
ബീജിംഗ്: കൊവിഡ് വ്യാപനം തടയുന്നതിൽ ചൈന മനഃപ്പൂർവം വീഴ്ച വരുത്തിയെന്നും ലോകത്തോട് അസത്യം വിളിച്ചുപറഞ്ഞെന്നും തെളിയിക്കുന്ന രേഖകളുമായി വുഹാൻ ഫയൽസെന്ന 117 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ട് സി.എൻ.എൻ. ചൈനീസ് ആരോഗ്യപരിരക്ഷ മേഖലയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളിൽ നിന്ന് ചോർന്ന രേഖകളുടെ ആധികാരികത ആറ് സ്വതന്ത്ര വിദഗ്ദ്ധരെ കൊണ്ട് പരിശോധിപ്പിച്ച ശേഷമാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്നാണ് വിവരം.കൊവിഡ് നേരിടുന്നതിൽ ജാഗ്രത കാട്ടിയെന്ന ചൈനയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടാണിത്. പ്രതിദിന രോഗികളുടെ എണ്ണം, മരണസംഖ്യ എന്നിവയെക്കുറിച്ച് പല തവണ ചൈന ലോകത്തോട് നുണ പറഞ്ഞെന്നും കൊവിഡിന്റെ യഥാർത്ഥ പ്രത്യാഖ്യാതങ്ങൾ സംബന്ധിച്ചും ചൈന ലോകത്തെ കബളിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹുബെയ് പ്രവിശ്യയിലെ യിചാങിലും ഷിയാന്നിങിലും ഫ്ലു പടർന്നു പിടിച്ചത് ചൈന മറച്ചുവച്ചു. വുഹാനിൽ നിന്ന് 198 മൈൽ പടിഞ്ഞാറുള്ള യിചാങിലാണ് ഏറ്റവും മോശമായി രോഗം പടർന്നത്. ഫ്ലു ബാധിച്ച രോഗികളെ പരിശോധിച്ചപ്പോൾ നിരവധി പേരുടെ ഫലങ്ങളിൽ അവ്യക്തത ഉണ്ടായിരുന്നു. ഇതെല്ലാം കൊവിഡ് കേസുകളായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കാരണമറിയാത്ത ന്യുമോണിയ
കഴിഞ്ഞ ഡിസംബറിൽ 200 പേർക്കെങ്കിലും കൊവിഡ് ബാധിച്ചിരുന്നു. എന്നാൽ, ചൈന 'കാരണമറിയാത്ത ന്യുമോണിയ' എന്ന പേരിൽ 44 കേസുകൾ മാത്രമാണ് അന്ന് റിപ്പോർട്ട് ചെയ്തത്. ഹുബെയിൽ ഫെബ്രുവരി 10നകം 5918 കേസുകൾ റിപ്പോർട്ട് ചെയ്തു.എന്നാൽ ഔദ്യോഗിക കണക്കിൽ ഇതിന്റെ പകുതിയിൽ താഴെ മാത്രമാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ പരിശോധനയുടെ കൃത്യത ഉറപ്പാക്കാൻ ചൈന ബുദ്ധിമുട്ടിയിരുന്നു. രോഗ ലക്ഷണങ്ങൾ കണ്ടെത്തുന്നതിന് 23 ദിവസം വരെയെടുത്തു. ആദ്യം ഉപയോഗിച്ച പരിശോധന കിറ്റുകൾ അധികവും തെറ്റായ ഫലം നൽകുന്നവയായിരുന്നു. മാർച്ച് ഏഴ് ആയപ്പോൾ ചൈനയുടെ ഔദ്യോഗിക കണക്കുപ്രകാരം 2986 പേർ മരിച്ചു. എന്നാൽ യഥാർത്ഥത്തിൽ ഇത് 3456 പേരായിരുന്നെന്ന് ഹുബെയ് പ്രൊവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്ന് ചോർന്ന രേഖയിൽ നിന്ന് വ്യക്തമാണ്. മാർച്ച് ഏഴിന് 83 കേസുകളാണ് ചൈന ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. പക്ഷേ, അന്ന് 115 പേർ രോഗികളായി. - റിപ്പോർട്ടിൽ പറയുന്നു.