
അടിമുടി കർഷകനാണ് കാസർകോട്  ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ. പാടത്തും പറമ്പിലുമെത്തുമ്പോൾ നാടൻപാട്ടിന്റെ മേളത്തിൽ അസ്സലൊരു കൃഷിക്കാരനാകും.  അദ്ധ്വാനിച്ചു ജീവിക്കണമെന്ന പഴയകാല പാർട്ടി ക്ലാസുകളിലെ നിർദ്ദേശം പ്രായം 72 ൽ എത്തിയിട്ടും നടപ്പാക്കുന്ന, മണ്ണറിഞ്ഞു വിത്തിറക്കി മനസുനിറഞ്ഞ് ജീവിക്കാമെന്ന്ലളിതമായി  മലയാളികൾക്ക് മുന്നിൽ തെളിയിക്കുന്ന ഒരു ജനപ്രതിനിധിയുടെ വിശേഷങ്ങൾ...
കൃഷിക്കാലം വന്നാൽ കാസർകോട് ആലക്കോടെ ചുകന്ന മണ്ണിൽ എന്നും ഉത്സവമാണ്. ഇടിവെട്ടി പെയ്യുന്ന മഴയിലും കടുത്ത വേനലിലും കൃഷിയുടെ ആവേശം ഒട്ടും തണുക്കാറില്ല ഇവിടെ. വീടിന് തൊട്ടുമുന്നിലെ പാടവരമ്പത്തേക്ക് മുണ്ടും മടക്കിക്കുത്തി എം.എൽ.എ കെ.കുഞ്ഞിരാമൻ തനി കർഷകനായി ഇറങ്ങുന്നതോടെ ആവേശം ഒന്നുകൂടി കനക്കും. ഒരു നാടൻ കർഷകന്റെ എല്ലാ പരിവേഷങ്ങളും കുഞ്ഞിരാമനിലും കാണാം. കൈലി ഉടുത്ത് തലയിൽ കൊട്ടമ്പാള വെച്ച് തോർത്തും ചുറ്റി അരിവാൾ കൈയിലേന്തി പാടത്തെ ചെളിയിൽ ചവിട്ടി മെതിക്കുമ്പോൾ കൂടെയുള്ളവർക്കും കാഴ്ചക്കാർക്കും കൗതുകമേറും. ഇങ്ങനെയും  ഒരു എം.എൽ.എ ഉണ്ടോ എന്ന് ചിന്തിച്ചേക്കാം. കെ. കുഞ്ഞിരാമൻ അങ്ങനെയാണ്, വിത്ത് വിതയ്ക്കാനും കൊയ്ത്തിനിറങ്ങാനും കറ്റ  തല്ലാനുമൊക്കെ മുന്നിൽ തന്നെയുണ്ട്.
ഉദുമയുടെ സ്വന്തം  കുഞ്ഞിരാമൻ
കൃഷിക്കാരൻ  എന്നതിൽ  അഭിമാനം കൊള്ളുന്നയാളാണ് കെ. കുഞ്ഞിരാമൻ. അദ്ധ്വാനിച്ചു ജീവിക്കണമെന്ന പഴയകാലത്തെ പാർട്ടി ക്ളാസുകളിലെ നിർദ്ദേശം 72 ൽ എത്തിയിട്ടും ലവലേശം വെള്ളം ചേർക്കാതെ നടപ്പിലാക്കുന്നു. മേലനങ്ങാതെ ജീവിക്കണമെന്ന പുത്തൻശീലക്കാരടങ്ങിയ രാഷ്ട്രീയക്കാരുടെ ലോകത്ത് ജീവിതമാർഗം കണ്ടെത്താൻ പൊതുപ്രവർത്തനത്തെ കരുവാക്കരുതെന്ന നിലപാടുമായി മുന്നോട്ടുപോകുന്നതാണ് കെ.