
പോറ്റിസാറിന്റെ മലയാളം ക്ലാസ് ബഹുരസമാണ്. സന്ദർഭോചിതമായി കഥകളും ഉപകഥകളും പ്രവഹിക്കും. സംസാരിച്ചിരുന്നാൽ സദ്യയുണ്ട പ്രതീതി. ഉള്ളിലൊരു വിപ്ലവകാരിയുമുണ്ട്. മുഴുവൻ പേര് ഈശ്വരൻ നമ്പൂതിരി. സ്വഭാവവിശേഷങ്ങൾകൊണ്ട് കുട്ടികൾക്ക് പ്രിയപ്പെട്ട പോറ്റിസാറായി. ജാതിമതഭേദമന്യേ എല്ലാവർക്കും അക്ഷരാഭ്യാസം നൽകാത്തതാണ് തെറ്റ്. അങ്ങനെ ലഭിച്ചിരുന്നെങ്കിൽ കേരളം ഇന്നത്തേതിന്റെ പത്തിരട്ടി പുരോഗതിയും മാതൃകയുമായേനെ എന്ന് പോറ്റി സാർ വിലയിരുത്തുന്നു. ശ്രീനാരായണഗുരുദേവന്റെ കൃതികളും പൂന്താനത്തിന്റെ കൃതികളും മനഃപാഠമായിരുന്നു അദ്ദേഹത്തിന്.
മനുഷ്യർ നാല് വിഭാഗക്കാരാണ്. പണം, പണം എന്ന് മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ. ലോകചരിത്രത്തിൽ എത്രകോടീശ്വരന്മാർ ഇടം നേടുന്നു. പിന്നീട് വരുന്ന തലമുറ അവരെ മാനിക്കുന്നുണ്ടോ? അറിവിന് പ്രാധാന്യം നൽകുന്ന വിഭാഗക്കാർ ജ്ഞാനസമ്പാദനത്തിന് പ്രാമുഖ്യം നൽകുന്നു. സ്നേഹത്തിന് പ്രാധാന്യം നൽകുന്നവർ മിത്രങ്ങളെ സമ്പാദിച്ചുകൂട്ടുന്നു. ഭക്ഷണത്തിന് പ്രാധാന്യം നൽകുന്നവർ അടുക്കളയിൽ നിന്ന് അടുക്കള വരെ ജീവിച്ച് മരിക്കുന്നു. ഒരിക്കൽ പോറ്റി സാർ പറഞ്ഞ ഉദാഹരണമാണ്.
ഒരാളിന് പല വ്യക്തിത്വമുണ്ടാകാം.  ആനയെക്കുറിച്ചുള്ള ഒരു കവിത പഠിപ്പിക്കുന്നതിനിടെ  പോറ്റിസാർ സൂചിപ്പിച്ചു. ഒരേ ആനയെ തന്നെ എത്രയോ പേരുകളിൽ നാം വിശേഷിപ്പിക്കുന്നു.എല്ലായിടത്തും ഗമിക്കുന്നതിനാൽ ആനയ്ക്ക് 'നാഗം" എന്ന് പേരുണ്ട്. വിശേഷേണ ജയിക്കുന്നതിനാൽ 'ഗജം" ബ്രഹ്മാവിന്റെ ഹസ്തത്തിൽ നിന്ന് ജനിച്ചതിനാൽ ഹസ്തി. ശത്രുസൈന്യത്തെ വാരണം ചെയ്യുന്നതിനാൽ വാരണം എന്നും വിശേഷിപ്പിക്കും. മാർഗത്തെ മർദ്ദിക്കുന്നതിനാൽ മാതാംഗം. അധികം  ദഹനമുള്ളതിനാൽ  കുഞ്ജരം. പാദത്തിന്റെ വേഗത കൊണ്ടും പത്മം (താമര) ഇഷ്ടമുള്ളതുകൊണ്ടും പദ്മി. കരങ്ങളുടെ വൈശിഷ്ട്യംകൊണ്ട്  'കരി" ദന്തങ്ങളുടെ വിശേഷതകൊണ്ട് ദന്തി എന്നുമൊക്കെ വിളിക്കാറില്ലേ. അതുപോലെ തറവാട്ടിലും ബന്ധുവീട്ടിലും സുഹൃത്തിന്റെ വീട്ടിലും നമ്മൾ പലതല്ലേ? പോറ്റിസാറിന്റെ അറിവ് കണ്ട് കുട്ടികൾ അതിശയിച്ചിരുന്നു.
സംശയം ചോദിച്ചാൽ അറിയില്ലെങ്കിൽ അറിയില്ല, നോക്കിപ്പറഞ്ഞുതരാം എന്ന് വിനയത്തോടെ പറയും. നെറ്റിചുളിച്ചു പിന്നെയും സംശയിച്ചു നിൽക്കുന്നവരോട് അറിവെന്നാൽ കടലാണ്. നമ്മുടെയുള്ളിൽ കടലില്ല. മഴത്തുള്ളികളേയുള്ളൂ. മഴത്തുള്ളി കടലെന്ന് ഭാവിക്കുന്നത് അറിവില്ലായ്മയാണ്. പഠിപ്പിച്ച ഗുരുക്കന്മാരുടെ കണ്ണികളിൽ പലരും പോറ്റിസാറിനെ തിളക്കമുള്ള കണ്ണിയായി ഗണിച്ചിരുന്നു. ഈയിടെ പത്രത്തിൽ ദശാബ്ദങ്ങൾക്ക് മുമ്പ് അറിവായി തിളങ്ങിയ അദ്ദേഹം ഒരു ചരമ കോളത്തിലൊതുങ്ങി നിന്നു.അറിവിന്റെ ചൈതന്യം പ്രസരിച്ച മുഖം. സ്വയം ഒരു മഴത്തുള്ളിയെന്ന്  വിശേഷിപ്പിച്ചെങ്കിലും അതിൽ മഴവില്ലുദിച്ചു  നിൽക്കും പോലെ തോന്നി.
(ഫോൺ: 9946108220)