pic

വാഷിംഗ്‌ടൺ: ഐക്യരാഷ്‌ട്രസഭയുടെ തത്വങ്ങൾ അട്ടിമറിയ്‌ക്കാനുള്ള ചെെനയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ യു.എസ് നടപടി സ്വീകരിക്കണമെന്ന് അമേരിക്കൻ കമ്മീഷൻ. യു.എൻ അംഗങ്ങളുടെ
വോട്ട് അട്ടിമറിയ്ക്കാനുള്ള ചെെനയുടെ ഇടപെടൽ സംബന്ധിച്ച റിപ്പോർട്ട് കോൺഗ്രസിന് മുന്നിൽ സമർപ്പിച്ചു കൊണ്ടാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.

യു.എൻ സമിതിയെ സ്വാധീനിക്കാനുള്ള ചെെനയുടെ നീക്കത്തിൽ ഇന്ത്യയുൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ആശങ്ക അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച യുഎസ്-ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. യു.എൻ തത്വങ്ങളും ലക്ഷ്യങ്ങളും അട്ടിമറിക്കുന്ന ചെെനയുടെ പ്രവർത്തനങ്ങൾ എടുത്തുകാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ചെെനയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് യു.എൻ അന്താരാഷ്ട്ര നിയമങ്ങളിലും മനുഷ്യാവകാശങ്ങളിലും മാറ്റം വരുത്താൻ ബീജിംഗ് ശ്രമിച്ചതായും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

സമുദ്ര നിയമങ്ങൾ സംബന്ധിച്ച യു.എൻ കൺവെൻഷൻ പരിപാടികൾ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കാൻ ചൈന ശ്രമിച്ചിട്ടുണ്ട്, ഇതിനൊപ്പം “യു.എൻ സംഘടനകളെ സ്വാധീനിക്കുകയും“ പ്രത്യേക ചൈനീസ് വിദേശ നയ ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തതായും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്കയെ കൂടാതെ ഐക്യരാഷ്‌ട്രസഭയ്ക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം നൽകുന്ന രാജ്യമാണ് ചെെന. ഇത് ഐക്യരാഷ്‌ട്രസഭയുടെ സമ്പത്തിന്റെ 12 ശതമാനം വരും.