
ബ്യൂട്ടിപാർലറുകളിൽ തന്നെ ബ്യൂട്ടീഷനും ബ്യൂട്ടിതെറാപ്പിസ്റ്റുകളുമുണ്ട്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് പലർക്കും അറിയില്ല. ഏതെങ്കിലും ഒരു ബ്യൂട്ടിപാർലറിൽ ചെന്ന് എന്തെങ്കിലും വാരിവലിച്ച് തേച്ചുപിടിപ്പിച്ച് തിരിച്ചു പോകുന്നതിൽ കാര്യമില്ല. നല്ല ബ്യൂട്ടിപാർലറുകളും ബ്യൂട്ടിക്ലിനിക്കുകളും ഏതെന്ന് മനസിലാക്കി അവിടെ പോകുന്നതാണ് നല്ലത്. നല്ല ബ്യൂട്ടി പാർലർ എന്നാൽ ആഡംബരമായി മോടിപിടിപ്പിച്ച പാർലർ അല്ല ഉദ്ദേശിക്കുന്നത്. ശരിയായ തരത്തിൽ സൗന്ദര്യം സംരക്ഷിക്കാനാവശ്യമായ ട്രെയിനിംഗ് ലഭിച്ചിട്ടുള്ളവരും കോഴ്സ് കഴിയാത്തവരും പരിചയം ഇല്ലാത്തവരും ധാരാളം ഈ തൊഴിൽ മേഖലയിലുണ്ട്. അത്തരക്കാരുടെ മുന്നിൽ ഒരിക്കലും മുഖവും തലയും വച്ചുകൊടുക്കരുത്.
ശരിയായ ബ്യൂട്ടിപാർലർ ഏതെന്ന് തിരിച്ചറിയാൻ അംഗീകൃത ബ്യൂട്ടീഷ്യൻ കോഴ്സ് കഴിഞ്ഞ് സർട്ടിഫിക്കറ്റ് പ്രദർശിപ്പിച്ചിട്ടുള്ള പാർലറുകൾ കണ്ടെത്തുക. ബ്യൂട്ടി പാർലറുകളിൽ ഹെയർ സ്റ്റൈൽ,ബ്യൂട്ടി ട്രീറ്റ്മെന്റ്സ്, മേക്കപ്പ്, കല്യാണത്തിനും മറ്റും അണിയിച്ചൊരുക്കുന്നവർ ഇവരെയാണ് ബ്യൂട്ടീഷ്യൻ എന്ന് പറയുന്നത്. ഇവർക്ക് അടിസ്ഥാന പരിശീലനം മാത്രം മതി. എന്നാൽ ഒരു ബ്യൂട്ടി തെറാപ്പിസ്റ്റിന് സ്കിൻ, ഹെയർ, ടാൻഡ്രഫ്, പിമ്പിൾസ് തുടങ്ങി സൗന്ദര്യസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാവസ്തുതകളും അറിയാവുന്ന ആളായിരിക്കും. രോഗം, രോഗകാരണം, പ്രതിരോധം എന്നിവയെക്കുറിച്ച് സാമാന്യം അറിവുണ്ടായിരിക്കണം. ചെറിയ തോതിൽ ഒരു ഭിഷഗ്വരൻ കൂടിയാണ് ബ്യൂട്ടിതെറാപ്പിസ്റ്റ് എന്നർത്ഥം. ഇവർക്ക് ചർമ്മം, മുടി എന്നിവയുടെ പ്രശ്നം മനസിലാക്കി അതനുസരിച്ച് പരിഹാരം ചെയ്യുന്നതിന് കഴിയും. ആയതിനാൽ ഇവയൊക്കെ അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള ബ്യൂട്ടിതെറാപ്പിസ്റ്റിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതായിരിക്കും ഉത്തമം.
