
കന്യാകുമാരി: ബുറേവി ചുഴലിക്കാറ്റിൽ ശ്രീലങ്കയിൽ വൻ നാശനഷ്‌ടം. ജാഫ്‌നയിലെ വാൽവെട്ടിത്തുറൈയിൽ നിരവധി വീടുകൾ തകർന്നു. മുല്ലൈത്തീവ്, കിളളിഗോച്ചി മേഖലകളിൽ കനത്ത പേമാരിയും കാറ്റും തുടരുകയാണ്. ബുറേവി കന്യാകുമാരി തീരത്തിന് 380 കിലോമീറ്റർ അടുത്തെത്തി. ഇന്ന് രാത്രി തമിഴ്‌നാട് തീരം കടക്കും.
കന്യാകുമാരി ഉൾപ്പടെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരം,കന്യാകുമാരി ജില്ലകളിൽ ആൾക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച് തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയെ ഉൾപ്പടെ തീരമേഖലയിൽ വിന്യസിച്ചു.
തെക്കൻ കേരളത്തിൽ ഇന്ന് രാത്രി മുതൽ കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്. കനത്ത ചുഴലിക്കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. 90 കിലോമീറ്രർ ആയിരിക്കും കേരളത്തിൽ പരമാവധി കാറ്റിന്റെ വേഗത. കേരളത്തിൽ കടക്കുന്നതിന് മുമ്പ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടാൻ എട്ട് കമ്പനി എൻ ഡി ആർ എഫ് സംഘം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് പ്രത്യേക കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.