
മോസ്കോ: റഷ്യയിൽ വൻതോതിൽ കൊവിഡ് വാക്സിൻ വിതരണത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കാൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നിർദ്ദേശം നൽകി. ഫൈസറിന്റെ കൊവിഡ് വാക്സിന് ബ്രിട്ടൻ അംഗീകാരം നൽകിയതിന് പിന്നാലെയാണ് റഷ്യയുടെ നീക്കം.
സ്പുട്നിക് 5 വാക്സിന്റെ 20 ലക്ഷം ഡോസുകൾ റഷ്യ നിർമ്മിച്ച് കഴിഞ്ഞെന്നും പുടിൻ വ്യക്തമാക്കി. ഡോക്ടർമാർക്കും അദ്ധ്യാപകർക്കുമാവും ആദ്യം വാക്സിൻ നൽകുകയെന്നാണ് വിവരം. വാക്സിൻ വിതരണം അടുത്തയാഴ്ച തുടങ്ങാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാൻ പുടിൻ നിർദ്ദേശം നൽകി കഴിഞ്ഞു.
സ്പുട്നിക് 5 വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഇടക്കാല പരീക്ഷണ ഫലങ്ങൾ തെളിയിക്കുന്നതായി റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു.റഷ്യൻ പൗരന്മാർക്ക് സൗജന്യനായി വാക്സിൻ നൽകുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിലും ഫൈസർ വാക്സിന്റെ വിതരണം അടുത്തയാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സ്പുട്നിക് 5 വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ഇന്ത്യയിൽ ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം അടുത്തിടെ പുറത്തുവന്നിരുന്നു.അമേരിക്ക, ഇന്ത്യ, ബ്രസീൽ, എന്നീ രാജ്യങ്ങൾക്ക് ശേഷം കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായത് റഷ്യയിലാണ്. രോഗികളുടെ എണ്ണം വളരെ കൂടുതലാണെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് റഷ്യയിൽ കുറവാണ്. അതേസമയം, ലോകത്ത് ആകെ രോഗികളുടെ എണ്ണം 64,867,280 ആയി. 1,499,700 പേർ മരിച്ചു. 44,962,567 പേർ രോഗവിമുക്തരായി.