കുഞ്ഞിരാമനെ മറ്റു രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. അച്ഛൻ ആലക്കോടൻ ചന്തുമണിയാണിയുടെയും അമ്മ കുഞ്ഞമ്മയുടെയും കൂടെ കുഞ്ഞുനാളിൽ തുടങ്ങിയതാണ് കൃഷിയുമായുള്ള ബന്ധം. അച്ഛനും അമ്മയും മക്കളും കൃഷിക്കാർ. കൂട്ടുകൃഷി കുടുംബമായിരുന്നു ഇവരുടേത്. ജനിച്ചുവളർന്ന തറവാട് വീട്ടിൽ എന്നും കൃഷിയിറക്കലും കാർഷികവിളവെടുപ്പുമാണ്. മണ്ണും തൂമ്പയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നവർ. ആലക്കോട് പുതുക്കി പണിത തറവാട് വീട്ടിലെ താമസത്തിനിടയിലും കൃഷിയെ കൈവിട്ടില്ല. പാടത്തും പറമ്പിലും ഇന്നും ഒരു മടിയുമില്ലാതെ പണിയെടുക്കുന്നുണ്ട് അദ്ദേഹം. സഹോദരനായ ദാമോദരനും നാരായണനും കാർത്ത്യായനിയും നാരായണിയും കൃഷ്ണനും ഭാര്യ പത്മിനിയും കൃഷിയിടങ്ങളിൽ കുഞ്ഞിരാമന് എന്നും കൂട്ടായുണ്ടാകും. വീട്ടിലേക്ക് ആവശ്യമായ നെല്ലും പച്ചക്കറികളും മാറ്റിവച്ച് ബാക്കി  തൊഴിലാളികൾക്ക്  കൂലിയോടൊപ്പം കൊടുക്കും. അവരുടെ വിയർപ്പിന്റെ നല്ലൊരു പങ്ക്  നെല്ലായി കൊടുത്തില്ലെങ്കിൽ കൃഷികൊണ്ട് എന്ത്  അർത്ഥമാണുള്ളതെന്നാണ്  അടിയുറച്ച  ഈ ഇടതുപക്ഷക്കാരന്റെ ചോദ്യം. സ്വാർത്ഥത കൂടി കൂടി വരുന്ന പുതിയ കാലത്ത് മണ്ണറിഞ്ഞു വിത്തിറക്കി സന്തോഷത്തോടെ മനസുനിറഞ്ഞ് ജീവിക്കാമെന്ന് വളരെ ലളിതമായി മലയാളികൾക്ക് മുന്നിൽ കാണിച്ചു കൊടുക്കുകയാണ് ഉദുമയുടെ ഈ ജനപ്രതിനിധി.

നെല്ല്, തേങ്ങ, അടക്ക, കുരുമുളക്
കുഞ്ഞിരാമന്റെ  കുട്ടിക്കാലത്ത്  നെൽകൃഷി മാത്രമാണ് അവിടെയുണ്ടായിരുന്നത്. അക്കാലത്ത് തെങ്ങും കവുങ്ങും അപൂർവം ചില പറമ്പുകളിൽ മാത്രമായിരുന്നു കൃഷി ചെയ്തിരുന്നത്. പിന്നീട് വന്നതാണ് റബ്ബർ ഉൾപ്പെടെയുള്ള നാണ്യവിളകൾ. കൃഷി ഉപജീവനമാക്കിയ കുടുംബത്തിന്റെ ജീവിതം മുഴുവൻ മണ്ണിനോട് പടവെട്ടി നേടിയെടുക്കുന്ന സമ്പാദ്യം ഒന്നുകൊണ്ട് മാത്രമാണ്  മുന്നോട്ട്  പോയത്. മൊത്തം അഞ്ചേക്കറിൽ രണ്ടേക്കറാണ് നെൽ കൃഷിയിലെ വിളവ്. ഒരു വർഷം 5000 തേങ്ങ, അഞ്ച ്ക്വിന്റൽ അടക്ക, ഏതാണ്ട് അത്രയും തന്നെ കുരുമുളകും കിട്ടും. നല്ല അളവിൽ പച്ചക്കറിയും സ്വന്തമായുണ്ടാക്കും. അത് വിൽക്കില്ല. ഒരു പങ്ക് വീട്ടിലെ തൊഴിലാളികൾക്ക് നൽകും. പിന്നെയും ബാക്കി വരുന്നത് അയൽവീടുകളിലേക്ക് നൽകുന്നതാണ് പതിവ്. മണ്ണും മഴയുമറിഞ്ഞാണ് കൃഷിയിറക്കുക. ഇക്കുറി മഴ കുറച്ച് വൈകിയത് അൽപ്പം പ്രയാസമുണ്ടായി. കൊയ്ത്ത് കഴിഞ്ഞ കണ്ടത്തിൽ പച്ചക്കറി കൃഷി നടത്തും. വിളവെടുപ്പ് ഉത്സവം പോലെ ആഘോഷമാണ്.  