oliver-giroud

സെവിയ്യയ്ക്ക് എതിരെ ചെൽസിക്കായി നാലുഗോളുകൾ നേടി ഒളിവർ ജിറൂദ്

ചെൽസി,യുവന്റസ്,ബാഴ്സലോണ,ബൊറൂഷ്യ ഡോർട്ട്മുണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് പാരീസ് നോക്കൗട്ട് യോഗ്യതാപോരാട്ടം കടുപ്പിച്ചു

ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിൽ വിജയം നേടിയ വമ്പൻ ക്ളബുകളായ ചെൽസി,ബാഴ്സലോണയും യുവന്റസും നോക്കൗട്ട് റൗണ്ടിലെത്തി. സൂപ്പർ താരം നെയ്മറുടെ ഇരട്ടഗോൾ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജി നോക്കൗട്ട് ബെർത്തിനായുള്ള പോരാട്ടത്തിൽ ഗ്രൂപ്പിലെ മറ്റ് ക്ലബുകളുമായി മത്സരം കടുപ്പിച്ചു.ഇറ്റാലിയൻ ക്ളബ് ലാസിയോയോട് സമനില വഴങ്ങിയ ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിന് നോക്കൗട്ടിലേക്ക് ഇപ്പോഴും നേരിയ മുൻതൂക്കമുണ്ട്. ഒരു മത്സരം വീതമാണ് ഗ്രൂപ്പ് റൗണ്ടിൽ എല്ലാ ടീമുകൾക്കും ശേഷിക്കുന്നത്.

നാലുഗോൾ ഒളിവർ

ചെൽസി 4- സെവിയ്യ 0

തകർപ്പൻ ഫോമിലുള്ള ഫ്രഞ്ച് സ്ട്രൈക്കർ ഒളിവർ ജിറൂദിന്റെ അവിസ്മരണീയമായ നാലുഗോളുകൾ ചാരുത ചാർത്തിയ മത്സരത്തിലാണ് ഇംഗ്ളീഷ് ക്ളബ് ചെൽസി സ്പാനിഷ് ക്ളബ് സെവിയ്യയെ തകർത്ത് ഗ്രൂപ്പ് ഇയിൽ ഒന്നാമന്മാരായി നോക്കൗട്ട് ഉറപ്പിച്ചത്. എട്ടാം മിനിട്ടിൽ വെടിപൊട്ടിക്കാൻ തുടങ്ങിയ ജിറൂദ് 83-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് പട്ടിക പൂർത്തിയാക്കിയത്.

അവസാന നിമിഷം പകരക്കാരനായി പ്ളേയിംഗ് ഇലവനിലേക്ക് എത്തിയ കേയ് ഹാവെർട്സ് നൽകിയ പാസിൽ നിന്നാണ് ജിറൂദ് ആദ്യഗോൾ നേടിയത്.ആദ്യ പകുതിയിൽ ഈ ഗോളിന് ചെൽസി ലീഡുചെയ്തു.54-ാം മിനിട്ടിൽ പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് ജോർജീഞ്ഞോ നൽകിയ ക്രോസിനെ ഗോളിക്ക് മുന്നിൽ മനോഹരമായൊരു ചിപ്പിംഗിലൂടെ ജിറൂദ് വലയിലാക്കി. 74-ാം മിനിട്ടിൽ കാന്റേയുടെ ക്രോസിൽ നിന്നാണ് ഹാട്രിക്ക് പൂർത്തിയാക്കിയത്. സിയേഷിനെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയാണ് ജിറൂദ് നാലാം ഗോളാക്കിയത്.

ഈ വിജയത്തോടെ ചെൽസിക്ക് ഗ്രൂപ്പ് ഈയിൽ അഞ്ചുമത്സരങ്ങളിൽ നിന്ന് 13 പോയിന്റായി.10 പോയിന്റുമായി രണ്ടാമതുള്ള സെവിയ്യയും നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട്.മറ്റൊരു മത്സരത്തിൽ റെന്നേസിനെ 1-0ത്തിന് തോൽപ്പിച്ച ക്രാസ്നോദർ മൂന്നാമതുണ്ട്.

ചാമ്പ്യൻസ് ലീഗിൽ നാലു ഗോളുകൾ നേടുന്ന ആദ്യ ചെൽസി താരമാണ് ഒളിവർ ജിറൂദ്.

