rose-lotus

തിരുവനന്തപുരം: നഗരസഭാ ഭരണം പിടിക്കാൻ അവസാന അടവുകൾ പയറ്റാനൊരുങ്ങുകയാണ് മൂന്ന് മുന്നണികളും. മിക്ക സ്ഥാനാർത്ഥികളും നാലാം റൗണ്ട് പ്രചാരണത്തിലാണ്. ഓരോ വാർഡിലെയും സമുദായബലം, സംഘടനാ ബലം എന്നിവ മാത്രമല്ല, റിബലുകളുടെ ശക്തിയും അപരന്മാർ കൊണ്ടുപോകുന്ന വോട്ടുകളുമെല്ലാം നിർണായകമാകും.

പ്രാദേശികമായി സമുദായ സംഘടനാ നേതാക്കളെയും ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികളെയും ഒപ്പം നിറുത്താൻ പ്രചാരണത്തിന്റെ തുടക്കം മുതൽ തന്നെ സ്ഥാനാർത്ഥികൾ ശ്രമിച്ചിരുന്നു. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ പിന്തുണകൂടി ഉറപ്പാക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ. രാത്രി പത്തു കഴിഞ്ഞും സ്ഥാനാർത്ഥികൾ പ്രചാരണത്തിലാണ്. അതിനപ്പുറത്താണ് ജില്ലാ നേതാക്കൾ മുൻകൈയെടുത്ത് നടത്തുന്ന രഹസ്യയോഗങ്ങൾ. അടിയൊഴുക്കുകൾ നിർണയിക്കുന്നത് ഈ യോഗങ്ങളാണ്.

റിബൽ സ്ഥാനാർത്ഥികളാണ് എൽ.ഡി.എഫിനും യു.ഡി.എഫിനും തലവേദനയാകുന്നത്. പലയിടത്തും റിബലുകൾ ശക്തരായി തന്നെ പ്രചാരണ രംഗത്തുണ്ട്. അപരന്മാർ ഏറ്റവും കൂടുതൽ തലവേദനയാകുന്നത് എൻ.ഡി.എയ്‌ക്കാണ് 12 വാ‌ർഡുകളിൽ അപര സ്ഥാനാർത്ഥികൾക്ക് തിര‌ഞ്ഞെടുപ്പ് കമ്മിഷൻ റോസാപ്പൂവ് ചിഹ്നം അനുവദിച്ചതോടെയാണ് ബി.ജെ.പി ക്യാമ്പുകളുടെ ഉറക്കം നഷ്ടപ്പെട്ടത്. കഴിഞ്ഞ തവണ ജയിച്ചതും ജയപ്രതീക്ഷയുള്ളതുമായ വാർഡുകളിലാണ് അപരന്മാർക്ക് റോസാപ്പൂവ് ചിഹ്നമുള്ളത്. താമരയ്‌ക്ക് തൊട്ടടുത്ത് റോസാപ്പൂവ് ചിഹ്നം വരുമ്പോൾ പേരിലും ചിഹ്നത്തിലും സാമ്യം ഉണ്ടാകും. സ്വാഭാവികമായും വോട്ട് മാറിപ്പോവുകയും തൊട്ടടുത്ത എതിരാളിക്ക് അത് ഗുണമാവുകയും ചെയ്യുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.

നൂറു വാർഡുകളിൽ 80 വാർഡുകളിലും ശക്തമായ ത്രികോണ മത്സരമാണ്. ചില വാർഡുകളിൽ സ്വതന്ത്രന്മാരും പിടിമുറുക്കുന്നുണ്ട്. അപ്രതീക്ഷിതമായ മുന്നേറ്റം നടത്തി ഭരണം പിടിക്കുകയാണ് മൂന്ന് മുന്നണികളുടെയും ലക്ഷ്യം.

 നിർണായകമാകുന്നത് 16 വാർഡുകൾ

ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന വാർഡുകളിൽ ഏറ്റവും പ്രധാനം 16 വാർഡുകളാണ്. പ്രചാരണത്തിന്റെ ഓരോ റൗണ്ടിലും ഇവിടെ മുൻതൂക്കം മാറിമറിയുകയാണ്. പുഞ്ചക്കരി, പൊന്നുമംഗലം, നെടുങ്കാട്, എസ്റ്റേറ്റ്, വഞ്ചിയൂർ, കാലടി, കുന്നുകുഴി, കരിക്കകം, ചെറുവയ്ക്കൽ, വെള്ളാർ, തിരുവല്ലം, കടകംപള്ളി, അമ്പത്തറ, കമലേശ്വരം, ചാല, ഫോർട്ട് എന്നിവിടങ്ങളിലാണ് ഈ ചാഞ്ചാട്ടം കാണുന്നത്.

നഗരസഭ നിലവിലെ കക്ഷിനില

എൽ.ഡി.എഫ് 43

ബി.ജെ.പി 35

 യു.ഡി.എഫ് 21

സ്വതന്ത്രൻ 1