
മോസ്കോ : യു.കെയ്ക്ക് പിന്നാലെ മാസ് വാക്സിനേഷൻ ആരംഭിക്കാൻ ഒരുങ്ങി റഷ്യയും. അടുത്താഴ്ച മുതൽ വ്യാപക വാക്സിനേഷൻ ആരംഭിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. സ്പുട്നിക് V വാക്സിന്റെ 20 ലക്ഷത്തിലധികം ഡോസുകൾ ഇതുവരെ നിർമിച്ചു കഴിഞ്ഞതായും പുടിൻ വ്യക്തമാക്കി. അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ വാക്സിനാണ് ബ്രിട്ടൻ അംഗീകാരം നൽകിയത്. അടുത്താഴ്ച മുതൽ ഫൈസർ വാക്സിൻ ആരോഗ്യപ്രവർത്തകർക്ക് നൽകി തുടങ്ങും.
ഇടക്കാല ഗവേഷണ റിപ്പോർട്ട് അനുസരിച്ച് സ്പുട്നിക് 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി റഷ്യ അറിയിച്ചിരുന്നു. നിലവിൽ സ്പുട്നികിന്റെ അവസാനഘട്ട ക്ലിനിക്കൽ ട്രയൽ 40,000 പേരിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകർക്കും അദ്ധ്യാപകർക്കുമാണ് വാക്സിന്റെ ആദ്യ പരിഗണനയെന്ന് പുടിൻ വ്യക്തമാക്കി.
രണ്ട് വ്യത്യസ്ഥ അഡിനോവൈറസ് വെക്ടറുകളാൽ നിർമിതമായ സ്പുട്നികിന്റെ ആദ്യ ഡോസ് കുത്തിവച്ച ശേഷം 21 ദിവസത്തിന് ശേഷമാണ് അടുത്ത ഡോസ് എടുക്കുക. വാക്സിൻ എല്ലാ റഷ്യൻ പൗരന്മാർക്കും സൗജന്യമാണെന്നാണ് വിവരം.