moon

ബീജിംഗ്: ചൈനയുടെ ചാങ് 5 പേടകം ചാന്ദ്ര പാറകളും മറ്റ് പദാർത്ഥങ്ങളും ശേഖരിക്കുന്ന പ്രക്രിയ പൂർത്തിയാക്കിയതായി ചൈന. ശേഖരിച്ച സാമ്പിളുകൾ പേടകത്തിനകത്ത് സീൽ ചെയ്തുവെന്നും ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (സി.എൻഎസ്.എ) അറിയിച്ചു. ചന്ദ്രന്റെ ഉത്ഭവം കണ്ടെത്തുന്നതിന്റെ ഭാഗമായി ചൈന വിക്ഷേപിച്ച പേടകമാണിത്.

ചന്ദ്രനിൽ 19 മണിക്കൂർ നേരം ചിലവിട്ട പേടകം ഇന്ത്യൻ സമയം ബുധനാഴ്ച വൈകിട്ട് 7.30 യോടെയാണ് സാമ്പിൾ ശേഖരണം പൂർത്തിയാക്കിയത്. ശേഖരിച്ച വസ്തുക്കൾ പേടകത്തിലെ പ്രത്യേക അറയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുന്നതിനിടെ ബാഹ്യാന്തരീക്ഷത്തിന്റെ സ്വാധീനമേൽക്കാത്തവിധം വായുസഞ്ചാരമില്ലാത്ത അറയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.

ചന്ദ്രോപരിതലത്തിലെ 100 ഡിഗ്രി സെൽഷ്യസ് താപനിലയിൽ നിന്നായിരുന്നു സാമ്പിൾ ശേഖരണം. റോബോട്ടിക് കൈകൾ ഉപയോഗിച്ച് ചന്ദ്രോപരിതലത്തിലെ പാറ തുരന്ന് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പലയിടങ്ങളിൽ നിന്നുള്ള സാമ്പിളുകളാണിത്.

ലാൻഡിംഗ് ക്യാമറ, പനോരമ ക്യാമറ, ലൂണാർ റിഗോലിത് പെനട്രേറ്റിംഗ് റഡാർ, ലൂണാർ മിനറലോജിക്കൽ സ്‌പെക്ട്രോമീറ്റർ പോലുള്ള ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. റോബോട്ടിക് കൈകൾ ഉപയോഗിച്ച് പാറ തുരക്കുന്നതിന് മുമ്പ് സാമ്പിളുകൾ ശേഖരിക്കുന്ന സ്ഥലം ലൂണാർ റീഗോലിത് പെനട്രേറ്റിംഗ് റഡാർ വിശകലനം ചെയ്തിരുന്നു.

16-17 തീയതികളിൽ പേടകം ഭൂമിയിൽ തിരികെ എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ, വിവിധ ഘടകങ്ങളെ അനുസരിച്ച് ഇതിൽ മാറ്റമുണ്ടായേക്കാം. മംഗോളിയ മേഖലയിൽ പേടകത്തെ തിരികെയിറക്കാനാണ് ചൈനയുടെ പദ്ധതി.