
മനില: രക്ഷിതാക്കളുടെ സ്മാർട്ട് ഫോണുകൾ കുട്ടികൾ എടുത്തുകളിക്കുന്നമൂലം ഉണ്ടാകുന്ന തൊന്തരവുകൾ ചില്ലറയല്ല. പലപ്പോഴും ഇതുമൂലം രക്ഷിതാക്കളുടെ പേഴ്സ് കാലിയാകുന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തും. ഫിലിപ്പെൻസിലെ സിബു നഗരത്തിലും അത്തരത്തിലൊരു സംഭവം ഉണ്ടായി. ഏഴുവയസുകാരി അമ്മയുടെ ഫോൺ ഉപയോഗിച്ച് ചിക്കൻ കട്‌ലെറ്റും ഫ്രഞ്ച് ഫ്രൈയും ഓർഡർ ചെയ്തത് 42 തവണയാണ്. അതും മിനിട്ടുകളുടെ വ്യത്യാസത്തിൽ. കുട്ടിക്ക് അബദ്ധം പറ്റിയതാണെന്ന് കമ്പനിക്കാരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അമ്മയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവൻ പോവുകയും ചെയ്തു.
മാതാപിതാക്കൾ ജോലിക്കുപോകുന്നതിനാൽ ഏഴുവയസുകാരിയും അമ്മൂമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫോൺ വീട്ടിൽ വച്ചിട്ടായിരുന്നു അമ്മ ജോലിക്കുപോയിരുന്നത്. അങ്ങനെയിരുന്നപ്പോൾ ചിക്കൻ കട്‌ലെറ്റും ഫ്രഞ്ച് ഫ്രൈയും കഴിക്കണമെന്ന് ഏഴുവയസുകാരിക്ക് ഒരു മോഹം . നേരത്തേ അമ്മ ഫോണിലെ അപ്പ് ഉപയോഗിച്ച് ആഹാരം ഓർഡർചെയ്യുന്നത് കണ്ടിട്ടുളള കുട്ടി അമ്മയുടെ ഫോണെടുത്ത് ഓർഡർ ചെയ്തു. കഷ്ടകാലത്തിന് ഇന്റർനെറ്റിന് സ്പീഡ് കുറവായിരുന്നു. അതോടെ ഓർഡർ ചെയ്തത് ശരിയായില്ലെന്ന് കരുതി വീണ്ടും വീണ്ടും ചെയ്തു. ഇങ്ങനെ 42 തവണയാണ് ഓർഡർ ചെയ്തത്. എന്നാൽ 42 ഓർഡറുകളും ഫുഡ് ഡെലിവറി കമ്പനിക്ക് ലഭിച്ചു. അതോടെ അവരെല്ലാവരും ചിക്കൻ കട്‌ലെറ്റും ഫ്രഞ്ച് ഫ്രൈയുമായി പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. വീടിനുമുന്നിലെ ഇടുങ്ങിയ തെരുവ് ഫുഡ് ഡെലിവറി ബോയിസിന്റെ ബൈക്കുകൾ കൊണ്ട് നിറഞ്ഞു.ഇതുകണ്ട് അന്തം വിട്ട നാട്ടുകാർ അന്വേഷിച്ചപ്പോളാണ് കാര്യം പിടികിട്ടിയത്.
42 ഓർഡറുകൾ നൽകിയതിലൂടെ പെൺകുട്ടിയുടെ അമ്മയുടെ അക്കൗണ്ടിൽ നിന്ന് 25000 രൂപയാണ് നഷ്ടമായത്. സംഭവത്തിന്റെ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തി വിതരണം ചെയ്ത ആഹാരപദാർത്ഥങ്ങൾ തിരികെ എടുപ്പിക്കാൻ ബന്ധുക്കളിൽ ചിലർ ശ്രമിച്ചെങ്കിലും
അതും വിജയിച്ചില്ല. അടുത്തിടെയും ഇത്തരത്തിലൊരു സംഭവം റിപ്പോർട്ടുചെയ്തിരുന്നു.