
ലണ്ടൻ: വില്യം രാജകുമാരന്റെ ഭാര്യയും ഡച്ചസ് ഒഫ് കേംബ്രിഡ്ജുമായ കേറ്റ് മിഡിൽടണിന്റെ വിവാഹനിശ്ചയ മോതിരം ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ മോതിരമെന്ന ഖ്യാതി നേടി. വില്യം രാജകുമാരന്റെ അമ്മയായ ഡയാന രാജകുമാരിയിൽ നിന്ന് കൈമാറി കിട്ടിയതാണ് ഈ മോതിരം. നാച്വറൽ ഡയമണ്ട് കമ്മിഷൻ സംഘടിപ്പിച്ച 2000 പേർ പങ്കെടുത്ത ഒരു സർവേയിലൂടെയാണ് മികച്ച മോതിരം തിരഞ്ഞെടുത്തത്. 12 കാരറ്റ് സാപിയർ കല്ലിന് ചുറ്റും 14 ഡയമണ്ടുകൾ പതിച്ച മോതിരമാണിത്. വൈറ്റ്ഗോൾഡാണ് മോതിരത്തിന്റെ ബാൻഡ്. മേഗൻ മർക്കലിന്റെ വിവാഹനിശ്ചയ മോതിരമാണ് രണ്ടാമത്.
പതിനെട്ട് ശതമാനം പേർ മേഗന്റെ വിവാഹമോതിരത്തെയാണ് തിരഞ്ഞെടുത്തത്. ഭർത്താവായ ഹാരി രാജകുമാരൻ സ്വന്തമായി ഡിസൈൻ ചെയ്താണിത്. ബോസ്വാനയിൽ നിന്ന് കൊണ്ടുവന്ന ഒരു രത്നത്തോടൊപ്പം മേഗന്റെ സ്വന്തം ശേഖരത്തിലെ രണ്ട് രത്നങ്ങൾ കൂടി ചേർത്ത് നിർമ്മിച്ച മോതിരമാണിത്.