ഓല മേഞ്ഞ വീടിന്റെ  മുന്നിലെ  പറയിൽ ചിരങ്ങ, കുമ്പളം,  വെള്ളരി എന്നിവ നിരയായി തൂക്കിയിടുന്ന  പതിവ് മുമ്പുണ്ടായിരുന്നു. ഓല ആയതിനാൽ വീടിനകമാകെ നല്ല തണുപ്പാണെന്നും എ.സിയെ വെല്ലുമെന്നും അദ്ദേഹം പറയുന്നു.
കർഷകന്റെ പൊതുപ്രവർത്തന ജീവിതം
കൃഷിയും രാഷ്ട്രീയവും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ കുറച്ച്  പ്രയാസമുണ്ടെങ്കിലും കുഞ്ഞിരാമന് കൃഷി ഉപേക്ഷിക്കാനാകില്ല. അത്രയേറെ പ്രാണനാണ്. അതുകൊണ്ടാണ് കൃഷിക്ക്  മുൻഗണന കൊടുക്കുന്നതെന്നും അദ്ദേഹം മറയില്ലാതെ പറയുന്നു. ചെറുപ്പത്തിലേ കണ്ടു വളർന്നതല്ലേ, കൃഷിയുണ്ടെങ്കിൽ ഒരു വർഷത്തെ ജീവിതം കുശാൽ ആകും.  ഭക്ഷണത്തെ കുറിച്ച് പിന്നെ ചിന്തിക്കേണ്ടി വരില്ലെന്ന്  എം.എൽ.എയ്ക്ക് നന്നായി അറിയാം. കറ കളഞ്ഞ പൊതുപ്രവർത്തകനാകാൻ അദ്ദേഹത്തിന് കഴിയുന്നതും അതുകൊണ്ടാണ്. പുതിയ  തലമുറയോട്  അദ്ദേഹത്തിന്  പറയാനുള്ളതും ഇതാണ്. രാവിലെ  കുളിച്ചു കുറിയും തൊട്ട്  ഇസ്തിരിയിട്ട  ചുളിയാത്ത ഷർട്ടുമണിഞ്ഞു പാർട്ടി ഓഫീസിൽ പോയിരുന്ന് വർത്തമാനം പറയുക എന്നതാണ് രാഷ്ട്രീയ പ്രവർത്തനമെന്നാണ് ധരിച്ചുവെച്ചതെങ്കിൽ അത് പാടെ നിഷേധിക്കും അടിയുറച്ച വിപ്ലവമനസിനുടമയായ ഈ കർഷകൻ. 'സ്വന്തമായി അദ്ധ്വാനിച്ചു സമ്പാദ്യമുണ്ടാക്കി കുടുംബം പോറ്റണം. നാട്ടുകാരെ കൊണ്ട് നല്ലത് പറയിക്കണം. കള്ളുകുടിച്ചു ചങ്ങാത്തം കൂടി നടക്കുന്നതിന് പകരം കുടുംബത്തിൽ നല്ലവനാകണം. സമ്പാദ്യത്തിൽ മിച്ചം വയ്ക്കുന്നതിൽ ഒരു വിഹിതം പാർട്ടി വളർത്താനും കൊടുക്കണം..." പാർട്ടി ക്ലാസുകളിൽ അഴീക്കോടൻ രാഘവനും എ. വി. കുഞ്ഞമ്പുവും പഠിപ്പിച്ച നന്മയാണ് കെ. കുഞ്ഞിരാമന്റെ തത്ത്വശാസ്ത്രം. അത് പിശകില്ലാതെ  പ്രയോഗിക്കുന്നതിൽ ഈ എം.എൽ.എ യെ പോലെ മറ്റൊരു മാതൃക കേരളത്തിലില്ലയെന്ന് നിസംശയം പറയാം.