ചാമ്പ്യൻസ് ലീഗിൽ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായമേറിയ താരവും (34വർഷവും 63 ദിവസവും )ജിറൂദാണ്.

മൈക്കേൽ ഓവന് (ലിവർപൂൾ,മാഞ്ചസ്റ്റർ യുണൈറ്റഡ് )ശേഷം രണ്ട് ഇംഗ്ളീഷ് ക്ളബുകൾക്ക് വേണ്ടി (ആഴ്സനൽ ,ചെൽസി)ചാമ്പ്യൻസ് ലീഗ് ഹാട്രിക്ക് നേടുന്ന ആദ്യ താരം.

2018-19 സീസൺ മുതൽ ഒരു ഇംഗ്ളീഷ് ക്ളബിന് വേണ്ടി യൂറോപ്യൻ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനാണ് ഒളിവർ ജിറൂദ് .16 ഗോളുകളാണ് അദ്ദേഹം ഇതിനകം നേടിയത്.

2010 മാർച്ചിൽ ഫ്രാങ്ക് ലംപാർഡിന് ശേഷം ഒരു മത്സരത്തിൽ നാലു ഗോളുകൾ നേടുന്ന ആദ്യ ചെൽസി താരമാണ് ജിറൂദ്. ലംപാർഡ് ഇപ്പോൾ ചെൽസി കോച്ചാണ്.

2011-12 സീസണിന് ശേഷം ചാമ്പ്യൻസ് ലീഗിൽ ചെൽസി തുടർച്ചയായി നാലു വിജയങ്ങൾ നേടുന്നത് ആദ്യം. 2012ൽ കിരീടവും ചെൽസിക്കായിരുന്നു.

കീവിനെ കീറിമുറിച്ച് യുവെ

യുവെന്റസ് 3- ഡൈനമോ 0

ഗ്രൂപ്പ് ജി യിലെ നിർണായകമത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഡൈനമോ കീവിനെ കീഴടക്കിയാണ് യുവെന്റസ് പ്രീ ക്വാർട്ടർ ബെർത്ത് സുരക്ഷിതമാക്കിയത്. 21-ാം മിനിട്ടിൽ ഫ്രെഡെറിക്കോ ചീസയും 57-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും 66-ാം മിനിട്ടിൽ അൽവാരോ

മൊറാട്ടയുമാണ് ഇറ്റാലിയൻ കരുത്തന്മാർക്ക് വേണ്ടി സ്കോർ ചെയ്തത്. ഈ വിജയത്തോടെ യുവെയ്ക്ക് അഞ്ചുകളികളിൽ നിന്ന് 12 പോയിന്റായി. 15 പോയിന്റള്ള ബാഴ്സയാണ് ഗ്രൂപ്പിൽ ഒന്നാമത്.

750

ഗോളുകൾ ക്രിസ്റ്റ്യാനോ കരിയറിൽ തികച്ചു.

കൂൾ..കൂൾ..ബാഴ്സ

ബാഴ്സലോണ 3-ഫെറെങ്ക്‌വാറോസ് 0

നേരത്തേതന്നെ പ്രീ ക്വാർട്ടർ ഉറപ്പാക്കിയിരുന്ന ബാഴ്സലോണ ഫെറെങ്ക്‌വാറോസിനെതിരായ ഹോം മാച്ചിൽ നിഷ്പ്രയാസം വിജയം ആവർത്തിക്കുകയായിരുന്നു.ആദ്യ പകുതിയിൽത്തന്നെ ആതിഥേയർ മൂന്ന് ഗോളുകളും നേടി. 14-ാം മിനിട്ടിൽ അന്റോയ്ൻ ഗ്രീസ്മാൻ,20-ാം മിനിട്ടിൽ ബ്രാത്ത്‌വെയ്റ്റ്,28-ാം മിനിട്ടിൽ ഒസ്മാനെ ഡെംബെലെ എന്നിവരാണ് ബാഴ്സയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. പെനാൽറ്റിയിൽ നിന്നായിരുന്നു ഡെംബെലെയുടെ സ്കോറിംഗ്. സീസണിൽ ഇതുവരെ എല്ലാകളിയും ജയിച്ച ഏക ടീമാണ് ബാഴ്സലോണ.

