ്ധതികളും തങ്ങളുടേതാക്കുന്നതിൽ ബി.ജെ.പിയ്ക്ക് പണ്ടേ വൈദഗ്ദ്ധ്യമുണ്ടെന്നും എന്നാൽ മറ്റാരുടേയോ കവിത സ്വന്തം ഭാര്യയുടേതെന്ന പേരിൽ പ്രചരിപ്പിച്ചത് ശരിയായ നടപടിയല്ലെന്നും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അരുൺ യാദവ് വിമർശിച്ചു.