burevi

നിവാറിന് ശേഷം ബംഗാൾ ഉൽക്കടലിൽ രൂപം പ്രാപിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ബുറെവി. ഇതുവരെ ലോകംകണ്ട അതിമാരകങ്ങളായ 36 ചുഴലികാറ്റുകളിൽ 26 എണ്ണവും ബുറേവിയെ പോലെ ഉടലെടുത്തത് ബംഗാൾ ഉൾക്കടലിലായിരുന്നു. ചുഴലിക്കാറ്റ് മൂലം ലോകത്തിൽ മരിച്ചവരിൽ 50 ശതമാനവും ഇന്ത്യയിൽ ആയിരുന്നു. ഈ വർഷം ലോകത്ത് രൂപംകൊണ്ടിരിക്കുന്ന 97 -ാമത്തെ ചുഴലികാറ്റാണിത്. ഇന്ത്യയിൽ ഈ വർഷം ബുറെവിക്കു പുറമെ ഉംപൻ, നിസർഗ, ഗതി, നിവാർ എന്നീ നാല് ചുഴലിക്കാറ്റുകൾ നാശനഷ്ടങ്ങൾ വരുത്തിവച്ചിട്ടുണ്ട്. ലോക കാലാവസ്ഥ ഓർഗനൈസെഷൻ (ഐ.എം.ഒ.) മാർഗനിർദേശങ്ങൾ അനുസരിച്ച് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ രൂപംകൊള്ളുന്ന കൊടുങ്കാറ്റുകൾക്ക് ഇന്ത്യയടക്കം 13 രാജ്യങ്ങളാണ് പേരിടുന്നത്. മാലിദ്വീപിനടുത്തു നവംബർ 28 നാണ് ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടത്. അതുകൊണ്ട് മാലിദ്വീപാണ് ചുഴലിക്കാറ്റിന് ബുറേവി എന്ന് പേരിട്ടത്.

ചുഴലിക്കാറ്റുകൾ എങ്ങനെയുണ്ടാകുന്നു?

സമുദ്ര ഉപരിതല ജലത്തിനുണ്ടാകുന്ന അസാധാരണ ചൂടും, വായുവിലെ മർദ്ദ വ്യത്യാസങ്ങളുമാണ് സാധാരണ ചുഴലിക്കാറ്റിലേക്ക് നയിക്കുന്നത്. ഭൂമദ്ധ്യരേഖക്ക് അടുത്തുള്ള രാജ്യങ്ങളിൽ സമുദ്രോപരിതലത്തിനു മുകളിലുള്ള ചൂടുള്ളതും ഈർപ്പമുള്ളതുമായ വായുവിനെ ഉയർന്ന വായുമർദ്ദമുള്ള ഭാഗത്തുനിന്നും കുറഞ്ഞ വായുമർദ്ദമുള്ള ഭാഗത്തേക്ക് തള്ളുന്ന സ്ഥിതിവിശേഷം രൂപംകൊള്ളുന്നു. ഇത് തണുത്ത വായുപടലം സൃഷ്ടിക്കുന്നതിനു കാരണമാകുന്നു. ഈ പുതിയ തണുത്ത വായുപടലം വർദ്ധിച്ച സമുദ്ര ഉപരിതല ചൂട് മൂലം ചൂടാകുകയും ഈർപ്പ പൂരിതമാവുകയും ചെയ്യുമ്പോൾ മുകളിലേക്ക് ഉയരുന്നതിനു കാരണമാകുകയും ചെയ്യുന്നു . ഇത് ഒരു ന്യൂനമർദ്ദമേഖല സൃഷ്ടിക്കുന്നതിനു വഴിവയ്‌ക്കുന്നു . തുടർന്ന് ശക്തമായ ചുഴലിക്കാറ്റിനും നൂനമർദ്ദത്തെ തുടർന്നുള്ള മഴയ്‌ക്കും കാരണമാകുന്നു.