കൃഷിക്കുമുണ്ട് ശാസ്ത്രീയവശങ്ങൾ
കൃഷി നഷ്ടമാണെന്നും അതിനാലാണ് പലരും കളംവിടുന്നതെന്നും പറഞ്ഞ് കുഞ്ഞിരാമന്റെ  അടുത്തേക്ക് ചെല്ലേണ്ട. മനസുവച്ചാൽ നെൽകൃഷി നഷ്ടമില്ലാതെ കൊണ്ടുപോകാൻ കഴിയുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വാദം. കൃഷിയെ ലാഭകരമാക്കുന്ന ആ ശാസ്ത്രീയ നിലപാട് ഇങ്ങനെ. ഒരു പറ നെല്ല് വിളയിച്ചെടുക്കാൻ 1000  ഉറുപ്പിക ചെലവ് വരും. വിറ്റാൽ കിട്ടുക 300 ഉറുപ്പികയാണ്. നെല്ലിന്റെ അത്രതന്നെ ഉറുപ്പിക വൈക്കോലിന് കിട്ടും. നെൽകൃഷിയുടെ കൂടെ കന്നുകാലികളെയും പോറ്റണം. കിട്ടുന്ന പുല്ല് കാലികൾക്ക് തിന്നാൻ കൊടുത്താൽ പോരേയെന്നാണ് ചോദ്യം. അല്ലെങ്കിൽ വേറെ പണം കൊടുത്ത് പുല്ല് വാങ്ങേണ്ടി വരും. ഒരു ചാക്ക് നെല്ല് കുത്തിയാൽ അര ചാക്ക് തവിട് കിട്ടും. കാലിക്ക് കൊടുക്കാൻ കുറച്ചുപിണ്ണാക്ക് വാങ്ങേണ്ട കാര്യമേയുള്ളൂ. പശുക്കൾ അടക്കമുള്ള കന്നുകാലികളെ പോറ്റിയില്ലെങ്കിൽ കൃഷിയാകില്ല. എല്ലാം ചേർന്നാലേ കൃഷിയെന്ന് പറയാൻ കഴിയൂ. കൃഷി ചെയ്യും, പക്ഷേ പാടവരമ്പത്തേക്ക് പോകില്ലെന്ന് പറഞ്ഞാൽ കൃഷിയാകുമോ. പോരെങ്കിൽ സർക്കാർ ഇപ്പോൾ നല്ലൊരു തുക സബ്സിഡിയും നൽകുന്നുണ്ട്. പിന്നെന്തിനാണ് നമ്മൾ മണ്ണിലേക്കിറങ്ങാൻ മടിക്കുന്നത്. സ്വന്തം വീട്ടിലേക്ക് വേണ്ട  വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കളെങ്കിലും കൃഷി ചെയ്യാൻ മലയാളികൾ തയ്യാറാകണം. പക്ഷേ, കൃഷിക്കിറങ്ങുമ്പോൾ മണ്ണറിഞ്ഞു വേണം വിത്തിടാൻ. അതുകൊണ്ടാണ് ഞങ്ങളൊക്കെ  വിജയിച്ചുപോകുന്നതെന്നും അദ്ദേഹം പറയുന്നു.
