farmers-protest

ന്യൂഡൽഹി: കഴിഞ്ഞ എട്ട് ദിവസമായി രാജ്യ തലസ്ഥാനത്ത് തെരുവുകളിൽ തുടരുന്ന കർഷക സമരത്തിൽ കേന്ദ്രവും കർഷകരും തമ്മിൽ ഇതുവരെ തീരുമാനങ്ങളിലെത്തിയിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്‌ച കർഷക സംഘടന നേതാക്കളുമായി കേന്ദ്രമന്ത്രിമാർ നടത്തിയ ചർ‌ച്ച ഫലം കണ്ടിരുന്നില്ല. ഇന്ന് 12 മണിയോടെ അടുത്ത ഘട്ട ചർച്ച നടക്കും. താങ്ങുവില സമ്പ്രദായത്തെ പുതിയ നിയമം തകർക്കുമെന്നും കോർപറേ‌റ്റുകൾക്ക് അടിമപ്പെടുന്നവരായി കർഷകരെ മാ‌റ്റും എന്നാണ് കർഷകർ പറയുന്നത്. അതിനാൽ ഉടൻ തന്നെ പാർലമെന്റ് അടിയന്തിര സമ്മേളനം വിളിച്ചുചേർത്ത് പുതിയ മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. എന്നാൽ നിലവിലെ നിയമം തുടരുമെന്നും പുതുതായി തയ്യാറാക്കിയ നിയമങ്ങൾ കർഷകർക്ക് വിളകളുടെ വിൽപനയിൽ കൂടുതൽ സഹായകമാകുമെന്നും കേന്ദ്ര സർക്കാർ കരുതുന്നു. കർഷകരുടെ വാദങ്ങൾ കേൾക്കാനും ചർച്ച ചെയ്യാനും കേന്ദ്ര സർക്കാർ തയ്യാറാണെന്നും ഏത‌റ്റം വരെ പോയാലും പ്രശ്‌നം പരിഹരിക്കാനാകുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞു.

സമരത്തിൽ ഏറെയും പങ്കെടുക്കുന്നത് പഞ്ചാബ്, ഹരിയാന സ്വദേശികളായ കർഷകരാണ്. ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ‌്‌റ്റൻ അമരീന്ദർ സിംഗ് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർ‌ച്ച നടത്തുന്നുണ്ട്. സമരത്തിനിടെ മരണമടഞ്ഞ രണ്ട് കർഷകരുടെ കുടുംബത്തിന് അമരീന്ദർ സിംഗ് ധനസഹായം പ്രഖ്യാപിച്ചു. അതേ സമയം ഡൽഹി അതിർത്തിയായ സിങ്‌ഹുവിൽ നിന്നും 35 കർഷക നേതാക്കൾ കേന്ദ്ര മന്ത്രിമാരുമായി ചർച്ചയ്‌ക്ക് പുറപ്പെട്ടു. രാജസ്ഥാനിൽ നിന്നുള‌ള ഒരുകൂട്ടം കർഷകർ ഇന്ന് ഇവിടെ സമരം ചെയ്യുന്ന കർഷകരോടൊപ്പം ചേർന്നു.

നിലവിൽ ഡൽഹിയുടെ മ‌റ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സിങ്‌ഹു, നോയിഡ,ഗാസിപൂ‌ർ, തിക്രി എന്നിവിടങ്ങളിൽ സമരക്കാർ ക്യാമ്പ് ചെയ്യുകയാണ്. ഇവിടെ വൻ പൊലീസ് സന്നാഹവുമുണ്ട്. നോയിഡയിലേക്കുള‌ള ദേശിയപാത-24യിൽ ഒരു ഭാഗത്ത് കർഷകർ സമരം ചെയ്യുന്നതിനാൽ വലിയ ട്രാഫിക് നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. താങ്ങുവിലയിലെ ആശ്വാസം കൊണ്ട് മാത്രമായില്ലെന്നും അടിയന്തിരമായി മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നും പ്രധാനമന്ത്രിയുമായി തന്നെ ചർച്ച നടത്തണമെന്നുമാണ് കർഷകരുടെ ആവശ്യം. സമരം ചെയ്യുന്ന 507 കർഷക സംഘടനകളുമായും കേന്ദ്രം ചർച്ചയ്‌ക്ക് തയ്യാറാകണമെന്നും നിലവിൽ കേന്ദ്രം സമരം ചെയ്യുന്ന കർഷകരെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും കിസാൻ മസ്‌ദൂർ സംഘർഷ് കമ്മി‌റ്റി ആരോപിച്ചു.