
വാഷിംഗ്ടൺ: 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ അധികാരത്തിലേക്ക് മടങ്ങിവരുമെന്ന് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച വിടവാങ്ങൽ പരിപാടിയിൽ സംസാരിക്കവെയാണ് 2024ലും മത്സരത്തിനുണ്ടാവുമെന്ന് ട്രംപ് സൂചിപ്പിച്ചത്. 'വളരെ തൃപ്തികരമായിരുന്നു കഴിഞ്ഞ നാല് വർഷങ്ങൾ. മറ്റൊരു നാല് വർഷങ്ങൾ കൂടി കിട്ടാൻ ഞങ്ങൾ ശ്രമിക്കുന്നു. ഞാൻ നിങ്ങളെ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടും' -ട്രംപ് പറഞ്ഞു.ജനുവരി 20നാണ് ട്രംപ് വൈറ്റ് ഹൗസ് ഒഴിഞ്ഞ് കൊടുക്കേണ്ടത്. അതിന് മുന്നോടിയായി പരമാവധി ആതിഥേയ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം എന്നാണ് റിപ്പോർട്ട്. പരിപാടിയുടെ ലൈവ് വീഡിയോ ഒക്ലഹോമ റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ അംഗം പാം പൊള്ളാർഡ് പുറത്തുവിട്ടിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന പലരും മാസ്ക് ധരിച്ചിട്ടില്ലായിരുന്നു. അടഞ്ഞുകിടക്കുന്ന ഹാളിലേക്ക് നിരവധി പേർ തള്ളിക്കയറുന്നതായും വിഡിയോയിൽ കാണാം.അതേസമയം, പൊതു ആരോഗ്യ നിർദ്ദേശങ്ങൾ പാലിക്കാതെയുള്ള ട്രംപിന്റെ ആതിഥേയ-വിടവാങ്ങൽ പരിപാടികൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് വ്യത്യസ്ത കോണുകളിൽ നിന്നുയരുന്നത്.