പ്രായത്തെ  തോൽപ്പിക്കുന്ന  ചുറുചുറുക്ക്
പ്രായം ഏറി വരികയാണ്. പഴയ പോലെ ആകുന്നില്ല. എന്നാലും മെയ് 15 ന്  ആദ്യമായി മഴ കിട്ടിയപ്പോൾ ആവേശം കയറി 16 ന് തന്നെ പാടത്തിറങ്ങി വിത്തിറക്കി. ആദ്യത്തെ മഴയ്ക്ക്  വിത്തിട്ടാൽ കളകൾ വരില്ലെന്നും വെള്ളം കയറി വിത്തിട്ടാൽ പുല്ലുകൾ വളരുമെന്നാണ് അനുഭവം പഠിപ്പിച്ചത്. കാലത്തിനൊത്ത് കൃഷിയെടുക്കണം എന്ന  ചിന്താഗതിക്കാരനാണ് കുഞ്ഞിരാമൻ. ലോക്ക്ഡൗണിലെ രണ്ടുമാസവും വെറുതെയിരുന്നില്ല. ചാണകവും ചകിരിയും എല്ലാം ചേർത്ത് രണ്ടു ലോഡ് വെണ്ണീർ ഉണ്ടാക്കി. അതിന് നല്ലവില കിട്ടും. പശുവിന്റെ ചാണകവും കാട്ടവും പുല്ലും ചേർത്ത് നല്ല വളക്കുഴിയും  ആലക്കോട് വീട്ടുവളപ്പിലുണ്ട്. ഈ വളം നൽകിയാണ്  തെങ്ങുകളിൽ നല്ല വിളവ് പിടിപ്പിക്കുന്നത്. പുത്തൻ ജൈവകൃഷിയെ പൊളിച്ചെഴുതാനും ഈ ജനകീയ കർഷകൻ തയ്യാറാകും. ജൈവവളം മാത്രം ചേർത്താൽ കൃഷിയാകില്ലെന്ന ശക്തമായ വാദമാണ് മുന്നോട്ട് വയ്ക്കുന്നത്. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന കൃഷിക്കാരുടെ യോഗത്തിൽ നിങ്ങൾ പറയുന്നത് ശരിയല്ലെന്ന് വെട്ടിത്തുറന്ന് പറയാനുള്ള ആർജവവും അദ്ദേഹത്തിനുണ്ട്. ജൈവവളം എന്നുപറഞ്ഞു വരുന്നതെല്ലാം വെറും ചകിരി നാരുകളും എന്തൊക്കെയോ ചേർത്ത പൊടികളുമാണ്. ജൈവവളത്തിന്റെ ഒപ്പം അല്പം രാസവളവും ചേർക്കാതെ ഒരു കൃഷിയും രക്ഷപ്പെടില്ലെന്നാണ് ഈ പാരമ്പര്യ കർഷകന്റെ അനുഭവസാക്ഷ്യം.
ആലക്കോട്ടെ വീട്ടുമുറ്റത്തെ കാർഷിക വിശേഷങ്ങൾക്കൊപ്പം മണ്ണിന്റെ മണമുള്ള കവിതയും നാടൻപാട്ടും അകമ്പടിയായുണ്ട്.
''നിറയില്ല... പുത്തരിയില്ല..
നിറയോലയില്ല, കളമില്ല ..കളപ്പണിയില്ല...
എല്ലാം അന്യം നിന്നുപോകുന്നു നമ്മുടെ കാർഷിക സംസ്കാരം.""
സ്വന്തമായി എഴുതിയ കവിത കെ. കുഞ്ഞിരാമൻ ഉറക്കെ ചൊല്ലുകയാണ്.
'കുന്നുംമല മേലെ പുരകെട്ടി..." എന്ന് തുടങ്ങുന്ന നാടൻപാട്ടിന് കൃഷിപ്പണിയിലെ സഹായി ബേത്തൂർപാറയിലെ ധനേഷ് താളമിടുമ്പോൾ വീട്ടുകാരെല്ലാം തുടികൊട്ടും. കാർഷികസംസ്കാരം കൊണ്ട് സമ്പന്നമായ വീട്ടുമുറ്റത്ത് ആഹ്ലാദം അണപൊട്ടും. മധുസൂദനൻ, കലാവതി, പത്മരാജൻ എന്നിവരാണ് മക്കൾ. സജ്ന, ജയരാജൻ, ശില്പ എന്നിവർ മരുമക്കളാണ്.