
അധികമാരാലും അറിയപ്പെടാതെ, പ്രകൃതിയുടെ എല്ലാ സൗന്ദര്യവും ഒളിപ്പിച്ച് ഇപ്പോഴും അതിസുന്ദരിയായി കിടക്കുന്ന പലയിടങ്ങളും നമുക്ക് ചുറ്റിലുമുണ്ട്. അക്കൂട്ടത്തിലൊന്നാണ് പട്ടത്തിപ്പാറ. തൃശൂരിൽ നിന്നും 12 കിലോമീറ്റർ മാറിയാണ് പട്ടത്തിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അതിരപ്പിള്ളിയിലേക്കും വാഴച്ചാലിലേക്കുമൊക്കെ യാത്രികർ കൂട്ടത്തോടെ എത്തുമ്പോൾ പട്ടത്തിപ്പാറയിലേക്ക് എത്തിയിരുന്നത് നാട്ടുകാർ മാത്രമായിരുന്നു.
തൃശൂർ പട്ടണത്തിൽ നിന്നും തൃശ്ശൂർ പാലക്കാട് ഹൈവേ വഴി പട്ടത്തിപ്പാറയിലേക്ക് എത്താം. മണ്ണുത്തി, മുടിക്കോട് എന്നീ സ്ഥലങ്ങൾ കഴിഞ്ഞ് ചെബൂത്ര അമ്പലത്തിനരുകിലുള്ള റോഡിലൂടെ ഏകദേശം രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ പട്ടത്തിപ്പാറയിലെത്താം. മൂന്ന് തട്ടുകളായിട്ടാണ് പട്ടത്തിപ്പാറയിലെ വെള്ളച്ചാട്ടം കാണുക. ഓരോ തട്ടുകളിലും സഞ്ചാരികൾക്ക് കുളിക്കാനുള്ള സൗകര്യവുമുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്കാണേൽ അതിനും അവസരമുണ്ട്. വെള്ളച്ചാട്ടത്തിലേക്ക് ശരിയായ വഴിയേ സഞ്ചരിക്കാതെ കാട്ടുമരങ്ങൾക്കിടയിലൂടെ, ഉരുളൻ കല്ലുകൾ പിന്നിട്ട് വെള്ളച്ചാട്ടത്തിനടുത്തെത്താം. പട്ടത്തിപ്പാറയ്‌ക്ക് ആ പേര് വരുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. പണ്ട് കാലത്ത് നാട്ടിൻ പുറത്തെ സ്ത്രീകൾ ഈ കാട്ടിൽ വന്നായിരുന്നു വിറക് ശേഖരിച്ചിരുന്നു. ഒരിക്കൽ ഒരു പട്ടത്തി സ്ത്രീ ഒരിക്കൽ ഒറ്റയ്ക്ക് കാട്ടിലേക്ക് പോയി. വിറകു ഒടിച്ചു മടങ്ങി വരുന്നതിനിടയിൽ കാൽ തെറ്റി ഈ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. അവിടെ സംഭവിച്ച ആദ്യത്തെ അപകടമരണം കൂടിയായിരുന്നു ഇതെന്നാണ് പറയുന്നത്. അങ്ങിനെയാണ് ഈ കാടും വെള്ളച്ചാട്ടങ്ങളും പട്ടത്തിപ്പാറ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. സുഹൃത്തുക്കൾക്കൊപ്പവും കുടുംബത്തിനൊപ്പവും യാത്ര ചെയ്യാവുന്നയിടമാണിത്. മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര അതീവശ്രദ്ധയോടെ വേണം.
എത്തിച്ചേരാൻ
തൃശ്ശൂർ - പാലക്കാട് ഹൈവേ വഴി പട്ടത്തിപ്പാറയിലേക്ക് എത്താം.