trump

വാഷിംഗ്‌ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബെെഡന്റെ വിജയം സ്ഥിരീകരിച്ചാൽ വെെറ്റ് ഹൗസ് വിട്ടുപോകുമെന്ന് പറഞ്ഞതിന് പിന്നാലെ പുതിയ നീക്കവുമായി അമേരിക്കാൻ പ്രസി‌ഡന്റ് ഡൊണാൾഡ് ട്രംപ്. നാല് വർഷത്തിനുള്ളിൽ വീണ്ടും കാണാമെന്നാണ് ട്രംപ് ഇപ്പോൾ പറയുന്നത്.ഇതോടെ 2024 ലെ തിരഞ്ഞെടുപ്പിലും പ്രസി‌ഡന്റ് സ്ഥാനം കണ്ണുവച്ചിരിക്കുകയാണ് ട്രംപെന്നാണ് പുറത്തുവരുന്ന സൂചനകൾ.

"ഇത് അതിശയകരമായ നാല് വർഷങ്ങളായിരുന്നു. ഇനിയും നാല് വർഷം കൂടി ഭരണം തുടരാൻ ഞങ്ങൾ ശ്രമിക്കുന്നു. അതല്ലെങ്കിൽ അടുത്ത നാല് വർഷത്തിനുള്ളിൽ നമ്മുക്ക് കാണാം." വെെറ്റ് ഹൗസിൽ നടന്ന ക്രിസ്‌തുമസ് ആഘോഷ പരിപാടികളിൽ പങ്കെടുത്ത് ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഈ വാക്കുകൾ 2024ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് കരുതപ്പെടുന്നു. നിലവിൽ പരാജയം നേരിട്ട ട്രംപ് തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് വിവിധ സംസ്ഥാനങ്ങളിലുള്ള കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതോടെയാണ് ബെെഡന്റെ വിജയം സ്ഥിരീകരിച്ചാൽ വെെറ്റ് ഹൗസ് വിട്ടുപോകാമെന്ന് ട്രംപ് പറഞ്ഞിരുന്നത്.

നവംബർ മൂന്നിന് നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് പിന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും തോൽവി സമ്മതിക്കാൻ ട്രംപ് തയ്യാറായിട്ടില്ലയെന്നത് ഏറെ ശ്രദ്ധേയമാണ്. എന്നാൽ ജോ ബെെഡൻ തന്റെ പുതിയ ഭരണകൂടം കെട്ടിഉയർത്തുന്നതിനായുള്ള മുന്നൊരുക്കത്തിലാണ്.