ബ്യൂട്ടിപാർലർ ആരോഗ്യത്തിന്
സാധാരണയായി മാസത്തിലൊരിക്കലെങ്കിലും സ്ഥിരമായി ബ്യൂട്ടിപാർലർ സന്ദർശിക്കുന്നവരാണ് അധികവും. ഇങ്ങനെ വരുന്നവരിൽ  സ്ത്രീ - പുരുഷന്മാരുമുണ്ട്. വിദ്യാഭ്യാസമുള്ളവരും വ്യത്യസ്ത പ്രായക്കാരുമുണ്ടാവും. കുട്ടികൾ മുതൽ പ്രായം ചെന്നവർ വരെ ബ്യൂട്ടി പാർലറിൽ എത്താറുണ്ട്.ബ്യൂട്ടിക്ളിനിക്കുകളിൽ പോകുന്നത് സൗന്ദര്യം വർദ്ധിപ്പിക്കാൻ മാത്രമല്ല ആരോഗ്യസംരക്ഷണത്തിനും കൂടിയാണ്. ആദ്യകാലങ്ങളിൽ സ്ത്രീ - പുരുഷന്മാർ എണ്ണ തേച്ച് കുളിക്കാനും നീന്തിത്തുടിക്കാനും സമയം കണ്ടെത്തിയിരുന്നു. തിരക്കുപിടിച്ച ഇക്കാലത്ത് അതിനൊന്നും സാധിക്കാതെവരുന്നു. അതുകൊണ്ട് ബ്യൂട്ടിപാർലറുകളെ ആശ്രയിക്കേണ്ടിവരുന്നു. സ്വന്തം ശരീരം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണ്. അതിനുള്ള താവളങ്ങളാണ് ബ്യൂട്ടിപാർലറുകൾ. അതുകൊണ്ട് പരിശീലനം ലഭിച്ചവരായിരിക്കണം ബ്യൂട്ടിതെറാപ്പിസ്റ്റുകൾ.
ബയോ ലിഫ്റ്റിംഗ് ഫേഷ്യൽ
35 വയസ് കഴിയുമ്പോൾ ചുളിവുകൾ മുഖത്ത് വന്ന് പ്രായം കൂടുതൽ തോന്നിക്കും. ചുളിവുകൾ വീഴാൻ തുടങ്ങുന്നതിന് മുമ്പ് ബയോലിഫ്റ്റിംഗ് ഫേഷ്യൽ ചെയ്യണം. ചെറുപ്പക്കാർക്കും പ്രായമായവർക്കും ഫേഷ്യൽ മസാജ് ചെയ്യുമെങ്കിലും ഇതിനൊക്കെ വ്യത്യാസമുണ്ട്. കൈകൊണ്ട് ചെയ്യുന്ന മസാജിലുള്ള ഏറ്റക്കുറച്ചിലുകൾ, ഉപയോഗിക്കുന്ന സാധന സാമഗ്രികളിലുള്ള വ്യത്യാസം. പ്രായമായവരിൽ ഇതിന്റെയൊക്കെ അളവിൽ കൂടുതൽ വേണം. പ്രായമായി ഇനി എന്തുചെയ്യണം? എന്ന് വിചാരിച്ച് മനസ് വിഷമിച്ചവർ ജീവിതം അവസാനിച്ചു ദുഃഖിച്ചിരുന്നവർ ഇങ്ങനെയെല്ലാമായിരുന്നു ആദ്യകാലത്ത് എത്തിയിരുന്നവരിൽ ഏറെയും. എന്നാലിപ്പോൾ മാറ്റം വന്നിരിക്കുന്നു. ജീവിതാവസാനം വരെയും ചമഞ്ഞൊരുങ്ങി ആത്മവിശ്വാസത്തോടെ ജീവിക്കാനാണ് വയോവൃദ്ധർ ചിന്തിക്കുന്നത്. അതിനായി ബ്യൂട്ടിക്ലിനിക്കുകളിൽ പതിവ് സന്ദർശകരാണിവർ. ആത്മവിശ്വാസം നേടാൻ മറ്രെന്ത് മാർഗം? ഓരോരുത്തരുടെയും പ്രായം നോക്കിയാണ് ട്രീറ്റ് മെന്റ് ചെയ്യുന്നത്. യുവതികൾക്ക് കാര, മുടികൊഴിച്ചിൽ, മുഖക്കുരു മുതലായ പ്രശ്നങ്ങൾക്ക് പരിഹാരം തേടണം. കുട്ടികൾക്ക് തിരുമ്മൽ ദോഷം ചെയ്യും. ഇളം ശരീരമാണവരുടേത്. പ്രായം നോക്കി ഇതിനുള്ള ട്രീറ്റ്മെന്റ് നൽകണം. മദ്ധ്യവയസ്ക്കരായ സ്ത്രീകളുടെ മുഖത്ത് കറുപ്പ് വരാറുണ്ട്. ഇത്തരം കറുപ്പ് ദോഷഫലമാണെന്ന് കരുതുന്നവരുണ്ട്. മുഖത്ത് കറുപ്പ് വരുന്നതും പടരുന്നതും മുഖഭംഗിയെ ബാധിക്കും. ബ്യൂട്ടിപാർലറിൽ ഇതിനുവേണ്ട ചികിത്സയുണ്ട്. തുടക്കത്തിലാണെങ്കിൽ കറുപ്പ് മാറ്റാൻ സാധിക്കും. ഇല്ലെങ്കിൽ ഡോക്ടറെ കാണേണ്ടതായി വരും.
