
വാഷിംഗ്ടൺ:  അമേരിക്കയിലെ ഉട്ടയിലും റൊമേനിയൻ മലനിരകളിലും കണ്ടെത്തിയ നിഗൂഢ ലോഹസ്തംഭം പുതിയതായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് കാലിഫോർണിയയിലെ പർവത മുകളിലാണ്. ഉട്ടയിൽ നിന്നും റൊമേനിയയിൽ നിന്നും സ്തംഭങ്ങൾ പിന്നീട് അപ്രത്യക്ഷമായിരുന്നു. കാലിഫോർണിയയിലെ അറ്റാസ്കഡെറോ പർവതത്തിന് മുകളിലാണ് ലോഹസ്തംഭം കണ്ടെത്തിയത്. 10 അടി ഉയരവും 18 ഇഞ്ച് വീതിയുമുള്ളതാണ് അറ്റാസ്കഡെറോയിൽ കണ്ടെത്തിയ സ്തംഭം.
ലോഹസ്തംഭം ആര്, എന്തിന് ഇവിടങ്ങളിൽ വയ്ക്കുന്നുവെന്നത് നിഗൂഢമായി തുടരുകയാണ്. തികച്ചും വിജനമായ ഇടങ്ങളിൽ ഇത്തരമൊരു സ്തംഭം എത്തുന്നതും പിന്നീട് അപ്രത്യക്ഷമാകുന്നതും ലോകത്തെ അമ്പരിപ്പിക്കുകയാണ്. 
അന്യഗ്രഹ ജീവികൾ ഭൂമിയിൽ അവശേഷിപ്പിച്ചു പോയതാവാം ഇതെന്നും പ്രചരണമുണ്ട്. അതേസമയം, സ്തംഭം മണ്ണിൽ കൃത്യമായി ഉറപ്പിച്ച നിലയിലായതിനാൽ ആകാശത്തുനിന്നും താഴേക്കു പതിച്ചതല്ലെന്ന നിഗമനത്തിലാണ് ഗവേഷകർ.
സ്തംഭങ്ങൾ തിളങ്ങുന്ന തരത്തിലുള്ള ലോഹം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 1968ൽ ഇറങ്ങിയ സ്റ്റാൻലി കുബ്രിക്കിന്റെ  പ്രശസ്ത ഹോളിവുഡ് ചിത്രമായ '2001: സ്പേസ് ഒഡീസി'യിലെ മോണോലിത്തുകളുമായി ഇവക്ക് സാമ്യമുള്ളതിനാൽ ആ സിനിമയുടെ ആരാധകരാകാം ഇതിന് പിന്നിലെന്നും അഭ്യൂഹമുണ്ട്. ഏതെങ്കിലും കലാകാരന്മാരുടെ സൃഷ്ടിയാകാമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
 ഉട്ടയിലെ വിജനമായ മരുഭൂമി പ്രദേശത്ത് നവംബർ 18നാണ് ലോഹനിർമിതമായ കൂറ്റൻ സ്തംഭം ആദ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെ നവംബർ 26ന് വടക്കൻ റൊമേനിയയിലെ ബാക്ടഡോമ്നെ മലഞ്ചെരുവിൽ നാല് മീറ്ററോളം നീളമുള്ള ലോഹസ്തംഭം കണ്ടെത്തി.