val

വിജയശ്രീ ലാളിതനായി നിൽക്കുന്ന ശ്രീരാമൻ. മുന്നിൽ പരാജിതനെങ്കിലും അഹങ്കാരം ശമിച്ചിട്ടില്ലാത്ത ഖരനും. ഗദയുമേന്തി പരാക്രമിയാണെന്ന മട്ടിൽ നിൽക്കുന്ന ഖരനോട് ശ്രീരാമൻ പറഞ്ഞു: രാക്ഷസപ്രമുഖനായ ഖര! നിനക്ക് ചതുരംഗപ്പടയുണ്ട്. ജീവജാലങ്ങൾക്കെല്ലാം നീ ഭയം വിതയ്‌ക്കുന്നു. സജ്ജനങ്ങൾ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്ന കർമ്മങ്ങളാണ് നീ ചെയ്യുന്നത്. സദാ മഹാപാപങ്ങൾ ചെയ്യുന്നവൻ മൂന്നുലോകങ്ങൾക്കും നാഥനാണെങ്കിലും അധികകാലം വാഴുകയില്ല. ലോകക്ഷേമത്തിന് വിരുദ്ധമായ കർമ്മങ്ങൾ ചെയ്യുന്നവനെ ജനങ്ങൾ ശപിക്കും. ഉഗ്രസർപ്പത്തെപ്പോലും ഭയക്കും. അവിചാരിതമായി ചെയ്‌തുപോകുന്ന പാപകർമ്മങ്ങളിൽ പശ്ചാത്തപിക്കാത്തവൻ ദുഷ്‌ടനാണ്. ആലിപ്പഴം തിന്ന അരണ എപ്രകാരമാണോ അതേ സ്ഥിതിയായിരിക്കും അവനും. അവൻ ധർമ്മഭ്രഷ്‌ടനാണ്.

ധർമ്മത്തിനും ശാന്തിക്കുമായി കഠിന തപസിൽ കഴിയുന്ന മഹർഷി വര്യന്മാരെ നീ ഉപദ്രവിക്കുകയും നിഗ്രഹിക്കുകയും ചെയ്‌തു. അതുകൊണ്ട് നീ എന്തുനേടി? വേരറ്റവൃക്ഷങ്ങൾ എത്രകാലം നിൽക്കും? അതുപോലെ ദുഷ്ക്കർമ്മങ്ങൾ ചെയ്യുന്നവന് അധികം ആയുസുണ്ടാവുകയില്ല. ഏതൊരാളും ഏതുജീവിയും കർമ്മഫലം അനുഭവിച്ചേതീരൂ. അത് പ്രകൃതി നിയമമാണ്. സജ്ജനദ്രേഹികളെ നശിപ്പിക്കാൻ ഓരോകാലത്തും ദൈവം തന്നെ ഇടപെടും.മഹർഷിമാർക്ക് ശല്യം ചെയ്തവരെ സംഹരിക്കാൻ സാക്ഷാൽ ഈശ്വരൻ അയച്ച പ്രതിപുരുഷനാണ് ഞാൻ. എന്റെ അസ്ത്രങ്ങൾ പാമ്പുകൾ മാളത്തിലേക്കെന്നപോലെ നിന്റെ ശരീരം തുളച്ചുകയറും. ദണ്ഡകാരണ്യത്തിൽ എത്ര ധർമ്മാത്മക്കളെയാണ് നീ കാലപുരിക്കയച്ചത്. നിനക്കും നിന്നെ അനുഗമിച്ചവർക്കും ഇന്ന് അവിടെയെത്താം.

കാരണമില്ലാതെ കരുണയില്ലാതെ നീ താപസന്മാരെ നിഗ്രഹിച്ചു. അവർ വിമാനങ്ങളിലിരുന്ന് നരകാഗ്നിയിൽ പതിച്ച നിന്നെയും നിന്റെ കൂട്ടുകാരികളെയും കാണും. നീ ശരമെല്ലാം അയച്ചുകൊള്ളുക. നീ പഠിച്ച വിദ്യയെല്ലാം കാട്ടുക. പനംതേങ്ങപോലെ വൈകാതെ നിന്റെ തല ഭൂമിയിൽ പതിച്ചു ഉരുളും. രാമവാക്യങ്ങൾ ഖരന്റെ കോപം ഇരട്ടിപ്പിച്ചു. കോപാഗ്നിയിൽ പൊള്ളി അവൻ ആർത്തട്ടഹസിച്ചു. അല്ലയോ രാമ! നീ മേനിപറയുകയാണ്. വീരനാണെന്ന് നീ സ്വയം അഭിമാനിക്കുന്നു. ക്ഷത്രിയന്മാരിലെ അധമന്മാർ മാത്രമേ ഇത്തരത്തിൽ വീമ്പ് പറയൂ. കത്തജ്വലിക്കുന്ന കൂറ്രൻ ഗദയേന്തിയ എന്റെ പരാക്രമം നീ കാണുന്നില്ലേ. ഞാനൊരാൾ മതി നിന്നെ പറപറപ്പിക്കാൻ. ത്രിലോകങ്ങളിലെ ജീവനെടുക്കാൻ പാശമേന്തിയ കാലൻ മാത്രം മതി. നിന്നോട് പലതും പറയാനുണ്ടെങ്കിലും അതിനുള്ള സമയമില്ല. സൂര്യാസ്‌തമയമായാൽ യുദ്ധം മുടങ്ങും. പതിനാലായിരം പേരെ വകവരുത്തിയെന്ന് അഹങ്കരിച്ച നിന്നെ ഞാനിതാ കൊല്ലുന്നു.

കോപം കൊണ്ട് കാഴ്ചയില്ലാത്തവനും അഹങ്കാരംകൊണ്ട് ബോധമറ്റവനുമായ ഖരൻ ഇടിത്തീപോലുള്ള ഗദ ശ്രീരാമന്റെ നേർക്ക് എറിഞ്ഞു. വൃക്ഷങ്ങളും വള്ളിക്കുടിലുകളും മുന്നിൽ കണ്ടതുമെല്ലാം ഭസ്‌മമാക്കി വന്ന ആ ഗദയെ ആകാശത്ത് വച്ചുതന്നെ രാമബാണങ്ങൾ തകർത്തു. മന്ത്രത്താലും ഔഷധത്താലും വീഴ്‌ത്തപ്പെട്ടസർപ്പത്തെപ്പോലെ അത് നിർവീര്യമായി ചിന്നിച്ചിതറി.

(ഫോൺ: 9946108220)