
ന്യൂഡൽഹി : യാർലൂംഗ് സാംഗ്ബോ നദിയിലെ ( അസമിൽ പ്രവേശിക്കുമ്പോൾ ബ്രഹ്മപുത്ര എന്നറിയപ്പെടുന്നു ) ഏതെങ്കിലും തരത്തിലുള്ള ജലവൈദ്യുത പദ്ധതി നടപ്പാക്കുകയാണെങ്കിൽ നദി ഒഴുകുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ താത്പര്യങ്ങൾക്ക് പൂർണ പരിഗണന നൽകിക്കൊണ്ടാകുമെന്ന് ചൈന.
അരുണാചൽ അതിർത്തിയോട് ചേർന്ന് ചൈന കൂറ്റൻ ഡാം നിർമിക്കാൻ പോകുന്നുവെന്നും ഇത് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജലലഭ്യതയെ കാര്യമായി ബാധിക്കുമെന്നും തരത്തിലുള്ള വാർത്തകളോട് ചൈനീസ് എംബസി വക്താവി ജീ റോംഗ് ആണ് പ്രതികരിച്ചത്.
നിലവിൽ യാർലൂംഗ് സാംഗ്ബോ നദിയിലെ പദ്ധതിയുടെ പ്രാഥമിക ആസൂത്രണ ഘട്ടത്തിലാണെന്നും അതിനെ അമിതമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും റോംഗ് പറഞ്ഞു. അതിർത്തി കടന്നുള്ള നദികളുടെ ഉപയോഗത്തിലും വികസനത്തിലും ചൈന എല്ലായ്പ്പോഴും ഉത്തരവാദിത്വ മനോഭാവം സ്വീകരിച്ചിട്ടുണ്ടെന്നും വികസനത്തിനൊപ്പം സംരക്ഷണവും എന്നതാണ് ചൈനയുടെ നയമെന്നും റോംഗ് വ്യക്തമാക്കി.
ടിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന യാർലൂംഗ് സാംഗ്ബോ നദി അരുണാചൽ പ്രദേശിലെത്തുമ്പോൾ സിയാംഗ് എന്നാണ് അറിയപ്പെടുന്നത്. ബ്രഹ്മപുത്ര എന്ന പേരിൽ അസമിലൂടെ ഒഴുകി ബംഗ്ലാദേശിൽ നദി പതിക്കുന്നു. അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ടിബറ്റൻ മേഖലയായ മെഡോംഗിലാണ് ഡാം നിർമിക്കുകയെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലുള്ളതിനേക്കാൾ മൂന്നിരട്ടി ശേഷിയുള്ള ജലവൈദ്യുത പദ്ധതിയാണ് ചൈന ഇവിടെ ലക്ഷ്യമിടുന്നത്. ബ്രഹ്മപുത്രയിൽ ചൈനയ്ക്ക് വേറെയും ചെറുഡാമുകളുണ്ട്.