chandrasekharan

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിയിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി സി ബി ഐ. കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിക്കാതെയാണ് സർക്കാർ വിചാരണയ്ക്ക് അനുമതി നിഷേധിച്ചതെന്ന് സി ബി ഐ ഹൈക്കോടതിയെ അറിയിച്ചു. പ്രതികളെ വിചാരണ ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും സി ബി ഐ വ്യക്തമാക്കി.

കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാനായിരുന്ന ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ഇ ചന്ദ്രശേഖരനും എം ഡി കെ എ രതീശനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് അഴിമതിക്ക് കൂട്ടു നിന്നു. സുപ്രീംകോടതി മാർഗനിർദേശങ്ങൾ പ്രകാരം ഇവരെ വിചാരണ ചെയ്യുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും സി ബി ഐ ഹൈക്കോടതിയെ അറിയിച്ചു. പ്രതികളെ വിചാരണ ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ കടകംപളളി മനോജാണ് ഹൈക്കോടതിയെ സമീപിച്ചത്.

കശുവണ്ടി വികസന കോർപ്പറേഷൻ ടാൻസാനിയയിൽ നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്‌തതിൽ വൻ അഴിമതി നടന്നുവെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. അഴിമതി നിരോധന നിയമപ്രകാരം പ്രതികളെ വിചാരണ ചെയ്യുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. തെളിവുകൾ ശരിയായി പരിശോധിക്കാതെയായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ സി ബി ഐ ചൂണ്ടിക്കാട്ടി.