pinarayi

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതല യോഗം വിളിച്ചു. 3.30 ന് സെക്രട്ടറിയേറ്റിലാണ് വിവിധ വകുപ്പുകളുടെ യോഗം ചേരുക. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റ് ഇന്ത്യൻ തീരത്തോട് അടുത്തതിനാലാണ് നേരത്തെ യെല്ലോ അലർട്ടായിരുന്നത് റെഡ് അലർട്ട് ആക്കി ഉയർത്തിയത്.

അപകടസാദ്ധ്യതാ മേഖലകളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കുന്നതിനായി തലസ്ഥാനത്ത് 217 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. തിരുവനന്തപുരം താലൂക്ക് പരിധിയിൽ 107 ക്യാമ്പുകളുണ്ട്. ചിറയിൻകീഴ് 33, വർക്കല 16, നെയ്യാറ്റിൻകര 20, കാട്ടാക്കട 12, നെടുമങ്ങാട് 29 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.

തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്. മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ് ഇത് തുടരുക.തീരദേശമേഖലയിൽ ശക്തമായ കടൽ ക്ഷോഭത്തിനും സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലുണ്ട്. മീൻ പിടുത്തക്കാർ‌ക്ക് ശനിയാഴ്‌ച വരെ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി അടക്കമുളള മലയോര ജില്ലകളിൽ മണിക്കൂറിൽ അറുപത് കിലോമീറ്ററിന് മുകളിൽ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 12 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം ഇടുക്കിയുടെ ഒരു ഭാഗം എന്നിവിടങ്ങളിൽ മഴയും കാറ്റും അതി തീവ്ര മഴ കാരണം വെളളപ്പൊക്കത്തിനും സാദ്ധ്യതയുണ്ടെന്നുമാണ് കണക്കു കൂട്ടുന്നത്.സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയിൽ നാശ നഷ്‌ടങ്ങൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 1077 എന്ന നമ്പറിൽ തിരുവനന്തപുരം കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0471 2330077, 0471 2333101 എന്നീ നമ്പറുകളിൽ തിരുവനന്തപുരം ഫയർ ഫോഴ്സ് കൺട്രോൾ റൂമിലേക്കും വിളിക്കാം.

24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. പത്തനംതിട്ട ജില്ലയിൽ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ചുഴലിക്കാറ്റ് കടന്ന് പോകും വരെ ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തും. വേണ്ട മുൻകരുതലും ജാഗ്രതയും എടുക്കാൻ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും പ്രചാരണത്തിനും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.