mammootty

സിനിമയിലുള്ളതിനേക്കാൾ നാടകീയ സംഭവങ്ങൾ ഷൂട്ടിംഗ് സ്ഥലങ്ങളിൽ നടക്കാറുണ്ട്. അത്തരത്തിലൊരു സംഭവം ഓർത്തെടുക്കുകയാണ് നടനും പ്രൊഡക്ഷൻ കൺട്രോളറുമായ ബദറുദ്ദീൻ. കടൽകടന്നൊരു മാത്തുക്കുട്ടി എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് സ്ഥലമാണ് രംഗം. പണികിട്ടയത് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ ഉന്നത ഉദ്യോഗസ്ഥനും. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബദറുദ്ദീൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ബദറുദ്ദീന്റെ വാക്കുകൾ-

'കടൽകടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിൽ മമ്മൂക്കയോടൊപ്പം ഞാനും അഭിനയിച്ചിട്ടുണ്ട്. അതിലൊരു സീൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ ഷൂട്ട് ചെയ്യുകയായിരുന്നു. മമ്മുക്ക വന്നപ്പോഴേക്കും ആളങ്ങ് ജ്വലിച്ചുനിൽക്കുവാണ്. എനിക്കങ്ങേരുടെ മുഖത്തു നോക്കി അഭിനയിക്കാനേ കഴിയുന്നില്ല. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ, ഷൂട്ടിംഗിന് സുരക്ഷ ഒരുക്കാൻ എത്തിയ സെക്യൂരിറ്റിയെ എയർപോർട്ടിലെ കൊമേഷ്യൽ മാനേജർ വഴക്കു പറയുകയാണെന്ന് പറഞ്ഞു. ഈ സെക്യൂരിറ്റി അടുത്തിടെ മരിച്ചു പോയി. ഉദ്യോഗസ്ഥന് സെക്യൂരിറ്റിയെ വഴക്കുപറയാൻ ഒരു അവകാശവുമില്ല. എല്ലാ പെർമിഷനും എടുത്തിട്ടാണ് ഷൂട്ട് തുടങ്ങിയത്.

ഈ വഴക്കിനിടയിലാണ് ഷോട്ട് റെഡിയാണെന്ന് പറഞ്ഞ് മമ്മൂക്കയെ വിളിച്ചത്. അന്നേരം ഞാൻ ഒരു വിദ്യ പ്രയോഗിച്ചു. നിങ്ങളിൽ ക്ഷമയുള്ളവനാണ് ശക്തിമാൻ എന്ന നബി വചനം ഞാൻ പറഞ്ഞു. ഇതുകേട്ടതും മമ്മൂക്ക പൊട്ടിച്ചിരിച്ചു. ഷൂട്ടിംഗ് പൂർത്തീകരിച്ചു. പക്ഷേ, കൊമേഷ്യൽ മാനേജർക്ക് നല്ലൊരു പണികൊടുക്കാനും മമ്മൂട്ടി മറന്നില്ല. ഉദ്യോഗസ്ഥന്റെ ഓഫീസിന് മുന്നിൽ ഇട്ടിരുന്ന കസേരയിൽ കയറി ഇരിപ്പായി. കുറച്ചു സമയം കൊണ്ട് ആളുകൾ വന്നങ്ങുകൂടി. ഒടുവിൽ മാനേജർ വന്നിറങ്ങി അകത്തേക്ക് ക്ഷണിച്ചിട്ടുപോലും പോകാൻ മമ്മൂക്ക തയ്യാറായില്ല'.