parkash-singh-badal

ന്യൂഡല്‍ഹി: കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് പത്മവിഭൂഷണ്‍ തിരിച്ച് നല്‍കുമെന്ന് പ്രകാശ് സിംഗ് ബാദല്‍. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും അകാലിദള്‍ നേതാവുമാണ് ബാദല്‍. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ പുരസ്‌കാരമായ പത്മവിഭൂഷണ്‍ തിരിച്ചു നല്‍കുമെന്നാണ് 92കാരനായ ബാദല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2015ല്‍ ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്താണ് പ്രകാശ് സിങ് ബാദലിനെ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചത്.കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ബാദലിന്റെ പാര്‍ട്ടി നേരത്തെ എന്‍.ഡി.എ സഖ്യം വിട്ടിരുന്നു. പഞ്ചാബില്‍ നിന്നുള്ള മുന്‍ കായികതാരങ്ങളും പരിശീലകരും നേരത്തെ കേന്ദ്ര നയത്തിനെതിരെ രംഗത്തെത്തിയിരുന്നു. കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഇവര്‍ തങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡുകളും മെഡലുകളും തിരിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാദലിന്റെ തീരുമാനം പുറത്ത് വരുന്നത്.

അതേസമയം കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ച ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രത്തിനുള്ള അവസാന അവസരം ആണിതെന്നായിരുന്നു ചര്‍ച്ചയ്ക്ക് മുന്നോടിയായി കര്‍ഷകര്‍ പറഞ്ഞത്. കര്‍ഷക പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഭിന്നിപ്പിക്കല്‍ അജണ്ടയില്‍ ഏര്‍പ്പെടരുതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കഴിഞ്ഞദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിര്‍ത്തികളില്‍ താമസിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സമരക്കാര്‍ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ആറുമാസം കഴിയാനുള്ള ഭക്ഷണ സാധനങ്ങളുമായാണ് തങ്ങളെത്തിയതെന്ന് കര്‍ഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.