
വാഷിംഗ്ടൺ : ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലിസ്കോപ്പുകളിൽ ഒന്നായ പ്യൂർട്ടോ റികോയിലെ അരസിബോ ഒബ്സർവേറ്ററിയിലെ ടെലിസ്കോപ്പ് തകർന്നു വീണു. അര നൂറ്റാണ്ടിലേറെയായി ഭൂമിയിൽ നിന്നും വിദൂരതയിലുള്ള നക്ഷത്രങ്ങളെ നിരീക്ഷിച്ച് വരികയാണ് ഈ പടുകൂറ്റൻ ടെലിസ്കോപ്പ്. 57 വർഷം പഴക്കമുള്ള അരസിബോ ടെലിസ്കോപ്പിനെ പിയേഴ്സ് ബ്രോസ്നൻ നായകനായ ജെയിംസ് ബോണ്ട് ചിത്രം ഗോൾഡൻ ഐയിൽ കാണാം.
കഴിഞ്ഞ ഓഗസ്റ്റിൽ ടെലിസ്കോപ്പിന് കനത്ത നാശം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. അന്ന് മുതൽ ടെലിസ്കോപ്പിന്റെ നിലനിൽപ്പ് ഭീഷണിയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെയാണ് 900 ടൺ ഭാരമുള്ള ഇൻസ്ട്രുമെന്റ് പ്ലാറ്റ്ഫോം അടക്കമുള്ള ഭാഗം തകർന്നു വീണതെന്ന് യു.എസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ പറഞ്ഞു. അപടകത്തിൽ ആർക്കും പരിക്കില്ല.

ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിദ്ധ്യമുണ്ടോ എന്നറിയാൻ ഗവേഷകർ ഈ ടെലിസ്കോപ്പിനെ ആശ്രയിച്ചിരുന്നു. ഭൂമിയ്ക്ക് ഹാനികരമായേക്കാവുന്ന ഉൽക്കകളേയും ഛിന്നഗ്രഹങ്ങളെയും ഇവിടെ നിരീക്ഷിച്ചിരുന്നു. നിലവിൽ കാലപ്പഴക്കത്തിൽ ശോഷിച്ച ടെലിസ്കോപ്പ് അധികൃതർ അടച്ചിട്ടിരിക്കുകയായിരുന്നു. അറ്റക്കുറ്റപ്പണികൾ ചെയ്തിരുന്ന എൻജിനിയർമാർ അടക്കമുള്ളവർ എന്നാൽ ഇവിടെയുണ്ടായിരുന്നു.
ടെലിസ്കോപ്പ് തകർത്ത് പുതുക്കിപ്പണിയുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലെന്ന് വിദഗ്ദ്ധർ പറഞ്ഞിരുന്നു. ടെലിസ്കോപ്പിനോട് ചേർന്നുള്ള ഒബ്സർവേറ്ററി ലേണിംഗ് സെന്ററിനും നേരിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. റേഡിയ തരംഗങ്ങൾ സ്വീകരിച്ചിരുന്ന അരസിബോയ്ക്ക് ഭൂമിയ്ക്ക് പുറത്ത് അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗോൾഡൻ ഐയ്ക്ക് പുറമേ നിരവധി ഹോളിവുഡ് സയൻസ് ഫിക്‌ഷൻ ചിത്രങ്ങളിലും അരസിബോ ടെലിസ്കോപ്പ് കഥാപാത്രമായിട്ടുണ്ട്.