ചുഴലിക്കാറ്റുകളും കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന കാർബൺഡൈഓക്‌സൈഡ് പോലുള്ള വാതകങ്ങളുടെ അളവ് കൂടുന്നത് കാലാവസ്ഥാ വ്യത്യാനത്തിന് വഴിവയ്ക്കുന്നു. ഇത്തരം വായു മലിനീകരണങ്ങൾ സമുദ്രഉപരിതലത്തെ കൂടുതൽ ചൂടാക്കുന്നതിനും കൂടുതൽ ഈർപ്പമുള്ള വായുവും നീരാവിയും സൃഷ്ടിക്കുന്നതിനു കാരണമാകുകയും ചെയ്യുന്നു. വായു സാധാരണയിൽ കൂടുതൽ ചൂടാകുമ്പോൾ സമുദ്രോപരിതലവും
ചൂടാകുന്നു. ഇത് സമുദ്ര ഉപരിതല വായുവിന്റെ നീക്കത്തിനു വേഗത വർദ്ധിപ്പിക്കുന്നു. തുടർന്ന് ഉന്നത വായുമർദ്ദ വ്യതിയാനങ്ങൾക്കു വഴിവയ്‌ക്കുന്നു. അതുകൊണ്ട് കാലവസ്ഥാ വ്യത്യാനത്തിനും കൊടുങ്കാറ്റുകൾക്കും വളരെയേറെ ബന്ധമുണ്ട്. വടക്കേ ഇന്ത്യാ മഹാസമുദ്രത്തിൽ സാധാരണ വർഷത്തിൽ രണ്ടു തവണ അതായത് ഏപ്രിൽ മുതൽ ജൂൺ വരെയും ഒക്ടോബർ മുതൽ ഡിസംബർ വരെയും കൊടുങ്കാറ്റുകൾ രൂപപ്പെടാൻ സാദ്ധ്യതയുള്ള സമയങ്ങളാണ്. ഈ സമയങ്ങളിൽ സമുദ്രഉപരിതല ഊഷ്മാവ് വളരെ കൂടുതലായിരിക്കും. കൊടുങ്കാറ്റിന് വേണ്ട ഊർജം ചൂടുവഴിയും, ഈർപ്പം വഴിയും ലഭിക്കുന്ന കാലഘട്ടമാണിത്.

ഭൂമിയുടെ അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്‌സൈഡിന്റെ അളവ് കുറച്ചില്ലെങ്കിൽ 2100 വരെയെങ്കിലും ലോകം പ്രളയങ്ങൾക്കും, കൊടുങ്കാറ്റുകൾക്കും,
വരൾച്ചകൾക്കും, സമുദ്രനിരപ്പിലെ ഉയർച്ചയ്‌ക്കും ഭക്ഷ്യക്ഷാമത്തിനും വിധേയമാകുമെന്ന് ഇന്റർ ഗവണ്മെന്റ് പാനൽ ഫോർ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി.) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ട് ലോകരാജ്യങ്ങൾ കാർബൺ ബഹിർഗമനം കുറയ്‌ക്കാനുള്ള മാർഗങ്ങൾ തേടണം. 'കാലാവസ്ഥാ വ്യതിയാനത്തിന് മരമാണ് മറുപടി' എന്ന ആപ്തവാക്യം തിരഞ്ഞെടുത്തിട്ടുള്ള നമ്മുടെ വനംവകുപ്പ് പോലും ഇക്കാര്യത്തിൽ വാക്കുപാലിക്കുന്നില്ല. ഒരുപക്ഷേ ഇന്ത്യയിലെ
വനനശീകരണത്തിൽ കേരളമായിരിക്കും മുൻപന്തിയിൽ. ഉരുൾപൊട്ടലുകളും
മലയിടിച്ചിലും തുടരുമ്പോൾ പശ്ചിമഘട്ട വനനശീകരണത്തിന് ഒരു കുറവുമില്ല.
മഹാമാരികൾ മുന്നിൽ വരുമ്പോൾ മാത്രം ചിന്തിക്കേണ്ട കാര്യമല്ല ദുരന്തനിവാരണം.