heliconia

വീട്ടുമുറ്റത്തെ അലങ്കാരത്തോട്ടത്തിൽ വാഴപ്പൂവിനെ മാറ്റി നിറുത്താനാകുമോ?​ അധികം പണച്ചെലവില്ലാതെ,​ കാര്യമായ പരിചരണങ്ങളൊന്നുമില്ലെങ്കിലും നന്നായി വളരുന്നവയാണ് ഇവ. വാണിജ്യാടിസ്ഥാനത്തിലും ഏറെ സാദ്ധ്യതകളുള്ള പൂക്കൃഷിയാണ് വാഴപ്പൂവ് അഥവാ ഹെലിക്കോണിയയുടേത്.

ഇഞ്ചി പോലുള്ള ഭൂകാണ്ഡങ്ങളുള്ള കന്നുകളാണ് നടാൻ ഉപയോഗിക്കുന്നത്. ഭാഗികമായ തണലോ നല്ല സൂര്യപ്രകാശമോ ഉള്ളയിടങ്ങളാണ് കൃഷിക്ക് അനുയോജ്യം. ഒന്നര മുതൽ രണ്ട് മീറ്റർ വീതിയിലും സൗകര്യമായ നീളത്തിലുമുള്ള ഉയർന്ന തടങ്ങൾ നിർമിച്ച് അതിൽ വേണം കന്നുകൾ നടാൻ. നിലൊരുക്കുമ്പോൾ തന്നെ ഒരു ചതുരശ്രമീറ്ററിന് 5 കി.ഗ്രാം എന്ന നിരക്കിൽ കാലിവളമോ കമ്പോസ്റ്റോ ചേർക്കണം. ജൈവവളങ്ങളാണ് ഹെലിക്കോണിയയുടെ കൃഷിക്ക് ഏറ്റവും അനുയോജ്യം. മഴയില്ലാത്തപ്പോൾ നന്നായി നനയ്‌ക്കണം. സ്‌പ്രിംഗ്ലർ ഉപയോഗിച്ച് വെള്ളം മഴത്തുള്ളികൾ പോലെ ചെടിയുടെ ഇലകളിൽ വീഴത്തക്ക വിധം നനയ്‌ക്കുന്നതാണ് ഉചിതം. ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ചുരുങ്ങിയ മാസങ്ങൾ കൊണ്ട് തന്നെ ചെടിയിൽ നിന്നും പുതിയ കന്നുകളിൽ പൊട്ടി വ്യാപിച്ചോളും.

മൂപ്പെത്തിയതും ഉണങ്ങിയതുമായ ഇലകൾ,​ പൂവിട്ടുതീർന്ന കാണ്ഡം ഇവയൊക്കെ വെട്ടിയരിഞ്ഞ് ചെടിയുടെ ചുവട്ടിൽ പുതയിടുന്നത് ചെടിയുടെ വളർച്ചയ്‌ക്ക് സഹായിക്കുന്നതോടൊപ്പം തന്നെ ചുവട്ടിൽ കൂടുതൽ ഈർപ്പവും തണുപ്പും നിലനിറുത്താനും സഹായിക്കും.

വിളവെടുപ്പിലും കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. പൂങ്കുലകൾ മുറിച്ചെടുക്കുന്നതിന് മുമ്പായി ചെടി മുഴുവൻ നന്നായി നനയ്‌ക്കണം. അത് മുറിച്ചെടുത്ത പൂങ്കുല കൂടുതൽ നാൾ വാടാതെയിരിക്കാൻ സഹായിക്കും. ഒരു ചെടിയിൽ നിന്നും ഒരു പൂങ്കുലയാണ് ലഭിക്കുക. സിറ്റാക്കോറം, മുകളിലേക്ക് നിവർന്നു നിൽക്കുന്ന പൂങ്കുലകൾ, താഴോട്ട് തൂങ്ങിനിൽക്കുന്നവ, സങ്കരയിനം അങ്ങനെ പല വിഭാഗങ്ങളുണ്ട്. കേരളത്തിന് പുറത്തേക്കാണ് ഇവയ്ക്ക് ആവശ്യക്കാരേറെയുമുള്ളത്.