മുടികൊഴിച്ചിൽ മാറ്റാൻ
അകാലനരയും മുടികൊഴിച്ചിലും താരനും ഇന്ന് സർവ്വസാധാരണമാണ്. ഇവ മൂന്നിനും പ്രതിവിധിയുണ്ട്. അല്പം ശ്രദ്ധിച്ചാൽ ഒരുപരിധി വരെ ഇതൊഴിവാക്കാനാകും. തെറ്റായ രീതിയിൽ സോപ്പ്, ഷാമ്പൂ മറ്റു ചില എണ്ണകൾ എന്നിവ ഉപയോഗിക്കുന്നതും ഇതിന് കാരണമാണ്. മേൽപ്പറഞ്ഞ രോഗങ്ങൾക്കെല്ലാം ഇന്ന് ബ്യൂട്ടിക്ലിനിക്കുകളിൽ ട്രീറ്റ്മെന്റുകളുണ്ട്. മുടികൊഴിച്ചിൽ മാറ്റാനുള്ള മസാജ് ചെയ്യുമ്പോൾ രക്തചംക്രമണം കൂടുന്നു. അതു മുടികൊഴിച്ചിൽ തടഞ്ഞ് മുടിയെ സംരക്ഷിക്കുന്നു. താരൻ ഒഴിവാക്കാനും ഹെയർ കളറിംഗ് കൊണ്ട് നര ഒഴിവാക്കാനും ബ്യൂട്ടിക്ലിനിക്കുകളിലെ ട്രീറ്റ്മെന്റുകൊണ്ട് സാധിക്കുന്നു.
അകാലനര മാറ്റാൻ
അകാലനര ഇല്ലാതാക്കാൻ പ്രകൃതിദത്തമാർഗമാണ് ഹെന്ന ട്രീറ്റ്മെന്റ്. ഹെന്ന മാത്രമായി ഉപയോഗിച്ചാൽ തലമുടിയ്ക്ക് ഹെയർ ടിന്റ് നിറം വരും. മുടി കൂടുതൽ ചുമക്കാതിരിക്കാൻ ഇതിനോടൊപ്പം മറ്റു ചില ചേരുവകളും മിക്സ് ചെയ്യണം. കറുത്ത നിറം കിട്ടാൻ മാർക്കറ്റിൽ ലഭിച്ചു വരുന്ന ഹെയർഡൈ ഉപയോഗിക്കുമ്പോൾ ചിലർക്ക് പാർശ്വഫലങ്ങളുണ്ടാകും.
ഡീപ്പ് കണ്ടീഷനിംഗ് ഹെയർ ട്രീറ്റ്മെന്റ്
വരണ്ടതും പൊട്ടിപ്പോകുന്നതുമായ മുടിയ്ക്കാണ് ഡീപ്പ് കണ്ടീഷനിംഗ് ഹെയർ ട്രീറ്റ്മെന്റ് നടത്തേണ്ടത്. മുടിയുടെ വളർച്ചയ്ക്കുവേണ്ടിയും മുടികൊഴിച്ചിലും പൊട്ടിപ്പോകലും ഒഴിവാക്കുന്നതിനും വേണ്ടി ടോണിക് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇതുമൂലം ഒരുപരിധിവരെ മുടിയുടെ വരൾച്ചയും പൊട്ടിപ്പോകലും ഒഴിവാക്കി ആരോഗ്യമുള്ള മുടി പ്രദാനം ചെയ്യും.