എച്ച് ഗ്രൂപ്പിൽ കടുകട്ടി

പാരീസ് 3-മാൻ.യു.1

കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ പാരീസ് എസ്.ജി 3-1ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചതോടെ എച്ച് ഗ്രൂപ്പിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്കും ഒരേ പോയിന്റ് നിലയായി.മാഞ്ചസ്റ്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പാരീസിനായി ആറാം മിനിട്ടിലും 90+1-ാം മിനിട്ടിലും നെയ്മർ നേടിയ ഗോളുകളാണ് വഴിത്തിരിവായത്. 32-ാം മിനിട്ടിൽ മാർക്കസ് റാഷ്ഫോർഡ് സമനില പിടിച്ചിരുന്നു. എന്നാൽ 69-ാം മിനിട്ടിൽ മാർഖിന്യോസ് പാരീസിന് ലീഡ് നൽകി.

ഗ്രൂപ്പിൽ ഒൻപത് പോയിന്റുള്ള പാരീസാണ് ഗോൾ ശരാശരിയിൽ മുന്നിൽ . മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ രാത്രി 3-2ന് ഇസ്താംബുൾ ബസ്തക്സെഹറിനെ തോൽപ്പിച്ച ആർ.ബി ലെയ്പ്സിംഗ് ഒൻപത് പോയിന്റുമായി മൂന്നാമതും.അടുത്തയാഴ്ച പാരീസും ഇസ്താംബുളും ലെയ്പ്സിഗും മാഞ്ചസ്റ്ററും തമ്മിലും നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരങ്ങളാകും അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ളവരെ നിശ്ചയിക്കുക.

ലാസിയോയിൽ കുരുങ്ങിയ ബൊറൂഷ്യ

ബൊറൂഷ്യ 1- ലാസിയോ1

ഗ്രൂപ്പ് എഫിൽ ഇറ്റാലിയൻ ക്ളബ് ലാസിയോയും ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടും സമനിലയിൽ കുരുങ്ങിയെങ്കിലും ഇരുവരുടെയും പ്രീ ക്വാർട്ടർ പ്രതീക്ഷ പൊലിഞ്ഞിട്ടില്ല.സ്വന്തം തട്ടകത്തിൽ 44-ാം മിനിട്ടിൽ റാഫേൽ ഗ്വിറേറയിലൂടെ ബൊറൂഷ്യയാണ് ആദ്യം സ്കോർ ചെയ്തത്. 67-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഇമ്മൊബൈൽ സമനില പിടിക്കുകയായിരുന്നു. ബൊറൂഷ്യയ്ക്ക് പത്തും ലാസിയോയ്ക്ക് ഒൻപതും പോയിന്റാണുള്ളത്.

ചാമ്പ്യൻസ് ലീഗ് പോയിന്റ് നില

( ടീം,കളി,പോയിന്റ് ക്രമത്തിൽ )

ഗ്രൂപ്പ് എ

ബയേൺ 5-13

അത്‌ലറ്റിക്കോ 5-6

സാൽസ്ബർഗ് 5-4

ലോക്കോമോട്ടീവ് 5-3

ഗ്രൂപ്പ് ബി

മോൺഷെഗ്ളാബാഷ് 5-8

ഷാക്തർ 5-7

റയൽ മാഡ്രിഡ് 5-7

ഇന്റർ മിലാൻ 5-5

ഗ്രൂപ്പ് സി

മാഞ്ചസ്റ്റർ സിറ്റി 5-13

പോർട്ടോ 5-10

ഒളിമ്പ്യാക്കോസ് 5-3

മാഴ്സെ 5-3

ഗ്രൂപ്പ് ഡി

ലിവർപൂൾ 5-12

അറ്റലാന്റ 5-8

അയാക്സ് 5-7

മൈറ്റിലാൻഡ് 5-1

ഗ്രൂപ്പ് ഇ

ചെൽസി 5-13

സെവിയ്യ 5-10

ക്രാസ്നോദർ 5-4

റെന്നെസ് 5-1

ഗ്രൂപ്പ് എഫ്

ഡോർട്ട്മുണ്ട് 5-10

ലാസിയോ 5-9

ക്ളബ് ബ്രൂഗെ 5-7

സെനിത്ത് 5-1

ഗ്രൂപ്പ് ജി

ബാഴ്സലോണ 5-15

യുവന്റസ് 5-12

ഡൈനമോ കീവ് 5-1

ഫെറെങ്ക്‌വാറോസ് 5-1

ഗ്രൂപ്പ് എച്ച്

പി.എസ്.ജി 5-9

മാൻ.യുണൈ.5-9

ലെയ്പ്സിഗ് 5-9

ഇസ്താംബുൾ 5-3